നെന്മേനിക്ക് ലഭിച്ചത്​ ആറ്​ അവാർഡുകൾ

സുൽത്താൻ ബത്തേരി: ജില്ലയിലെ ഏറ്റവും മികച്ച ജൈവ പഞ്ചായത്തടക്കം കൃഷി വകുപ്പി‍​ൻെറ ആറ്​ അവാർഡുകൾ നെന്മേനിക്ക്. ജൈവ പഞ്ചായത്തിന് പുറമേ, മികച്ച കർഷകനുള്ള കർഷകോത്തമ അവാർഡ് ജോയ് പാലയൂർ, യുവ കർഷകനായി വിപിൻ മത്തായി, പച്ചക്കറി കർഷകനായി സുനിൽ കുമാർ മുതുകുളങ്ങര, വിദ്യാർഥി കർഷകൻ അശ്വിൻ ദേവ്, മികച്ച കൃഷി അസിസ്റ്റന്‍റ്​ എം.എൻ. പ്രഭാകരൻ, മികച്ച പച്ചക്കറി ക്ലസ്റ്ററിൽ മൂന്നാം സ്ഥാനം എന്നിവയാണ് നെന്മേനിക്ക് ലഭിച്ചത്. ജില്ലയിലെ ഏറ്റവും വലിയ ഗ്രാമപഞ്ചായത്തായ നെന്മേനിയിൽ 6948 ഹെക്ടർ കൃഷി ഭൂമിയാണുള്ളത്. ഇതിൽ 2130 ഹെക്ടർ ജൈവകൃഷി ഭൂമിയാക്കി മാറ്റിയതാണ് നെന്മേനിയെ അവാർഡിനർഹമാക്കിയത്. 560 രജിസ്റ്റേർഡ് കർഷകരടക്കം 1950 ജൈവ കർഷകരാണ് പഞ്ചായത്തിലുള്ളത്. ജൈവ ഉൽപാദന ഉപാധികളുടെ മേഖലയിൽ പഞ്ചഗവ്യം അടക്കം നിർമിക്കുന്ന അഞ്ച് യൂനിറ്റുകളും നെന്മേനിയിലുണ്ട്. വിഷരഹിതഭക്ഷണം എന്ന ലക്ഷ്യവുമായി ജൈവകൃഷി മേഖലയിൽ കൂടുതൽ കർഷകരെ ആകർഷിക്കുന്ന നൂതന പദ്ധതികൾക്ക് പുതിയ വർഷം രൂപം നൽകുമെന്ന് ഭരണസമിതി നേതൃത്വം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീല പുഞ്ചവയൽ വ്യക്തിഗത അവാർഡുകൾ വിതരണം ചെയ്തു. വൈസ് പ്രസിഡൻറ് ടിജി ചെറുതോട്ടിൽ അധ്യക്ഷതവഹിച്ചു. ബ്ലോക്ക്​​ പഞ്ചായത്ത് വൈസ് പ്രസിഡൻറ് അമ്പിളി സുധി, ജനപ്രതിനിധികളായ എടക്കൽ മോഹനൻ, ജയ മുരളി, കെ.വി. ശശി, സുജാത ഹരിദാസ്, പി.കെ. സത്താർ, പ്രസന്ന ശശീന്ദ്രൻ, കൃഷി ഓഫിസർ അനുപമ കൃഷ്ണൻ, അസി. കൃഷി ഓഫിസർമാരായ സുനിൽ കുമാർ, എം.എൻ. പ്രഭാകരൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.