സൈബര്‍ തട്ടിപ്പുകൾ: മുന്നറിയിപ്പുമായി സെമിനാര്‍

കൽപറ്റ: ദിനംപ്രതി സൈബര്‍ തട്ടിപ്പുകള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും ഇരയാകുന്നവര്‍ക്കും പൊതുസമൂഹത്തിനും മുന്നറിയിപ്പും ബോധവത്കരണവുമായി പൊലീസ് വകുപ്പിന്‍റെ സെമിനാര്‍ ശ്രദ്ധേയമായി. സംസ്ഥാന സര്‍ക്കാര്‍ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കല്‍പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ മൈതാനത്ത് നടക്കുന്ന എന്‍റെ കേരളം പ്രദര്‍ശന നഗരിയിലാണ്​ 'സൈബര്‍ കുറ്റകൃത്യങ്ങളും ഓണ്‍ലൈന്‍ തട്ടിപ്പുകളും' സെമിനാർ സംഘടിപ്പിച്ചത്​. പലതരം ഓണ്‍ലൈന്‍ തട്ടിപ്പുകളെക്കുറിച്ചും തന്ത്രപരമായ സൈബര്‍ അന്വേഷണങ്ങളും പൊലീസ് സൈബര്‍ ക്രൈം പ്രവര്‍ത്തനങ്ങളും സെമിനാറില്‍ ചർച്ചയായി. ലോകം കണ്ട പ്രധാന ഹാക്കര്‍മാരില്‍ ഒരാളായ ജോനാഥന്‍ ജോസഫ് ജെയിംസും ഇന്ത്യയുടെ ഓൺലൈന്‍ തട്ടിപ്പിന്‍റെ തലസ്ഥാനമെന്ന് കുപ്രസിദ്ധി നേടിയ ഝാര്‍ഖണ്ഡിലെ ജാംതാര എന്ന സ്ഥലവും സെമിനാറില്‍ വിഷയങ്ങളായി. സിനിമ ദൃശ്യങ്ങളിലൂടെയും കാര്‍ട്ടൂണുകളിലൂടെയും നടത്തിയ ബോധവത്കരണം സെമിനാറില്‍ പങ്കെടുത്തവര്‍ക്ക് വേറിട്ട അനുഭവമായി. യൂസര്‍ നെയിമും പാസ് വേഡും നിർമിക്കുമ്പോള്‍ കൂടുതലായും നമ്പറുകള്‍, സ്‌പെഷല്‍ കാരക്ടറുകള്‍ എന്നിവയ്ക്ക് പ്രാധാന്യം നൽകണം, ഒരേ പാസ് വേഡ് തന്നെ വ്യത്യസ്ത ഓണ്‍ലൈന്‍ അക്കൗണ്ടുകളില്‍ ഉപയോഗിക്കുന്ന പ്രവണതകള്‍ ഒഴിവാക്കണം, ഹാക്കിങ്​ ഒഴിവാക്കാന്‍ ഫ്രീ വൈ ഫൈ പരമാവധി ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം തുടങ്ങിയ പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചും സെമിനാർ ജാഗ്രത നിർദേശം നൽകി. ഏതെങ്കിലും വിധത്തിലുള്ള സൈബര്‍ ആക്രമണങ്ങള്‍ നേരിട്ടാല്‍ പൊലീസിന്‍റെ 1930 എന്ന നമ്പറില്‍ ബന്ധപ്പെടാം. വർധിച്ചുവരുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ സൈബര്‍ ഹൈജീന്‍ പാലിക്കാന്‍ ഏവരും തയാറാകണമെന്ന് സെമിനാർ ഉദ്​ഘാടനം ചെയ്ത ജില്ല പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാര്‍ പറഞ്ഞു. ജില്ലയിലെ സ്റ്റുഡന്‍റ്​ പൊലീസ് കാഡറ്റുകളും വിദ്യാര്‍ഥികളും പൊതുജനങ്ങളും സെമിനാറില്‍ പങ്കെടുത്തു. കൽപറ്റ ഡിവൈ.എസ്.പി എം.