നിലത്തിട്ട് ചവിട്ടി, മുഖത്തും തലക്കും അടിച്ചു, കാലുപിടിച്ച് മാപ്പുപറയിപ്പിച്ചു; വയനാട്ടിൽ 16കാരന് സഹപാഠികളുടെ ക്രൂരമർദനം

 കൽപറ്റ: വയനാട് കൽപ്പറ്റയിൽ സഹപാഠികളുടെ മർദനത്തിൽ 16കാരന് പരിക്കേറ്റു. ഫോണിൽ വിളിച്ചു വരുത്തി ഒരു കൂട്ടം വിദ്യാർഥികൾ 16കാരനെ മർദിക്കുകയായിരുന്നു. കൽപറ്റ നഗരത്തോട് ചേർന്ന ആളൊഴിഞ്ഞ ഗ്രൗണ്ടിലേക്കാണ് 16കാരനെ വിളിച്ചുവരുത്തിയത്.

ആക്രമണത്തിൽ വിദ്യാർഥിയുടെ മുഖത്തും തലക്കും പരിക്കേറ്റു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കുട്ടിയുടെ മുഖത്തും തലക്കും വടികൊണ്ട് അടിക്കുന്നതും കാലുപിടിച്ച് മാപ്പുപറയിപ്പിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. കഴിഞ്ഞ ബുധനാഴ്ച നടന്ന സംഭവമാണ് ഇപ്പോൾ പുറത്തായത്. സംഭവത്തിൽ കൽപ്പറ്റ പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. മർദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പൊലീസ് കേസെടുത്തത്. അക്രമിസംഘം തന്നെയാണ് ദൃശ്യങ്ങൾ പകർത്തിയത്. 

ഇരട്ടപ്പേര് വിളിച്ചെന്നാരോപിച്ചായിരുന്നു മർദനം. അടിക്കരുതെന്ന് പറഞ്ഞ് അപേക്ഷിച്ചിട്ടും മർദനം തുടർന്നു. വിദ്യാർഥികൾ തമ്മിലുണ്ടായ ചെറിയ വാക്തർക്കമാണ് മർദനത്തിൽ കലാശിച്ചത്. ഏഴു മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ ആണ് പുറത്തുവന്നത്. വലിയ വടിയുപയോഗിച്ചാണ് വിദ്യാർഥിയുടെ മുഖത്തും തലയിലും അടിക്കുന്നത്. മുഖത്ത് തൊഴിക്കുകയും നിലത്തുവീണപ്പോൾ നിർബന്ധിച്ച് കാലുപിടിച്ച് മാപ്പുപറയിപ്പിക്കുകയും ചെയ്യുന്നുണ്ട്.

മർദനത്തിന് ഇരയായ വിദ്യാർഥിയെയും അക്രമിസംഘത്തെയും പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി. പ്രതികൾ പ്രായപൂർത്തിയാകാത്തവരായതിനാൽ വിദ്യാർഥികളെ ജുവ​നൈൽ ഹോമിലേക്ക് മാറ്റി. 

 

Tags:    
News Summary - 16 year old brutally beaten by classmates in Wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.