റോഡിൽ അപകടകരമായ രീതിയിൽ റീൽസ് എടുത്ത യുവാവ് കോഴിക്കോട് ദാരുണമായി വാഹനമിടിച്ച് കൊല്ലപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. റീൽസ് എടുക്കുകയും അത് സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയുമെന്നത് തെറ്റല്ല. പക്ഷേ, സ്വന്തം ജീവനും മറ്റുള്ളവരുടെ സുരക്ഷയും കണക്കിലെടുക്കാതെയുള്ള റീൽസ്, വിഡിയോ ചിത്രീകരണം തടയുകതന്നെ വേണം. വയനാട്ടിലും അപകടകരമായ രീതിയിലുള്ള റീൽസ് ചിത്രീകരണമുണ്ട്. അതേക്കുറിച്ചുള്ള അന്വേഷണമാണിവിടെ...
സുൽത്താൻബത്തേരി: മുത്തങ്ങയിൽ കാട്ടാനയുമൊത്ത് സഞ്ചാരികൾ വിഡിയോ എടുക്കുന്നത് പതിവ് സംഭവമാണ്. നിരവധിപേർ ഭാഗ്യംകൊണ്ടു മാത്രമാണ് കാട്ടാനയുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ടിട്ടുള്ളത്. വലിയ നിയന്ത്രണം ഇക്കാര്യത്തിൽ വനം വകുപ്പ് വരുത്തിയിട്ടുണ്ടെങ്കിലും സഞ്ചാരികൾ അതൊന്നും കാര്യമാക്കുന്നില്ല. മുത്തങ്ങ മുതൽ കർണാടക ഭാഗത്തേക്ക് പോകുമ്പോൾ റോഡരികിൽ കാട്ടാനക്കൂട്ടങ്ങൾ സാധാരണ കാഴ്ചയാണ്.
വാഹനത്തിൽ സഞ്ചരിക്കുന്നവർ ഇതുകണ്ട് വിഡിയോ എടുക്കാൻ വണ്ടി നിർത്തി കാട്ടാനയുടെ അടുത്തേക്ക് പോകും. ഇതര സംസ്ഥാനക്കാരായ ടൂറിസ്റ്റുകളാണ് ഇക്കാര്യത്തിൽ മുന്നിൽ. വിഡിയോ വൈറലാകുമ്പോൾ പിന്നീട് അവരെ തിരഞ്ഞുപിടിച്ച് പിഴയടപ്പിക്കാൻ വനം വകുപ്പിന് ഏറെ മിനക്കെടേണ്ടി വരുന്നു. കഴിഞ്ഞ ജനുവരി അവസാനം ഇതേ രീതിയിലുള്ള സംഭവമുണ്ടായി.
വിഡിയോയിൽ കണ്ട കാർയാത്രക്കാരെ കർണാടക, ആന്ധ്ര സംസ്ഥാനങ്ങളിൽ വരെ വനം വകുപ്പിന് തിരയേണ്ടി വന്നു. മുത്തങ്ങ വനപ്രദേശം വഴി ഇരുചക്ര വാഹനങ്ങളിൽ കർണാടകയിലേക്ക് പോകുന്ന, ജില്ലക്ക് പുറത്തുനിന്നും ചുരം കയറി എത്തുന്ന യുവാക്കളായ സഞ്ചാരികളുടെ എണ്ണം നാൾക്കു നാൾ വർധിക്കുകയാണ്. വിഡിയോ ചിത്രീകരിക്കാൻ ഇത്തരം സഞ്ചാരികൾക്കും ഏറെ താൽപര്യമാണ്.
വെള്ളമുണ്ട: ബാണാസുര ഡാമിലെ വൃഷ്ടിപ്രദേശങ്ങളിൽ അനധികൃത റീൽസ് നിർമാണവും ഫോട്ടോ എടുപ്പും വ്യാപകമെന്ന് പരാതി. ജില്ലക്ക് പുറത്തുള്ളവരും അകത്തുള്ളവരും വ്യാപകമായി ഡാമിലിറങ്ങിയും അല്ലാതെയും റീൽസും ഫോട്ടോയുമെടുക്കുന്നത് അപകട ഭീഷണി ഉയർത്തുന്നുണ്ട്. ഡാമിലെ വൃഷ്ടി പ്രദേശത്തിനപ്പുറമുള്ള വനത്തിലും ആളുകൾ കയറുന്നത് പതിവുകാഴ്ചയാണെന്ന് നാട്ടുകാർ പറയുന്നു.
അണക്കെട്ടിലൂടെയാണ് വനത്തിൽ പ്രവേശിക്കുന്നതെന്നും പരാതിയുണ്ട്. രാത്രി വൈകി ഡാമിലിറങ്ങുന്ന സംഘത്തെ കുറിച്ചും അനധികൃത മീൻപിടിത്തത്തെ കുറിച്ചും മുമ്പ് പരാതി ഉയരുകയും പ്രത്യേക അന്വേഷണസംഘം അന്വേഷണം നടത്തുകയും ചെയ്തിരുന്നു. മീൻ പിടിച്ചും തീ കൂട്ടിയും ഫോട്ടോ എടുത്തും പകൽ മുഴുവൻ ഡാം പരിസരത്ത് ചെലവഴിക്കുന്നവർക്ക് ഒത്താശ ചെയ്യുന്നവരുമുണ്ട്. രാത്രി പരിശോധനക്ക് മാർഗമില്ലാത്തത് ഇത്തരം സംഘങ്ങൾക്ക് അനുഗ്രഹമാവുന്നു.
