P3 Lead Package ബഫർ സോൺ: രാഷ്ട്രീയക്കാർ ജനങ്ങളെ വിഡ്ഢികളാക്കുന്നു -വ്യാപാരികൾ ജില്ലയിൽ ബഫർ സോൺ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച ഹർത്താലുകൾ പിൻവലിക്കണം കൽപറ്റ: വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റുമുള്ള ബഫർ സോണുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ വിധിക്കുപിന്നാലെ ഇടത്, വലത് വ്യത്യാസമില്ലാതെ ജില്ലയിലെ രാഷ്ട്രീയക്കാർ ജനങ്ങളെ വിഡ്ഢികളാക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റി ആരോപിച്ചു. ജില്ലയെ ഒന്നാകെ തകർക്കുന്ന ബഫർ സോൺ നടപടികളെ കക്ഷി രാഷ്ട്രീയ ചിന്താഗതികളും താൽപര്യങ്ങളും മാറ്റിവെച്ച് ഒരുമിച്ചുനിന്ന് പരിഹാരം കണ്ടെത്തുന്നതിന് പകരം ഓരോ പാർട്ടിയും സ്വന്തം നിലക്ക് ബന്ദും ഹർത്താലും പ്രഖ്യാപിച്ച് പ്രശ്നത്തിൽ ഇടപെട്ടുവെന്ന് വരുത്തിത്തീർക്കുകയാണ്. ജില്ലയിൽ രാഷ്ട്രീയ പാർട്ടികൾ ബഫർ സോൺ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച ഹർത്താലുകൾ പിൻവലിക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു. സുപ്രീംകോടതി വിധിയെ മറികടക്കാൻ ഇരകളെ തന്നെ അനാവശ്യമായി വീണ്ടും വീണ്ടും പീഡിപ്പിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ വഞ്ചനാ നയങ്ങൾ തിരുത്തണം. ജില്ലാ തലത്തിലും പ്രാദേശിക തലത്തിലും ഹർത്താൽ നടത്തി ചെറുകിട കച്ചവടക്കാരുടെയും സാധാരണ ജനങ്ങളുടെയും അന്നംമുടക്കിയാൽ കോടതിവിധി പുനഃപരിശോധിക്കുമെന്നാണ് ഇക്കൂട്ടർ വ്യാമോഹിക്കുന്നത്. ആറളം വന്യജീവി സങ്കേതം, മലബാർ വന്യജീവി സങ്കേതം, വയനാട് വന്യജീവി സങ്കേതം തുടങ്ങി മൂന്നു വന്യജീവി സങ്കേതങ്ങളുടെയും അതിർത്തിയിൽനിന്ന് ഒരു കിലോമീറ്റർ ദൂരം പരിസ്ഥിതി ലോല മേഖലയാക്കി മാറ്റിയാൽ വയനാട്ടിലെ ജനവാസകേന്ദ്രങ്ങളിൽ ജീവിക്കുന്ന ജനങ്ങളെ അതിഗുരുതരമായി ബാധിക്കും. വയനാടിനെ തകർക്കുന്ന ഈ വിധിയെ രാഷ്ട്രീയ ഇച്ഛാ ശക്തിയോടെ വിലയിരുത്തി സർവ കക്ഷികളും ഒരുമനസ്സോടെ ഏകോപിച്ച് ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകുകയാണ് വേണ്ടത്. ജില്ലയിൽ എൽ.എ പട്ടയഭൂമിയിലും വയനാട് കോളനൈസേഷൻ ഭൂമിയിലും സംസ്ഥാന റവന്യു വകുപ്പ് ഉദ്യോഗസ്ഥർ നടപ്പാക്കിയ നിർമാണ നിരോധനം നീക്കാൻ ചെറുവിരൽ പോലും അനക്കാത്തവരാണ് വയനാട്ടിലെ ഭരണ-പ്രതിപക്ഷ കക്ഷികൾ. സുപ്രീം കോടതി വിധിയിൽ ഇളവുകൾ ലഭിക്കാൻ കേന്ദ്ര എംപവേഡ് കമ്മിറ്റി, കേന്ദ്ര വനം-പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന വകുപ്പുകളെ സമീപിച്ച് നിർദേശങ്ങൾ നൽകണമെന്ന് കോടതിവിധിയിൽ തന്നെ പറഞ്ഞിട്ടുള്ളതാണ്. ജില്ലയിലെ രാഷ്ട്രീയ നേതൃത്വങ്ങൾ സംസ്ഥാന സർക്കാറുമായി ആലോചിച്ച് നിയമപരമായി ശാശ്വത പരിഹാരമാർഗങ്ങൾ തേടണം. വയനാട്ടിലെ രാഷ്ട്രീയ നേതൃത്വങ്ങൾ വിഘടിച്ചുനിന്ന് 766 ദേശീയ പാതയിലെ രാത്രിയാത്ര നിരോധനത്തെ സാധൂകരിച്ച സാഹചര്യം മറക്കരുതെന്നും ജില്ല ഭാരവാഹികൾ പറഞ്ഞു. ജില്ല പ്രസിഡന്റ് കെ.