കൽപറ്റ: ജില്ല ഫിഷറീസ് വകുപ്പിലെ മത്സ്യത്തീറ്റ സബ്സിഡി വെട്ടിപ്പ് സംഭവത്തിൽ ഫിഷറീസ് ജോയന്റ് ഡയറക്ടർ റിപ്പോർട്ട് തേടി. ഉത്തരമേഖല ജോയന്റ് ഡയറക്ടർ ആർ. അമ്പിളിയാണ് അസി. ഡയറക്ടർ ഹാഷിക് ബാബുവിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്. സബ്സിഡി വെട്ടിപ്പും അഴിമതിയും വിശദമായി അന്വേഷിച്ച് ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. ജില്ല ഫിഷറീസ് വകുപ്പിൽ വൻ തുകയുടെ മത്സ്യത്തീറ്റ സബ്സിഡി വെട്ടിപ്പ് നടന്നതായും ഇതിന് ചില ഉദ്യോഗസ്ഥർ കൂട്ടുനിന്നതായുമുള്ള വിവരങ്ങൾ പുറത്തുവന്നതോടെയാണ് ഉത്തരമേഖല ജോയന്റ് ഡയറക്ടറുടെ നടപടി. ഫിഷറീസ് വകുപ്പിൽ നിന്ന് മത്സ്യവിത്തുകൾ വാങ്ങിയ കർഷകർക്ക് സബ്സിഡിയായി അനുവദിക്കുന്ന തുക തട്ടിയെടുക്കാൻ വ്യാജ ബില്ലുകൾ സംഘടിപ്പിച്ച് ഉദ്യോഗസ്ഥരുടെ സഹായത്തോടെ പലരും ലക്ഷങ്ങൾ തട്ടിയെന്നായിരുന്നു യൂനിറ്റ് ഇൻസ്പെക്ടറുടെ റിപ്പോർട്ട്. തീറ്റ കൃത്യമായി വാങ്ങുന്നുണ്ടോയെന്ന് പരിശോധിച്ച് ഉറപ്പുവരുത്തേണ്ട പ്രമോട്ടർമാരും കോഓഡിനേറ്റർമാരടക്കമുള്ളവർ അത് പരിശോധിക്കാതിരിക്കുകയോ ബോധപൂർവം തട്ടിപ്പിന് കൂട്ടുനിൽക്കുകയോ ചെയ്തുവെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. ഇതോടെയാണ് വയനാട്ടിലെ അസി. ഡയറക്ടറോട് ജോയന്റ് ഡയറക്ടർ റിപ്പോർട്ട് തേടിയത്.
മത്സ്യത്തീറ്റ സബ്സിഡിയിൽ അഴിമതി നടന്നതായും വ്യാജ ബില്ല് നൽകി സബ്സിഡി വാങ്ങുന്നതായും ഫിഷറീസ് ഡെവലപ്മെന്റ് ഓഫിസർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിന്മേൽ വിശദമായ അന്വേഷണം നടത്തി വ്യക്തമായ റിപ്പോർട്ട് ഏഴു ദിവസത്തിനകം സമർപ്പിക്കണമെന്നാണ് നിർദേശം. സബ്സിഡിയിനത്തിൽ ജില്ലയിലെത്തിയ ഒരു കോടി രൂപ 15 ദിവസത്തിനുള്ളിൽ വിതരണം ചെയ്തിരുന്നു. സംഭവത്തിൽ വിജിലൻസും കഴിഞ്ഞ ദിവസം അന്വേഷണമാരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.