കൽപറ്റ: നിങ്ങള്‍ക്കെല്ലാം സുഖമാണോ, നന്നായി പഠിക്കുന്നുണ്ടോ?. ചോദ്യം ഹിന്ദിയിലായിരുന്നെങ്കിലും തനിമലയാളത്തില്‍ തര്‍ജ്ജമ വന്നതോടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ ചോദ്യത്തിന് മറുപടിയായി നിറഞ്ഞ ചിരിയോടെ കുട്ടികളെല്ലാം തലയാട്ടി. കല്‍പ്പറ്റ നാരങ്ങാക്കണ്ടി കോളനിയിലെ പ്രത്യേക പരിശീലന കേന്ദ്രത്തിലെത്തിയ ഗവര്‍ണര്‍ കുട്ടികള്‍ക്കൊപ്പം സായാഹ്നം ചെലവിടുകയായിരുന്നു. നാടന്‍പാട്ടുകളും ഡാന്‍സുമൊക്കെയായി കുട്ടികളും ഗവര്‍ണര്‍ക്കൊപ്പം ചേര്‍ന്നതോടെ കോളനിക്കും സന്ദര്‍ശനം ആവേശമായി. കുട്ടികളുടെ കലാപരിപാടികള്‍ ഒരു മണിക്കൂറോളം ആസ്വദിച്ച ഗവര്‍ണര്‍ കുട്ടികള്‍ക്കെല്ലാം സമ്മാനമായി രാജ്ഭവന്‍റെ പേര് പതിച്ച പേനയും നല്‍കി.
തുടി താളവും വട്ടക്കളിയുമെല്ലാം ചേർന്ന് ഉത്സവാന്തരീക്ഷത്തോടെയാണ് കോളനിവാസികള്‍ ഗവര്‍ണറെ വരവേറ്റത്. കോളനിയിലെ ഗോത്രമിഷന്‍ സംഘം ഒരുക്കിയ ഗോത്ര വാദ്യങ്ങളുടെ അകമ്പടിയോടെയുള്ള സ്വീകരണം ഗവര്‍ണര്‍ക്കും വിസ്മയമായി. തുടിയുടെ താളത്തില്‍ ലയിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തുടി കൈയ്യില്‍ വാങ്ങി താളം പിടിച്ചു. ഗോത്ര ജീവിതത്തിന്‍റെ അടയാളങ്ങളായ കല്ലുമാലയും, വയനാടന്‍ മഞ്ഞള്‍ പൊടിയുമെല്ലാം ഗവര്‍ണര്‍ക്ക് സമ്മാനമായി കോളനിവാസികള്‍ നല്‍കി. കുട്ടികളെ മടിയിലിരുത്തിയും വിശേഷങ്ങള്‍ പങ്കുവെച്ചും കോളനിയുടെ അതിഥിയായി ഗവര്‍ണറും മാറി.
ഗവർണർ കൽപ്പറ്റ നാരങ്ങാക്കണ്ടി കോളനിയിൽ
വൈത്തിരി താലൂക്കിലെ ബി.ആർ.സിക്ക് കീഴിൽ മൂന്ന് പ്രാഥമിക വിദ്യാലയങ്ങളിലെ 26 കുട്ടികളാണ് ഈ പഠന കേന്ദ്രത്തിലുള്ളത്. ചടങ്ങിൽ കൽപറ്റ നഗരസഭ ചെയർമാൻ കെയംതൊടി മുജീബ്, വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ.വി ലീല, എസ്.എസ്.കെ ജില്ല പ്രോജക്ട് കോർഡിനേറ്റർ പി.ജെ ബിനേഷ് , എ.ഇ.ഒ വി.എം സൈമൺ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
രാജ്ഭവന്‍റെ പേര് പതിച്ച പേന ഗവര്‍ണര്‍ കുട്ടികള്‍ക്ക് സമ്മാനിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.