ഡി. സുനില്‍ അധ്യക്ഷത വഹിച്ചു. കല്‍പറ്റ സൈബര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി.കെ. ജിജീഷ് സെമിനാറില്‍ വിഷയാവതരണം നടത്തി. മാനന്തവാടി ഡിവൈ.എസ്.പി എ.പി. ചന്ദ്രന്‍, കല്‍പറ്റ പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ. പ്രമോദ്, കമ്പളക്കാട് ​പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ. സന്തോഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. SUNWDL11 സംസ്ഥാന സർക്കർ വാർഷികാഘോഷങ്ങളോടനുബന്ധിച്ച് കല്‍പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ മൈതാനത്ത് പൊലീസ് വകുപ്പ് നടത്തിയ സെമിനാർ ജില്ല പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാർ ഉദ്ഘാടനം ചെയ്യുന്നു ഷഹബാസിന്‍റെ ഗസലിൽ അലിഞ്ഞ്​ കൽപറ്റ കൽപറ്റ: ഉറക്കാന്‍ ഉമ്മ പാടിയ പാട്ടുകളില്‍ സംഗീതം കണ്ടെത്തിയ ബാല്യകാലത്തിന്റെ തനിമയിൽ ഷഹബാസ് പാടിയ വരികൾ പൂമഴയായി സദസ്സിനെ തൊട്ടുതലോടി. സംഗീതം പെയ്തിറങ്ങിയ എസ്​.കെ.എം.ജെ സ്കൂൾ മൈതാനിയിലെ എന്‍റെ കേരളം പ്രദർശനവേദിയിലെ നിറഞ്ഞ സദസ്സ്​ ആ പാട്ടുകാരന്‍റെ മാന്ത്രിക സ്വ​രമാധുരിയിൽ കോരിത്തരിച്ചു. താനെ തിരിഞ്ഞും മറിഞ്ഞും തൻ താമരമെത്തയിൽ .... മധുമാസ ചന്ദ്രിക എന്ന പ്രസിദ്ധമായ വരികൾ പാടി മലയാളത്തിലേക്ക് ഗസൽ സായാഹ്നത്തെ ഷഹബാസ് തിരിച്ചെത്തിച്ചു. പ്രണയത്തിന്‍റെയും വിരഹത്തിന്‍റെയും അനുഭൂതികൾ മലയാളികളിൽ സന്നിവേശിപ്പിച്ച മെലഡികളും ഗസലുകളും ഒഴുകിയെത്തി. കൂട്ടത്തിൽ ബാബുക്കയുടെ ഒരിക്കലും മരിക്കാത്ത പാട്ടുകളും. ഓരോ ഗാനവും ഹൃദയത്തിലേക്ക് ചേർത്തുവെച്ചാണ് സദസ്സ്​ നിറഞ്ഞ കൈയടിയോടെ സ്വീകരിച്ചത്​. കൽപറ്റ എസ്.കെ.എം.ജെ സ്കൂളിലെ മെഗാ എക്സിബിഷനിലെ വലിയ പവിലിയനെയും ഭേദിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നും ഗസൽ സായാഹ്നത്തിൽ ഷഹബാസിനെ കേൾക്കാൻ ആസ്വാദകർ ഒഴുകിയെത്തിയിരുന്നു. ജീവനുള്ള വരികളുടെ നിലയ്ക്കാത്ത താളത്തിൽ നറുനിലാവ് വിരിഞ്ഞ രാവ് പടരുന്നതുവരെയും പാട്ടുകളുടെ താളത്തിലായിരുന്നു സദസ്സ് മുഴുവനും. ഓടക്കുഴൽ മാന്ത്രികൻ രാജേഷ് ചേർത്തലയടക്കം പ്രമുഖരാണ് ഷഹബാസിന് പിന്നണി സംഗീതം നൽകിയത്. SUNWDL12 കൽപറ്റ എസ്​.കെ.എം.ജെ സ്കൂൾ മൈതാനിയിലെ എന്‍റെ കേരളം പ്രദർശന വേദിയിൽ ഷഹബാസ് അമന്‍ പാടുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.