Representative Image

ഭക്ഷ്യ എണ്ണയുടെ പുനരുപയോഗം തടയാൻ നടപടി സ്ഥാപനങ്ങൾ രജിസ്​റ്റർ സൂക്ഷിക്കണം

കൽപറ്റ: ജില്ലയിലെ ഹോട്ടലുകൾ, ബേക്കറികൾ തുടങ്ങിയ സ്ഥാപനങ്ങളിൽ ഭക്ഷ്യ എണ്ണയുടെ പുനരുപയോഗം തടയുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പ് നടപടികൾ തുടങ്ങി. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളും ബേക്കറികളും പുനരുപയോഗ യോഗ്യമല്ലാത്ത എണ്ണ ശേഖരിക്കുന്നതിന് ഫുഡ് സേഫ്റ്റി ആൻഡ് സ്​റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ) അംഗീകൃത ഏജൻസികളുമായി മാത്രം കരാറിൽ ഏർപ്പെടണം.

പുനരുപയോഗ യോഗ്യമല്ലാതെ പുറംതള്ളിയ എണ്ണയുടെ കണക്ക് രേഖപ്പെടുത്തിയ രജിസ്​റ്ററും എണ്ണ ശേഖരിക്കുന്ന ഏജൻസിയെ സംബന്ധിച്ച വിവരങ്ങളും സ്ഥാപനങ്ങളിൽ സൂക്ഷിക്കണം. റൂക്കോ (റീ പർപ്പസ് യൂസ്ഡ് കുക്കിങ്​ ഓയിൽ) പദ്ധതിയാണ് ജില്ലയിൽ നടപ്പാക്കുന്നത്. ഈ പദ്ധതി പ്രകാരം അംഗീകൃത ഏജന്‍സികള്‍ ബേക്കറികളിൽനിന്നും ഹോട്ടലുകളില്‍നിന്നും ഒരു നിശ്ചിത തുക നല്‍കി പുനരുപയോഗ യോഗ്യമല്ലാത്ത എണ്ണ ശേഖരിക്കുകയും അത് ഭക്ഷ്യ സുരക്ഷ അതോറിറ്റിയുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ള ബയോഡീസൽ കമ്പനികള്‍ക്ക് നല്‍കുകയുമാണ് ചെയ്യുന്നത്.

ഹോട്ടലുകളിലും ബേക്കറികളിലുമുള്ള ഭക്ഷ്യ എണ്ണയുടെ പുനരുപയോഗം നിയന്ത്രിക്കുന്നതിനാണ് റൂക്കോ പദ്ധതി ജില്ലയിൽ നടപ്പാക്കുന്നത്. ഭക്ഷ്യവസ്തുക്കൾ ഉണ്ടാക്കുന്നതിനായി എണ്ണ പലതവണ ചൂടാക്കി ഉപയോഗിക്കുന്നത് അർബുദം പോലെയുള്ള രോഗങ്ങൾക്ക് കാരണമാകുന്നുണ്ട്. പുനരുപയോഗം നടത്താതെ ഇത്തരത്തില്‍ സ്ഥാപനങ്ങളില്‍നിന്നു ഒഴിവാക്കുന്ന ഭക്ഷ്യ എണ്ണ ഭക്ഷ്യഇതര ഉപയോഗത്തിന് എന്ന് ധരിപ്പിച്ച് വാങ്ങുന്നവര്‍ വഴി വീണ്ടും ഭക്ഷ്യ യൂനിറ്റുകളില്‍ എത്തുന്നതായി ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള എണ്ണയുടെ കൈമാറ്റത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷ ഓഫിസർ അറിയിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.