മീൻ പിടിക്കുന്നതിനിടെ വെള്ളത്തിൽ മുങ്ങി നിരവധിപേർ മരിച്ചിരുന്നു. ഈ അപകടത്തിനുശേഷമാണ് ഡാം വൃഷ്ടിപ്രദേശത്തേക്ക് പൊതുജനങ്ങൾ പ്രവേശിക്കുന്നത് കലക്ടർ കർശനമായി നിരോധിക്കുകയും ഈ പ്രദേശത്ത് കമ്പിവേലി സ്ഥാപിക്കുകയും ചെയ്തത്. ബഹുഭൂരിപക്ഷവും കൊട്ടത്തോണി മുങ്ങിയും ചങ്ങാടം മുങ്ങിയുമുള്ള അപകട മരണങ്ങളാണ്. മഞ്ഞൂറ, പത്താം മൈൽ, പതിനൊന്നാം മൈൽ തുടങ്ങിയ ഡാമിന്റെ വിവിധ ഭാഗങ്ങളിൽ കൊട്ടത്തോണികൾ ഉപയോഗിച്ച് വൈകുന്നേരങ്ങളിൽ മീൻ പിടിക്കുന്നത് പതിവായിരുന്നു. . ഹൈഡൽ ടൂറിസം കേന്ദ്രത്തിന് ഡി.ടി.പി.സി നൽകിയ സ്പീഡ് ബോട്ടാണ് അത്യാവശ്യ ഘട്ടങ്ങളിൽ ഡാം സുരക്ഷ പരിശോധനക്കായി ബോർഡ് ഉപയോഗിക്കുന്നത്. ഇത് പകൽ സമയത്ത് മാത്രമെ പ്രയോജനപ്പെടാറുള്ളൂ. രാത്രി പരിശോധിക്കാൻ ഒരു സംവിധാനവും ഡാമിലില്ല.
പൊഴുതന: വിനോദസഞ്ചാര മേഖലയിൽ ശ്രദ്ധയില്ലാതെ സെൽഫിയും റീൽസും എടുക്കുന്നത് വർധിച്ചതോടെ ഹൈറേഞ്ചിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ അപകടങ്ങൾ പതിയിരിക്കുന്നു. കഴിഞ്ഞ 10വർഷത്തിനുള്ളിൽ നിരവധി അപകടങ്ങളാണ് ജില്ലയിലുണ്ടായത്.
വിദൂര മേഖലകളിലെ ചെക്ക്ഡാമുകളിലും വെള്ളച്ചാട്ടങ്ങളിലും കുളിക്കാനിറങ്ങി അപകടത്തിൽപെടുന്നവരിൽ യുവാക്കളും വിദ്യാർഥികളുമാണ് ഏറെയും. വനാതിർത്തിയിൽ യാത്ര ചെയ്യുമ്പോൾ വന്യമൃഗങ്ങളുടെ ഫോട്ടോയും റീൽസും എടുക്കുന്നതു മൂലവും ആന, കാട്ടി തുടങ്ങിയ വന്യമൃഗങ്ങളുടെ ആക്രമണത്ത നിരവധി പേർ അകപ്പെട്ടിട്ടുണ്ട്.
സാഹസികത തേടുന്നതോടൊപ്പം പ്രകൃതിഭംഗി ഫോണിൽ പകർത്തുന്നതിനിടെ അറിയാതെ അപകടത്തിൽപെടുന്നവരിൽ ജില്ലക്ക് പുറത്തുള്ളവരാണ് ഏറെയും. ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയിൽ ഫോളോവേഴ്സ് വർധിപ്പിക്കുന്നതിന്റെ ഭാഗമായി എത്തുന്നവരാണ് അധികവും. വിനോദസഞ്ചാര കേന്ദ്രങ്ങളായ മീൻമുട്ടി, പൂക്കോട്, സൂചിപ്പാറ തുടങ്ങിയവക്ക് പുറമെ സ്വകാര്യ സാഹസിക കേന്ദ്രങ്ങളായ കുറിച്യർമല, ആനക്കുന്ന് തുടങ്ങിയ സ്ഥലങ്ങൾ വെള്ളവും താഴ്ചയും നിറഞ്ഞ സ്ഥലങ്ങളാണ്.
വിജനമായ മേഖലകളിൽ ചെക്ക്ഡാമുകൾക്ക് സമീപം അപകടസൂചന നൽകുന്ന ബോർഡുകളുമില്ല. ആഴമുള്ള ജലാശയങ്ങളിലും തീരത്തും പോകുന്നതിനും അപകടസാധ്യതയുള്ള അരുവികളിൽ സെൽഫി, റീൽസ് എന്നിവ എടുക്കാനും വിലക്കുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ അപകടമേഖലകളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാത്തതും ലൈഫ് ഗാർഡുകൾ അടക്കം സുരക്ഷ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കാത്തതും ഭീഷണിയായി മാറുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.