മാനന്തവാടി നഗരസഭ പദ്ധതി വിഹിതം ചെലവഴിക്കുന്നതിൽ പരാജയം -സി.പി.എം

മാനന്തവാടി: പദ്ധതി വിഹിതം ചെലവഴിക്കുന്നതിൽ മാനന്തവാടി നഗരസഭ ഏറ്റവും പിറകിലാണെന്ന് സി.പി.എം കൗൺസിലർമാർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. 2021-22 സാമ്പത്തിക വർഷത്തെ പദ്ധതി അടങ്കൽ തുകയായ ഇരുപത്തിയൊന്നര കോടിയിൽ എട്ടര കോടി രൂപയും ചെലവാക്കിയിട്ടില്ല. കൃത്യമായ ആസൂത്രണമില്ലാതെ, തൻപ്രമാണിത്വം കാണിക്കാൻ തട്ടിക്കൂട്ടിയ പദ്ധതികളൊന്നും നടപ്പാക്കാൻ യു.ഡി.എഫ് ഭരണ സമിതിക്കായിട്ടില്ല. കഴിഞ്ഞ സാമ്പത്തികവർഷം അവതരിപ്പിച്ച ബജറ്റിൽ പറഞ്ഞ ഒരു കാര്യംപോലും നടപ്പാക്കാതെ പുറംചട്ട മാത്രം മാറ്റിയാണ് ഇപ്രാവശ്യവും ബജറ്റ്​ അവതരിപ്പിച്ചത്. ഏറ്റവും കൂടുതൽ പട്ടികവർഗ വിഭാഗമുള്ള മുനിസിപ്പാലിറ്റിയായിട്ടും ഒരു കോടി പതിനഞ്ച് ലക്ഷം രൂപ ഈയിനത്തിൽ ചെലവഴിച്ചില്ല. കാർഷിക മേഖലയിലും ക്ഷീരമേഖലയിലും കോടിക്കണക്കിന് രൂപ ചെലവാക്കാതെ കിടക്കുകയാണ്. പ്രഥമ എൽ.ഡി.എഫ് ഭരണ സമിതിയും എം.എൽ.എയും നടത്തിയ വികസന പ്രവർത്തനമല്ലാതെ യു.ഡി.എഫ് ഭരണം വന്നതിന് ശേഷം നഗരസഭയിൽ വികസനം ചൂണ്ടിക്കാണിക്കാൻ ഭരണസമിതിക്ക് കഴിയില്ലെന്നും ഇവർ ആരോപിച്ചു. വാർത്തസമ്മേളനത്തിൽ അബ്ദുൽ ആസിഫ്, വിപിൻ വേണുഗോപാൽ, വി.ആർ. പ്രവിജ്, സീമന്തിനി സുരേഷ്, വി.കെ. സുലോചന, സിനി ബാബു, ഷൈനി ജോർജ് തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.