റമദാൻ വെളിച്ചം

ആത്മീയാനുഭൂതികളുടെ പുണ്യമാസം വിശുദ്ധ റമദാനി​ൻെറ അനുഗൃഹീത സുദിനങ്ങളിലൂടെ വിശ്വാസി സമൂഹം ആവേശപൂർവം മുന്നോട്ടുപോവുകയാണ്. റമദാൻ വിശ്വാസിയെ സംബന്ധിച്ച് ആത്മീയാനുഭൂതിതന്നെയാണ്. ശരീരവും ആത്മാവും ചേർന്ന മനുഷ്യർ ശരീര സൗന്ദര്യത്തിലും അതി​ൻെറ പോഷണത്തിലും കൂടുതൽ ശ്രദ്ധിക്കുകയും ആത്മാവിനെ അവഗണിക്കുകയും ചെയ്യുന്ന രീതിയാണ് സാധാരണ സ്വീകരിക്കുന്നത്. അതുകൊണ്ടുതന്നെ മലീമസമായ ആത്മാവിൽ സൗന്ദര്യമുള്ള ശരീരവുമായാണ്​ അവൻ ജീവിക്കുന്നത്. ദൈവസന്നിധിയിൽ മനുഷ്യൻ പരിഗണിക്കപ്പെടുന്നത് ശരീര ഭംഗികൊണ്ടല്ല, ആത്മവിശുദ്ധിയാലാണെന്ന് കവി ഉണർത്തിയത് എത്ര സത്യമാണ്. മലിനമായ ആത്മാവിനെ ശുദ്ധീകരിക്കാനുള്ള പുണ്യദിനങ്ങളായാണ് വിശ്വാസി റമദാനിനെ കാണുന്നത്. അതിനായി ജാഗ്രതയോടെ ശ്രമിക്കുന്നവർക്ക്​ റമദാൻ ആത്മീയാനുഭൂതിയായിത്തീരും. മനുഷ്യ മനസ്സിനെ ബാധിക്കുന്ന ധാരാളം രോഗങ്ങളെകുറിച്ച് വിശുദ്ധ ഖുർആൻ സൂചന നൽകിയിട്ടുണ്ട്. പക, വിദ്വേഷം, അസൂയ, വക്രത, അഹങ്കാരം തുടങ്ങിയ രോഗങ്ങൾ ഹൃദയങ്ങളെ മലിനമാക്കുമെന്ന് പഠിപ്പിച്ച മുഹമ്മദ് നബി അത് പരിഹരിക്കാനുള്ള ഏറ്റവും നല്ല വഴി ഖുർആനാണെന്നുകൂടി സൂചിപ്പിച്ചു. ഒരിക്കൽ റസൂൽ പറഞ്ഞു: 'മനുഷ്യഹൃദയം ഇരുമ്പു തുരുമ്പു പിടിക്കുന്നതുപോലെ തുരുമ്പെടുക്കും. അനുചരർ ചോദിച്ചു: എങ്കിൽ അതിൽനിന്ന് രക്ഷനേടാനുള്ള വഴിയെന്താണ്? റസൂൽ പറഞ്ഞു: മരണത്തെ ഓർക്കുക, ഖുർആൻ പാരായണം ചെയ്യുക'. റമദാനി​ൻെറ ഏറ്റവും വലിയ പ്രത്യേകത ഖുർആൻ അവതരിച്ചുവെന്നതാണ്. അതിനാൽ വിശ്വാസികൾ റമദാനിൽ കൂടുതലായി ഖുർആൻ പാരായണം ചെയ്യാനും അതി​ൻെറ ആശയങ്ങൾ ഗ്രഹിക്കാനും ശ്രദ്ധിക്കുന്ന മാസമാണ്. അതിലൂടെ ഹൃദയശുദ്ധി വരുത്തി നല്ല മനുഷ്യരാവാൻ വിശ്വാസിക്ക് കഴിയും. അതിനായി ജീവിതത്തിലെ ഭൗതിക കാര്യങ്ങളെ ക്രമീകരിച്ച് റമദാനി​െന പ്രയോജനപ്പെടുത്താൻ മുഴുവൻ വിശ്വാസികളും ജാഗ്രത കാണിക്കണം. റമദാൻ ആത്മീയാനുഭൂതിയായി പരിവർത്തിപ്പിക്കാൻ വിശ്വാസികൾക്ക് കഴിയട്ടെ എന്ന് ആശിക്കുന്നു; പ്രാർഥിക്കുന്നു. WDL1 TP yunus: ടി.പി. യൂനുസ്​ ജമാഅത്തെ ഇസ്​ലാമി വയനാട്​ ജില്ല പ്രസിഡൻറ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.