സ്മാര്‍ട്ടായി നഗരസഭകള്‍
കൽപറ്റ: പൊതുജനങ്ങള്‍ക്ക് അതിവേഗം സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കി സ്മാര്‍ട്ടായി നഗരസഭകള്‍. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ ഫയല്‍ രഹിത സേവനങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി കെ-സ്മാർട്ട് ഡിജിറ്റലൈസ് സംവിധാനം ജില്ലയിലെ മൂന്നു നഗരസഭയിലും പൂര്‍ത്തിയായി. തദ്ദേശ സ്ഥാപനങ്ങള്‍ മുഖേന നല്കുന്ന സേവനങ്ങളെ 35 മൊഡ്യൂളുകളായി തിരിച്ച് ഒറ്റ പ്ലാറ്റ്ഫോമിലൂടെ ഓണ്‍ലൈനായി ലഭ്യമാക്കുന്നതാണ് കെ-സ്മാർട്ട് പദ്ധതി.
പ്രവാസികള്‍ ഉള്‍പ്പടെ 24 പേരുടെ വിവാഹ രജിസ്ട്രേഷനാണ് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ നടന്നത്. മാനന്തവാടി-ഒമ്പത്, കല്പറ്റ- ഏഴ്, സുല്‍ത്താന്‍ ബത്തേരി-എട്ട് എന്നിങ്ങനെ വിവാഹ രജിസ്ട്രേഷനുകളാണ് ചെയ്തത്. വിദേശത്തുനിന്ന് ലോഗിന്‍ ഐഡി ഉപയോഗിച്ച് കെ.വൈ.സി വെരിഫിക്കേഷനിലൂടെ വിവാഹ രജിസ്ട്രേഷന് ഉൾപ്പെടെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും.
ഏപ്രില്‍ ഒന്നോടെ പഞ്ചായത്തുതലത്തിലേക്കും
ഏപ്രില്‍ ഒന്നോടെ കെ-സ്മാര്‍ട്ട് സംവിധാനം ഗ്രാമപഞ്ചായത്ത് തലത്തിലേക്കും വ്യാപിപ്പിക്കും. ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് കെ-സ്മാര്‍ട്ട് വികസിപ്പിച്ചത്. കെ-സ്മാര്‍ട്ട് ആപ്ലിക്കേഷനിലൂടെ സേവനങ്ങള്‍ക്കുള്ള അപേക്ഷകളും പരാതികളും ഓണ്‍ലൈനായി നല്‍കാനും അപേക്ഷ സംബന്ധിച്ച വിവരങ്ങള്‍ ഓണ്‍ലൈനായി അറിയാനും സാധിക്കും. അപേക്ഷയുടെ കൈപ്പറ്റ് രസീത് പരാതിക്കാരന്റെ/അപേക്ഷകന്റെ ലോഗിനിലും വാട്സ്ആപ്, ഇ-മെയില്‍ എന്നിവയില്‍ ലഭ്യമാകുന്ന ഇന്റഗ്രേറ്റഡ് മെസേജിങ് സംവിധാനം ഒരുക്കിയിട്ടുണ്ട്.
ജി.ഐ.എസ് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്ലോട്ടുകളുടെയും കെട്ടിടങ്ങളുടെയും വിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ തയാറാക്കുന്നതിലൂടെ വേഗത്തില്‍ കെട്ടിട നിർമാണ പെര്‍മിറ്റുകള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നു. കെ-സ്മാര്‍ട്ടിലെ നോ യുവര്‍ ലാന്‍ഡ് എന്ന ഫീച്ചറിലൂടെ ഒരു സ്ഥലത്ത് ഏതെല്ലാം തരത്തിലുള്ള കെട്ടിടങ്ങളാണ് നിർമിക്കാന്‍ കഴിയുകയെന്ന വിവരവും പൊതുജനങ്ങള്‍ക്ക് അറിയാം.
ആദ്യഘട്ടം എട്ടു സേവനങ്ങൾ
ജനന-മരണ-വിവാഹ രജിസ്ട്രേഷന്, ബിസിനസ് ഫെസിലിറ്റേഷന്‍, വസ്തു നികുതി, യൂസര്‍ മാനേജ്മെന്റ്, ഫയല്‍ മാനേജ്മെന്റ് സിസ്റ്റം, ഫിനാന്‍സ് മൊഡ്യൂള്‍, ബില്‍ഡിങ് പെര്മിഷന് മൊഡ്യൂള്‍, പൊതുജന പരാതി പരിഹാരം എന്നീ സേവനങ്ങളാണ് കെ-സ്മാര്‍ട്ടിലൂടെ ലഭ്യമാവുക.
ലക്ഷ്യം
തദ്ദേശ സ്ഥാപനങ്ങളില്‍നിന്നുള്ള സേവനങ്ങള്‍ ഓഫിസുകളിലെത്താതെ സമയബന്ധിതമായി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പ്രവാസികള്‍ക്ക് നേരിട്ടെത്താതെ അതത് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നുള്ള സേവനങ്ങള്‍ ലഭ്യമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.