തരുവണ കൊടക്കാട് കുന്നിലെ തീപിടിത്തം
നാട്ടുകാർ അണക്കുന്നു
മാനന്തവാടി: വേനൽച്ചൂട് കനത്തതോടെ ജില്ലയിൽ പലയിടത്തും തീപിടിത്തം. അഗ്നിരക്ഷസേന, വനം വകുപ്പ്, നാട്ടുകാർ എന്നിവരുടെ ജാഗ്രതയാണ് പല അപകടങ്ങളിലും വൻ ദുരന്തം ഒഴിവാക്കുന്നത്.
വരയാൽ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ കണ്ണോത്തുമല ഭാഗത്ത് സ്വകാര്യ വ്യക്തികളുടെ തോട്ടങ്ങളിൽ തീപിടിച്ചു. എട്ട് ഏക്കറോളം പ്രദേശങ്ങളിൽ തീ പടർന്നുപിടിച്ചു. തോട്ടങ്ങളും കടന്ന് താമസസ്ഥലത്തേക്ക് തീപടർന്നോടെ നാട്ടുകാർ പരിഭ്രാന്തിയിലായി. തുടർന്ന് വരയാൽ ഫോറസ്റ്റ് സ്റ്റേഷൻ ജീവനക്കാർ, ഫയർ ഗാങ് അംഗങ്ങൾ എന്നിവരുടെ നേതൃത്യത്തിൽ തീപടരുന്നത് മണിക്കൂറുകളോളം പരിശ്രമിച്ച് നിയന്ത്രണവിധേയമാക്കി.
ശക്തമായ കാറ്റുണ്ടായിരുന്നതിനാൽ കൂടുതൽ പ്രദേശങ്ങളിലേക്ക് തീപടരാതിരിക്കാൻ വനംവകുപ്പ്, അഗ്നിരക്ഷസേന, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ മുൻകരുതൽ നടപടികൾ സ്വീകരിക്കുകയായിരുന്നു. സമയോചിത ഇടപെടലിൽ തീ മറ്റു സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാൻ കഴിഞ്ഞു. വരയാൽ ഫോറസ്റ്റ് സ്റ്റേഷൻ ഓഫിസർ എ. അനീഷ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
തരുവണ: പുലിക്കാട് കോടക്കാട് കുന്നിൽ വൻ തീപിടിത്തം. വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് തീപിടിത്തം ഉണ്ടായത്. രണ്ട് സ്വകാര്യ വ്യക്തികളുടെ രണ്ട് ഏക്കർ സ്ഥലം തീപടർന്ന് നശിച്ചു. നാട്ടുകാരുടെ സമയോചിത ഇടപെടലിലൂടെയാണ് കൂടുതൽ സ്ഥലങ്ങളിലേക്ക് തീപടരുന്നത് ഒഴിവാക്കിയത്.
മേപ്പാടി: പൂത്തകൊല്ലി എസ്റ്റേറ്റിന്റെ ഭാഗമായ എട്ട് ഏക്കറിൽ അടിക്കാടിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെയായിരുന്നു സംഭവം.
പൂത്തക്കൊല്ലി മദ്റസയുടെ താഴെ ഭാഗത്തായിട്ടാണ് തീപടർന്നത്. അര ഏക്കറോളം സ്ഥലത്താണ് തീപടർന്നത്. വലിയ തോതിൽ പുകയുയർന്നതോടെ നാട്ടുകാർ അഗ്നിശമന സേനയെ വിവരമറിയിച്ചു.
കൽപറ്റയിൽനിന്ന് ഫയർഫോഴ്സെത്തി നാട്ടുകാരുടെ സഹകരണത്തോടെ തീയണക്കുകയായിരുന്നു.
സമീപ പ്രദേശങ്ങളിൽ നിരവധി വീടുകൾ സ്ഥിതി ചെയ്യുന്നുണ്ട്. നാട്ടുകാരുടെ സമയോചിത ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.