നിപ: കേരളത്തിൽ നിന്ന് വരുന്നവർക്ക് 21ദിവസം നിരീക്ഷണം

ഗൂഡല്ലൂർ: കേരളത്തിൽ പോയി വരുന്നവരെ അതിർത്തികളിൽ കർശന പരിശോധനക്ക് വിധേയമാക്കണമെന്നും നിപ വൈറസ് ബാധയേറ്റ വരുമായി സമ്പർക്കത്തിൽ ഏർപ്പെട്ട വരെ 21ദിവസം നിരീക്ഷണത്തിൽ ഇരുത്തണമെന്നും സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്​ടർ ശെൽവ വിനായകം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് തമിഴ്​നാട്- കേരള അതിർത്തി ജില്ലകളായ കന്യാകുമാരി, തെങ്കാശി, തേനി, നീലഗിരി, കോയമ്പത്തൂർ ഉൾപ്പെടെയുള്ള ജില്ല ആരോഗ്യവകുപ്പ് അധികൃതർക്ക് നിർദേശം നൽകി. കോഴിക്കോട് ജില്ലയിൽ നിപ വൈറസ് മൂലം മരണം സംഭവിച്ചതിനെ തുടർന്നാണ് തമിഴ്നാട്ടിൽ ജാഗ്രത പാലിക്കാൻ നിർദേശിച്ചിരിക്കുന്നത്. ചെക്ക്പോസ്​റ്റുകളിൽ 24മണിക്കൂറും പരിശോധനയും ജാഗ്രത പാലിക്കണമെന്നും ഡയറക്​ടർ ഉത്തരവിട്ടു. രോഗലക്ഷണം ഉള്ളവരുടെ സാമ്പ്​ളുകൾ ശേഖരിച്ച് ചെന്നൈ ആരോഗ്യവകുപ്പ് കേന്ദ്രത്തിലേക്ക് അയക്കണം. അവിടെനിന്ന് പുണെയിലേ വൈറോളജി ലാബിലേക്ക് കൂടുതൽ പരിശോധനക്ക്​ അയക്കും. അതുവരെ രോഗലക്ഷണമുള്ളവർ നിരീക്ഷണത്തിൽ കഴിയണമെന്നും ഡയറക്​ടറുടെ ഉത്തരവിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.