*സര്‍ഫാസി വിരുദ്ധ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും കൽപറ്റ: ജപ്തി നടപടികള്‍ നിര്‍ത്തിവെക്കുക, കര്‍ഷക വിരുദ്ധവും ജനവിരുദ്ധവുമായ സര്‍ഫാസി നിയമം റദ്ദാക്കുക, കര്‍ഷകരുടെ കടം എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സമരരംഗത്തിറങ്ങുമെന്ന് സര്‍ഫാസി വിരുദ്ധ സംഘാടക സമിതി. സമിതിയുടെ നേതൃത്വത്തിൽ ഉടൻ സര്‍ഫാസി വിരുദ്ധ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ കുന്നേല്‍ കൃഷ്ണന്റെ നേതൃത്വത്തിൽ ഭാരവാഹികൾ അറിയിച്ചു. സര്‍ഫാസി നിയമത്തിന്റെ വ്യവസ്ഥകള്‍ ഉപയോഗിച്ച് നടത്തുന്ന ജപ്തി നടപടികള്‍ ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും അടിയന്തരമായി നിര്‍ത്തിവെച്ചില്ലെങ്കിൽ ഉപരോധമടക്കമുള്ള സമരത്തിലേക്ക് നീങ്ങും. കാര്‍ഷിക സബ്‌സിഡി വെട്ടിക്കുറക്കൽ, ഉൽപാദന ചെലവുവർധന, കാര്‍ഷികോൽപന്നങ്ങള്‍ക്ക് ന്യായവിലയില്ലാത്ത സാഹചര്യം, സര്‍ക്കാറുകളുടെ തെറ്റായ കാര്‍ഷിക, സാമ്പത്തിക നയങ്ങൾ, കോവിഡ് പ്രതിസന്ധി എന്നിവക്കുപുറമെ സര്‍ഫാസി നിയമവും കര്‍ഷകരെ ദുരിതത്തിലാക്കുകയാണ്. ജില്ലയില്‍ മാത്രം 4000ത്തിലധികം കര്‍ഷകര്‍ക്ക് സര്‍ഫാസി നിയമപ്രകാരം ജപ്തി നോട്ടീസ് ലഭിച്ചിട്ടുണ്ട്. 2000 കേസുകളിൽ ജപ്തി നടപടികൾ ആരംഭിച്ചു. കൂടുതല്‍ ആളുകളെ വഴിയാധാരമാക്കാനും ആത്മഹത്യയിലേക്ക് തള്ളിവിടാനും മാത്രമേ ഈ നടപടികള്‍ വഴിയൊരുക്കൂ. സര്‍ഫാസി നിയമം റദ്ദാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തരമായി നടപടി സ്വീകരിക്കണം. കണ്‍വീനര്‍മാരായ തോമസ് അമ്പലവയല്‍, സുലോചന രാമകൃഷ്ണന്‍, സാം പി. മാത്യു, ജോസ് വാധ്യാപ്പിള്ളി, എ.എന്‍. സലീം കുമാര്‍, എന്‍.കെ. അജയകുമാര്‍ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. ---------------------------------------------------------------- ദുരന്തനിവാരണ രംഗത്ത് പ്രവര്‍ത്തിക്കാന്‍ എ.കെ.ജി ബ്രിഗേഡ് കൽപറ്റ: ദുരന്തനിവാരണ രംഗത്ത് പ്രവര്‍ത്തിക്കാന്‍ സി.പി.എം കൽപറ്റ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എ.കെ.ജി ബ്രിഗേഡ് രൂപവത്കരിക്കുമെന്ന് നേതാക്കൾ അറിയിച്ചു. ജാതി, മത ചിന്തകള്‍ക്കതീതമായ ജനകീയ ഇടപെടലാണ് ബ്രിഗേഡിലൂടെ ഉദ്ദേശിക്കുന്നത്. പരിശീലന ക്യാമ്പ് വെള്ളിയാഴ്ച രാവിലെ 10ന് പുത്തൂര്‍വയല്‍ എം.എസ്. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ ഹാളില്‍ നടക്കും. സി.പി.എം ജില്ല സെക്രട്ടറി പി. ഗഗാറിന്‍ ഉദ്ഘാടനം ചെയ്യും. ഡോക്ടര്‍മാരും ദുരന്തനിവാരണ വിദഗ്ധരും ക്ലാസെടുക്കും. ഏരിയ കമ്മിറ്റിക്കു കീഴിലെ എട്ടു ലോക്കല്‍ കമ്മിറ്റികളില്‍നിന്നുള്ള 100 അംഗങ്ങൾ ഉൾപ്പെട്ടതാണ് എ.കെ.ജി ബ്രിഗേഡ്. ഒരു ലോക്കലില്‍നിന്ന് 10 പുരുഷന്മാരും രണ്ടു വനിതകളുമാണ് അംഗങ്ങള്‍. പ്രകൃതിദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍, ആക്‌സിഡന്റ് കെയര്‍ പ്രവര്‍ത്തനങ്ങള്‍, രക്തദാനം, പെയിന്‍ ആൻഡ് പാലിയേറ്റിവ് പ്രവര്‍ത്തനം തുടങ്ങിയവയില്‍ സേന സജീവമാകും. കൽപറ്റ ടൗണില്‍ ഭക്ഷണപ്പൊതികള്‍ ശേഖരിച്ച് വിതരണം ചെയ്യുന്നതിന് കൗണ്ടര്‍ തുടങ്ങും. ഏരിയ സെക്രട്ടറി വി. ഹാരിസ്, കെ.