ജില്ല ദുരന്ത നിവാരണ അതോറിറ്റി സംഘടിപ്പിച്ച മഴക്കാല മുന്നൊരുക്ക പരിശീലനം ജില്ല കലക്ടർ ഡി.ആർ. മേഘശ്രീ ഉദ്‌ഘാടനം ചെയ്യുന്നു

വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും മഴക്കാല മുന്നൊരുക്കം നടത്തണം -കലക്ടര്‍

കൽപറ്റ: മഴക്കാലത്തിന് മുന്നോടിയായി വിവിധ വകുപ്പുകളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും നിര്‍വഹിക്കേണ്ട മുന്നൊരുക്കം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ജില്ല കലക്ടര്‍ ഡി.ആര്‍. മേഘശ്രീ പറഞ്ഞു. ജില്ല ദുരന്ത നിവാരണ അതോറിറ്റി കലക്ടറേറ്റ് എ.പി.ജെ ഹാളിൽ വകുപ്പ് മേധാവികൾക്കായി സംഘടിപ്പിച്ച മഴക്കാല മുന്നൊരുക്കങ്ങളെക്കുറിച്ചുള്ള പരിശീലനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവർ. വെള്ളക്കെട്ടുണ്ടാകാന്‍ സാധ്യതയുള്ള ഇടങ്ങള്‍ കണ്ടെത്തി അത് ഒഴിവാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി.

ജല ശുചീകരണം, സ്‌കൂള്‍ കെട്ടിടങ്ങളുടെ സുരക്ഷ, സ്‌കൂളുകളിലെ കിണറുകളുടെയും കുടിവെള്ള ടാങ്കുകളുടെയും വൃത്തി ഉറപ്പുവരുത്തല്‍, പുഴകളുടെയും കനാലുകളുടെയും ശുചീകരണം, ഭീഷണിയായി നില്‍ക്കുന്ന മരങ്ങള്‍ മുറിക്കല്‍, അഴുക്കുചാല്‍ വൃത്തിയാക്കല്‍, റോഡ് സുരക്ഷ, മഴക്കാലരോഗ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു.കാലവര്‍ഷ-തുലാവര്‍ഷ മുന്നൊരുക്ക ദുരന്ത പ്രതികരണ മാർഗരേഖയില്‍ (ഓറഞ്ച് ബുക്ക്) പരാമര്‍ശിക്കും പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കലക്ടർ നിർദേശിച്ചു. മഴക്കാലത്ത് പകര്‍ച്ചവ്യാധി കൊണ്ടോ, മുങ്ങിമരണങ്ങള്‍ കൊണ്ടോ, മണ്ണിടിച്ചില്‍ മൂലമോ ഒരാള്‍ പോലും മരിക്കാന്‍ പാടില്ല.

ഭക്ഷ്യവിഷബാധ കേസുകള്‍ ഉണ്ടാകാതിരിക്കാന്‍ ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജാഗ്രത പാലിക്കണം. സ്‌കൂളുകള്‍ തുറക്കുന്നതിന് മുമ്പായി എല്ലാ സ്‌കൂളുകളിലെയും കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കണം. സ്കൂളുകളിലെ ടോയ്‍ലറ്റുകള്‍ വൃത്തിയുള്ളതാണെന്ന് ഉറപ്പുവരുത്തണം.ഹോര്‍ഡിങ്ങുകളും അപകടാവസ്ഥയിലുള്ള മറ്റു നിർമിതികളും ശക്തമായ കാറ്റിലും മഴയിലും വീഴാന്‍ സാധ്യതയുള്ളതിനാല്‍ അവ നീക്കം ചെയ്യണം. അപകടകരമായ രീതിയില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിക്കുകയോ അല്ലെങ്കില്‍ അവയുടെ ചില്ലകള്‍ വെട്ടിമാറ്റുകയോ ചെയ്യണം. ഇതിനായി തദ്ദേശ സ്ഥാപനങ്ങളില്‍ ട്രീ കമ്മിറ്റികള്‍ കൂടണം. ഓരോ പഞ്ചായത്തിലും കൃത്യമായ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്ഷന്‍ പ്ലാന്‍ ഉണ്ടായിരിക്കണം. കനത്ത മഴ പെയ്താല്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള സ്ഥലങ്ങള്‍, ഉരുള്‍പൊട്ടല്‍ അല്ലെങ്കില്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ എന്നിവ മുന്‍കൂട്ടി കണ്ട് മാപ്പിങ് നടത്തണമെന്നും കലക്ടര്‍ നിര്‍ദേശം നല്‍കി. ഉഷ്ണതരംഗം പ്രതിരോധ നടപടികളും യോഗം ചര്‍ച്ച ചെയ്തു. യോഗത്തില്‍ സബ് കലക്ടര്‍ അതുല്‍ സാഗര്‍, എ.ഡി.എം എ. ജയശ്രീ, ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഡെപ്യൂട്ടി കലക്ടര്‍ എം.കെ. ഇന്ദു, ഹസാര്‍ഡ് അനലിസ്റ്റ് അരുണ്‍ പീറ്റര്‍ എന്നിവര്‍ പങ്കെടുത്തു.

Tags:    
News Summary - Departments and local bodies should prepare for the rainy season - Collector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.