യുവാവിനെ കുത്തിക്കൊന്ന കേസ്: പ്രതി കുറ്റക്കാരൻ

തലശ്ശേരി: മാനന്തവാടി കാട്ടിക്കുളത്തെ എടവാട്ടൻ നാസറിനെ (36) കുത്തിക്കൊന്ന കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി. പയ്യന്നൂർ പിലാത്തറ താഴത്തെ പുരയിൽ ടി.പി. ശിവാനന്ദൻ എന്ന പ്രകാശനാണ് (49) പ്രതി. ഇയാൾ കുറ്റം ചെയ്‌തതായി രണ്ടാം അഡീഷനൽ ജില്ല സെഷൻസ് (രണ്ട്‌) ജഡ്‌ജി കെ. ഷൈൻ കണ്ടെത്തി. ശിക്ഷ ബുധനാഴ്‌ച വിധിക്കും. 2006 ജനുവരി എട്ടിന് ഉച്ചക്ക് രണ്ടരയോടെ കൊട്ടിയൂർ ക്ഷേത്രത്തിനടുത്ത റോഡിലായിരുന്നു കൊലപാതകം. ഇറച്ചിക്കട ഉടമയാണ് കൊല്ലപ്പെട്ട നാസർ. കൊട്ടിയൂർ ചുങ്കക്കുന്നിലെ ഇറച്ചിക്കടയിൽനിന്ന്‌ മോട്ടോർ ബൈക്കിൽ മാനന്തവാടിയിലേക്ക് പോകവേ പ്രതി ബൈക്ക് തടഞ്ഞുനിർത്തി കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയെന്നാണ്‌ കേസ്. ശിവാനന്ദന്റെ ഭാര്യയും കൊല്ലപ്പെട്ട നാസറും തമ്മിൽ ബന്ധമുണ്ടെന്ന സംശയത്തിലായിരുന്നു കൊലപാതകം. നാസറിന്റെ കടയിൽ ജോലി ചെയ്‌ത കൊയിലേരി പയ്യംപള്ളി ചീരാംകുഴിയിൽ ജോണിയുടെ പരാതിയിലാണ്‌ കേസെടുത്തത്‌. 26 സാക്ഷികളെ വിസ്‌തരിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ ഡിസ്ട്രിക്ട് ഗവ. പ്ലീഡർ കെ.പി. ബിനീഷ ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.