മാനന്തവാടി: രൂക്ഷമായ വന്യമൃഗശല്യവും പ്രതിസന്ധികളും നിരവധി പ്രശ്നങ്ങളും വയനാടിനെ വലക്കുമ്പോൾ കാലങ്ങൾക്ക് ശേഷം വയനാട്ടിൽ വന്ന മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലയിലുള്ളവരെ നിരാശരാക്കിയെന്ന് മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി. വയനാടിന്റെ വികസനത്തെക്കുറിച്ചോ പ്രശ്നങ്ങളെക്കുറിച്ചോ ഒരു വാക്കുപോലും ഉരിയാടാതെ ജനങ്ങളുമായി വനം മന്ത്രി സംവദിക്കും എന്നു പറയാൻ മാത്രമാണ് ലക്ഷങ്ങൾ മുടക്കി ഒരുക്കിയ വേദി അദ്ദേഹം ഉപയോഗിച്ചത്.
വന്യജീവി സംരക്ഷണ നിയമ ഭേദഗതിക്കായി എൽ.ഡി.എഫിലെ കക്ഷികൾ പോലും കേന്ദ്രത്തിൽ സമ്മർദം ചെലുത്തണമെന്ന് ആവശ്യപ്പെടുമ്പോൾ ഒരു ഉറപ്പും മുഖ്യമന്ത്രി നൽകിയില്ല. നഷ്ടപരിഹാര തുക വർധിപ്പിക്കൽ, കുടിശ്ശിക വിതരണം ചെയ്യൽ തുടങ്ങി കർഷകർ ആവശ്യപ്പെട്ട ഒരു കാര്യവും മുഖ്യമന്ത്രിയെ ധരിപ്പിക്കാൻ ജില്ലയിലെ എൽ.ഡി.എഫ് നേതൃത്വത്തിനായില്ല. ദീർഘനാളത്തെ സമരങ്ങൾക്ക് ശേഷം വയനാടിനായി വനം വകുപ്പ് നിയോഗിച്ച നോഡൽ ഓഫിസറുടെ നേതൃത്വത്തിൽ തയാറാക്കിയ മാസ്റ്റർ പ്ലാൻ സർക്കാറിന് ലഭിച്ചോ എന്നു പോലും പ്രതികരിച്ചില്ലെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
വന സൗഹൃദ സദസ്സുകൾ പ്രഹസനമാക്കി നടത്താതെ പ്രഖ്യാപിക്കുന്നവ നടപ്പാക്കാൻ സർക്കാർ ശ്രമിക്കണമെന്നും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. എം.ജി. ബിജു അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.