കെ. വാസുദേവൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഒ.വി. വർഗീസ്, ട്രഷറർ ഇ. ഹൈദ്രു, കെ. ഉസ്മാൻ, കെ. കുഞ്ഞിരായിൻ ഹാജി, ജോജിൻ ടി. ജോയ്, പി.വി. മഹേഷ്, പി.വൈ. മത്തായി, സി.വി. വർഗീസ് എന്നിവർ സംസാരിച്ചു. കേവല ധാരണയില്ലാത്ത ആളാണ് രാഹുല്‍ ഗാന്ധിയെന്ന് സി.പി.എം ജില്ല സെക്രട്ടറി കൽപറ്റ: സുപ്രീംകോടതി പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച വിധി സംബന്ധിച്ച രാഹുല്‍ ഗാന്ധി എം.പിയുടെ പ്രസ്താവന ഇക്കാര്യത്തിൽ കേവല ധാരണപോലുമില്ലാത്ത ആളാണ് അദ്ദേഹമെന്ന് വെളിവാക്കുന്നതായി സി.പി.എം വയനാട് ജില്ല സെക്രട്ടറി പി. ഗഗാറിന്‍. കോടതിവിധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാറില്‍ സമ്മർദം ചെലുത്തുന്നതിനാവശ്യമായ പ്രക്ഷോഭങ്ങള്‍ക്ക് ഡല്‍ഹിയിലടക്കം നേതൃത്വം നല്‍കേണ്ട ലോക്‌സഭാംഗം കേരള മുഖ്യമന്ത്രിക്ക് കത്ത് നല്‍കി എന്നാണ് പറയുന്നത്. മുഖ്യമന്ത്രി കേരള സര്‍ക്കാറിന്റെ ഇക്കാര്യത്തിലുള്ള നിലപാട് വ്യക്തമാക്കിയതാണ്. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ വിചാരിച്ചാല്‍ വിധിയെ മറികടക്കാന്‍ നിയമം സൃഷ്ടിക്കാന്‍ കഴിയും. എല്ലാം സംസ്ഥാന സര്‍ക്കാറിന്റെ തലയില്‍ കെട്ടിവെക്കാനുള്ള കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ താല്‍പര്യമാണ് രാഹുല്‍ ഗാന്ധി എം.പി സംരക്ഷിക്കുന്നതെന്നും ഗഗാറിൻ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. സംസ്ഥാന സർക്കാറിന്റെ വീഴ്ചയെന്ന് ബി.ജെ.പി കൽപറ്റ: ബഫർ സോൺ വിഷയത്തിൽ സുപ്രീം കോടതി വിധി സംസ്ഥാന സർക്കാറിന്റെ വീഴ്ചയെ തുടർന്നാണെന്ന് ബി.ജെ.പി നേതാക്കൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. 2004ൽ സംസ്ഥാന സർക്കാർ സംരക്ഷിത വനമേഖലക്ക് ചുറ്റുമുള്ള പ്രദേശങ്ങളെ ഒരു കിലോമീറ്റർ ദൂരപരിധി നിശ്ചയിച്ച് നൽകിയ റിപ്പോർട്ട് ആണ് സുപ്രീംകോടതി വിധിക്ക് അടിസ്ഥാനം. സംസ്ഥാന സർക്കാറിന്റെ പരാജയം മറച്ചുവെക്കാനാണ് സി.പി.എം സമര പരിപാടികളുമായി മുന്നോട്ടുപോകുന്നത്. നാളത്തെ വയനാട് ഹർത്താൽ പ്രഹസനം മാത്രമാണ്. സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ നിയമപരമായി സമീപിച്ച് ജനതാൽപര്യം സംരക്ഷിക്കണം. കോടതിയുടെയും കേന്ദ്ര സർക്കാറിന്റെയും നിർദേശങ്ങളും അറിയിപ്പുകളും മാനിക്കാതെ കേരളം മാറി മാറി ഭരിച്ച മുന്നണികൾ വരുത്തിയ വീഴ്ചകളാണ് വിധിക്ക് ആധാരം. സർക്കാറിന്റെ വീഴ്ച മറച്ചുവെക്കാനുള്ള സർവകക്ഷി സമര പരിപാടികളിൽ ബി.ജെ.പി പങ്കെടുക്കില്ല. വിഷയത്തിൽ രാഹുൽ ഗാന്ധി എം.പിയുടെ മൗനം ബി.ജെ.പി ചോദ്യംചെയ്യും. ശനിയാഴ്ച സുൽത്താൻ ബത്തേരി സ്വതന്ത്ര മൈതാനിയിൽ രാവിലെ 10 മുതൽ അഞ്ചുവരെ സൂചന സത്യഗ്രഹ സമരം നടത്തും. കൽപറ്റയിൽ സായാഹ്ന ധർണയും സംഘടിപ്പിക്കും. 16ന് ശേഷം പഞ്ചായത്ത് തലത്തിൽ സമര പ്രഖ്യാപന കൺവെൻഷനുകളും നടക്കും. ജില്ല പ്രസിഡന്റ് കെ.പി. മധു, ജനറൽ സെക്രട്ടറി കെ. ശ്രീനിവാസൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.