മെലഡിക്കയുമായി എബിൻ പോൾ
മെലഡിക്കയിൽ സ്വയം പരിശീലിച്ച് സംഗീതമാലപിച്ച് സമൂഹമാധ്യമങ്ങളിൽ പുതിയ താരമാവുകയാണ് അമ്പലവയൽ സ്വദേശി എബിൻ പോൾ. മൂന്നു വർഷത്തോളം എബിൻ പോൾ റിയാദിൽ ജോലി ചെയ്തു. അന്ന് തനിച്ചായിരുന്നു താമസം.
പ്രവാസജീവിതത്തിനിടയിൽ ഏകാന്തതയിൽ ഒരു ടി.വി. പരിപാടി കാണുമ്പോൾ പിന്നണിഗായിക ശ്വേത മോഹൻ മെലഡിക്ക എന്ന സംഗീതോപകരണം വായിക്കുന്നത് കാണാനിടയായി. ആ ഉപകരണത്തോടുള്ള താൽപര്യത്തിൽനിന്ന് സ്വന്തമായി വാങ്ങി. പിന്നെ സ്വയം പരിശീലനമായിരുന്നു. 10 ദിവസംകൊണ്ട് ഒരു സിനിമ ഗാനം അതിൽ ആലപിച്ചുതുടങ്ങി.
മുറിയിൽ തനിച്ചിരിക്കുമ്പോഴെല്ലാം സ്വയം പരിശീലനം തുടങ്ങി. സ്മ്യൂൾ എന്ന സംഗീത ആപ്ലിക്കേഷനിലുള്ള പശ്ചാത്തല സംഗീതത്തിെൻറ സഹായത്തോടെയാണ് പരിശീലനം. സംഗീതത്തോടും ഉപകരണങ്ങളോടുമുള്ള അഭിനിവേശം മാത്രമായിരുന്നു എബിെൻറ കൈമുതൽ. വളരെ വേഗത്തിൽത്തന്നെ മെലഡിക്ക പൂർണമായും വഴങ്ങി.
മലയാളം, തമിഴ് ചലച്ചിത്രഗാനങ്ങൾ മെലഡിക്കയിൽ വായിക്കാമെന്നായി. തുടർന്ന് മെലഡിക്ക എന്ന തെൻറ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തതോടെ തരംഗമായി. പിന്നണിഗായകൻ ഉണ്ണി മേനോൻ, അപകടത്തിൽ മരിച്ച വയലിൻ സംഗീതജ്ഞൻ ബാലഭാസ്കർ എന്നിവർ അഭിനന്ദനസന്ദേശമയച്ചത് വലിയ പ്രോത്സാഹനമായതായി എബിൻ പറയുന്നു.
പിന്നാലെ വയലിൻ, ഓർഗൺ എന്നിവയിലും പരിശീലനം തുടങ്ങി. ഡിജിറ്റൽ പെയിൻറിങ്ങും സ്വയം പരിശീലിച്ചു. വയലിനിസ്റ്റ് അമ്പലവയലിലെ സൗണ്ട് എൻജിനീയറായിരുന്ന പരേതനായ വിനോദ് ലാലിെൻറ പ്രോത്സാഹനവും തുടക്കത്തിൽ എബിന് ലഭിച്ചിരുന്നു. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയനാണ് എബിൻ. അമ്പലവയൽ ആയിരംകൊല്ലി ഏറണാട്ട് പോൾ തോമസിെൻറയും റിട്ട. അധ്യാപിക ആലീസിെൻറയും മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.