നാട്ടുകാർ ചോദിക്കുന്നു; ശാലിനിക്ക് പ്രഖ്യാപിച്ച ആ രണ്ടു ലക്ഷം എവിടെ?

റഫീഖ് വെള്ളമുണ്ട വെള്ളമുണ്ട: ശാലിനി എന്ന ആദിവാസി പെൺകുട്ടിക്ക് പ്രഖ്യാപിച്ച ആ രണ്ടു ലക്ഷം ഏത് ബാങ്കിലാണ്...? വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ പുളിഞ്ഞാൽ ഗ്രാമത്തിലെ നാട്ടുകാർ ഈ ചോദ്യം ചോദിക്കാൻ തുടങ്ങിയിട്ട് ഒന്നര പതിറ്റാണ്ടിലധികമായി. ഭൂസമരത്തിൽ പങ്കെടുത്ത് പൊലീസ് മർദനത്തെ തുടർന്ന് രോഗിയായി മരിച്ച ശാന്തയുടെ മകൾ ശാലിനിക്ക് സർക്കാറിൽനിന്ന്​ നൽകുമെന്ന് പറഞ്ഞ രണ്ടു ലക്ഷം രൂപയാണ് പ്രഖ്യാപനത്തിലൊതുങ്ങിയത്. എ.കെ.എസി‍ന്റെ നേതൃത്വത്തിൽ 2003ൽ വെള്ളമുണ്ട പഞ്ചായത്തിലെ പുളിഞ്ഞാൽ നെല്ലിക്കച്ചാലിലെ സമര ഭൂമിയിൽ മറ്റുള്ളവർക്കൊപ്പം കുടിൽകെട്ടി താമസമാരംഭിച്ച ശാന്തയേയും മകളേയും അറസ്​റ്റ്​ ചെയ്ത് അന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയിരുന്നു. നിറ ഗർഭിണിയായിരുന്ന ശാന്ത രണ്ട് മാസത്തിലധികം നീണ്ട ജയിൽവാസത്തിനിടയിൽ ​പൊലീസ്​ മർദനത്തെ തുടർന്ന് രോഗിയായതും അവരുടെ ഗർഭം അലസിയതും വലിയ വാർത്തയായിരുന്നു. രോഗിയായ ശാന്ത ഒടുവിൽ ഭൂമിയെന്ന സ്വപ്നം ബാക്കിയാക്കി 2006ൽ ഈ ലോകത്തോട് വിട പറഞ്ഞു. ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ ശാന്തയുടെ മകൾ ശാലിനി എല്ലാറ്റിനും സാക്ഷിയായി ഇന്നും ജീവിക്കുന്നു. ശാന്ത മരിച്ച സമയത്ത് അമ്മക്കൊപ്പം സമരത്തിൽ പങ്കെടുത്ത ശാലിനി കുട്ടിയായിരുന്നു. അവളുടെ ഭാവി സുരക്ഷിതമാക്കുന്നതിന് രണ്ടു ലക്ഷം രൂപ സർക്കാർ നൽകുമെന്ന് സി.പി.എം പുളിഞ്ഞാലിൽ അന്ന് പ്രഖ്യാപനം നടത്തുകയും ഫ്ലക്സ് സ്ഥാപിക്കുകയും ചെയ്തിരുന്നതായി നാട്ടുകാർ പറയുന്നു. പ്രഖ്യാപിച്ച തുക ബാങ്കിലാണെന്നും ശാലിനിക്ക് 18 വയസ്സ്​ പൂർത്തിയാവുന്ന സമയത്ത് പിൻവലിക്കാമെന്നും പറഞ്ഞിരുന്നു. എന്നാൽ, രണ്ടു പതിറ്റാണ്ട് പൂർത്തിയായ സമയത്ത് ആ തുക ഏത് ബാങ്കിലാണെന്ന് പോലും ഈ കുടുംബത്തിനറിയില്ല. 22 വയസ്സ്​ പൂർത്തിയായ ശാലിനിയുടെ സ്വന്തം അക്കൗണ്ടിലേക്ക് ഇതുവരെ ആ തുക എത്തിയിട്ടില്ല. 18 വയസ്സ്​ പൂർത്തിയായതു മുതൽ ശാലിനിയും കുടുംബവും രണ്ടു ലക്ഷം എവിടെയെന്ന ചോദ്യവുമായി പാർട്ടി നേതാക്കളെ സമീപിച്ചെങ്കിലും വ്യക്തമായ മറുപടിയില്ല. വർഷങ്ങൾ നീണ്ട ഭൂസമരം വിജയിച്ചുവെങ്കിലും ഈ കുടുംബത്തെ പിന്നീട് പാർട്ടിയും മറന്നു. സമരക്കാർക്കെല്ലാം ഭൂമി വിതരണം നടത്തിയെങ്കിലും ശാന്തയെ എല്ലാവരും മറന്നു. സമരത്തിൽ പങ്കെടുത്ത് മർദനം ഏറ്റുവാങ്ങിയ ശാന്തയുടെ മകൾ ഒരുതുണ്ട് ഭൂമിപോലും ലഭിക്കാതെ നീതി കേടി‍ന്റെ നേർസാക്ഷ്യമായി സമരഭൂമിക്ക് സമീപത്തെ കോളനിയിലാണ്​ ഇപ്പോൾ ബന്ധുക്കളോടൊപ്പം കഴിയുന്നത്​. SUNWDL5 ശാലിനി വികസനം കാത്ത് വെങ്ങപ്പള്ളി അങ്ങാടി പിണങ്ങോട്​: വെങ്ങപ്പള്ളി പഞ്ചായത്തിൽ പിണങ്ങോട് കഴിഞ്ഞാൽ പ്രധാന ടൗണായ വെങ്ങപ്പള്ളി അങ്ങാടി കാലങ്ങളായി വികസന മുരടിപ്പില്‍. അത്യാവശ്യ സൗകര്യങ്ങള്‍ പോലുമില്ലാതെ ടൗണ്‍ കാലങ്ങളായി വീര്‍പ്പുമുട്ടുകയാണ്. കർണാടകയിലേക്കും കോഴിക്കോടേക്കുള്ള ദീര്‍ഘദൂര ബസുകളടക്കം കടന്നുപോകുന്ന ടൗണിലെ ഈ റൂട്ടിൽ ബസ്​സ്റ്റാൻഡ്​ പോയിട്ട് അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ ബസ് ഷെല്‍ട്ടര്‍ പോലും ഇല്ലെന്ന് നാട്ടുകാരുടെ പരാതി. കൽപറ്റ ഭാഗത്തേക്ക് പോകുന്ന യാത്രക്കാർ കടത്തിണ്ണകളിലാണ് ബസ്​ കാത്തുനില്‍ക്കുന്നത്. ഒരു ബസ് നിർത്തിയാൽ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്ന ടൗണിൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ദുരിതം അനുഭവിക്കുന്നു. റോഡ് നിർമാണം പൂർത്തിയായിട്ടും കൃത്യമായ ഓവുചാല്‍ സംവിധാനങ്ങളും ടൗണിലില്ല. മഴക്കാലത്ത് മലിനജലം റോഡില്‍കൂടി ഒഴുകുന്നത് തടയാന്‍ ഒരു ക്രമീകരണവും അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടില്ല. പൊഴുതന ജങ്​ഷനിൽ അപകട മുന്നറിയിപ്പ് ബോർഡുകൾ ഇല്ലാത്തതുമൂലം അപകടഭീഷണി ഏ​റെയാണ്​. ചികിത്സാ സൗകര്യങ്ങളുടെ സ്ഥിതിയാണ് ഏറെ ദയനീയം. നിലവിൽ ചെറിയ അസുഖം വന്നാൽ ബാവാടി സബ് സെന്‍ററും തെക്കുംതറ പി.എച്ച്.സിയുമാണ് അടുത്തുള്ളത്. മറ്റ്​ അസുഖബാധിതരായവര്‍ ചികിത്സക്കായി കിലോമീറ്റര്‍ അകലെയുള്ള കൽപറ്റ ജനറൽ ആശുപത്രിയെയാണ് സമീപിക്കുന്നത്. പ്രാഥമിക ചികിത്സാ സൗകര്യങ്ങള്‍ പോലും ഇല്ലാത്തതിനാല്‍ നൂറുകണക്കിന് രോഗികളാണ് ദുരിതംപേറുന്നത്. ഈ അടുത്ത് റോഡ് നവീകരണം ആരംഭിച്ചതോടെ ടൗണിലെ കടകളുടെ വലുപ്പം നേർ പകുതിയായി ചുരുങ്ങി. വിവിധ ആവശ്യങ്ങള്‍ക്ക് ഒട്ടേറെപേര്‍ നിത്യം വന്നുകൊണ്ടിരിക്കുന്ന ടൗണില്‍ പ്രാഥമികാവശ്യങ്ങള്‍ക്കുള്ള ശൗചാലയം നിർമിക്കാൻ അധികൃതർക്ക്​ കഴിഞ്ഞിട്ടില്ല. ടൗണി‍ന്റെ പ്രധാന ജങ്​ഷനുകളിൽ തെരുവുവിളക്കുകള്‍ ഇല്ലാത്തത് യാത്രക്കാർക്ക്​ പ്രയാസമുണ്ടാക്കുന്നു. SUNWDL6 വെങ്ങപ്പള്ളി അങ്ങാടി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.