എം. ഫ്രാന്‍സിസ്, എം.ഡി. സെബാസ്റ്റ്യന്‍, പി.എം. സന്തോഷ്‌കുമാര്‍, പി.സി. ഹരിദാസ്, സി. ഷംസുദ്ദീന്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു. --------------------------------- നീലഗിരി കോളജില്‍ രാജ്യാന്തര ഫുട്‌ബാൾ 29 മുതല്‍ കൽപറ്റ: ഭാവിതാരങ്ങള്‍ക്ക് പ്രചോദനം പകരുകയെന്ന ലക്ഷ്യവുമായി താളൂർ നീലഗിരി ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളജിൽ രാജ്യാന്തര ക്ലബ് ഫുട്‌ബാള്‍ ചാമ്പ്യന്‍ഷിപ്പിന് പന്തുരുളുന്നു. കോളജിലെ സ്‌പോര്‍ട്‌സ് അക്കാദമിയുടെ നേതൃത്വത്തിൽ ഈമാസം 29 മുതല്‍ താളൂര്‍ കാമ്പസിലെ ഫ്ലഡ്‌ലിറ്റ് സ്‌റ്റേഡിയത്തിലാണ് ടൂര്‍ണമെന്റ് നടക്കുക. അണ്ടര്‍ 17 വിഭാഗത്തില്‍ നടക്കുന്ന രാജ്യാന്തര ചാമ്പ്യന്‍ഷിപ്പിനുപുറമെ കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ വിവിധ ടീമുകളെ അണിനിരത്തിയുള്ള സീനിയര്‍ ചാമ്പ്യന്‍ഷിപ്പും നടക്കും. അണ്ടര്‍ 17 വിഭാഗത്തില്‍ ജോഗ സ്‌പോര്‍ട്‌സ് സിറ്റി, ലക്ഷദ്വീപ് എഫ്.സി, അല്‍ ഇത്തിഹാദ് എഫ്.സി, സി.എഫ്.എഫ്.എ ദുബൈ, കോവളം എഫ്.സി, വി.എഫ്.എ വാണിയമ്പലം, ഐഫ പാലക്കാട്, നീലഗിരി കോളജ് സ്‌പോര്‍ട്‌സ് അക്കാദമി എന്നീ ടീമുകളാണ് മാറ്റുരക്കുന്നത്. സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള പൊലീസ്, തമിഴ്‌നാട് പൊലീസ്, ക്ലബ് ടണ്‍ വയനാട്, എന്‍.ഡി.എഫ്.എ ഊട്ടി, കോവളം എഫ്.സി, വി.എഫ്.എ വാണിയമ്പലം, ഐഫ പാലക്കാട്, നീലഗിരി കോളജ് സ്‌പോര്‍ട്‌സ് അക്കാദമി എന്നീ ടീമുകളും കളത്തിലിറങ്ങും. ജൂൺ അഞ്ചിനാണ് ഫൈനൽ. ഇതിനോടനുബന്ധിച്ച് വയനാട്, നീലഗിരി ജില്ലകളുടെ അതിര്‍ത്തി പ്രദേശമായ താളൂരില്‍ 28ന് നീലഗിരിയിലെ ആദ്യ ഫുട്‌ബാള്‍ ടര്‍ഫിന്റെ ഉദ്ഘാടനം നടക്കും. ജില്ലയിലെ ഏറ്റവും മികച്ച പുല്‍മൈതാനമാണ് താളൂര്‍ കാമ്പസില്‍ ഒരുങ്ങിയിട്ടുള്ളത്. ടൂർണമെന്റിലെ മത്സരങ്ങൾ കാണാൻ പാസ്, ടിക്കറ്റ് മുഖേനയാണ് കാണികള്‍ക്ക് പ്രവേശനം. കുട്ടികളുടെ കായികവളര്‍ച്ചക്ക് ഫുട്‌ബാളിന് പുറമെ ക്രിക്കറ്റ്, ബാഡ്മിന്റണ്‍, വോളിബാള്‍, ബാസ്‌കറ്റ്ബാള്‍, അത്‌ലറ്റിക്‌സ് അടക്കമുള്ള കായികമേഖലകളിലും നൂതന പദ്ധതികള്‍ കോളജ് നടപ്പാക്കിവരുന്നുണ്ടെന്നും അക്കാദമിക് ഡീന്‍ ടി. മോഹന്‍ ബാബു, കാമ്പസ് മാനേജര്‍ പി.എം. ഉമ്മര്‍, ഫിസിക്കല്‍ എജുക്കേഷന്‍ ഡയറക്ടര്‍ സരില്‍ വര്‍ഗീസ്, ചീഫ് കോച്ച് സി.എ. സത്യന്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. നെന്മേനിയിൽ ജലനടത്തം ATTN: P3 lead packageൽ നൽകണം ചുള്ളിയോട്: പുഴകളിലേയും തോടുകളിലേയും കൈയേറ്റം ഒഴിവാക്കാൻ വാർഡ് തലത്തിൽ സർവകക്ഷി പിന്തുണയോടെ ജനകീയ കമ്മിറ്റികൾ, ജലാശയങ്ങൾ മാലിന്യ മുക്തമാക്കാൻ കുടുംബശ്രീയുടെയും സന്നദ്ധ പ്രവർത്തകരുടെയും ശുചീകരണ പ്രവൃത്തികൾ, പുഴയോരങ്ങളിലുള്ളവർക്കായി ബോധവത്കരണ പരിപാടികൾ തുടങ്ങിയവ പ്രഖ്യാപിച്ച് നെന്മേനി പഞ്ചായത്തിൽ ജല നടത്തം പരിപാടി സംഘടിപ്പിച്ചു. 'തെളിനീരൊഴുകും നവ കേരളം' പദ്ധതിയുടെ ഭാഗമായി വലിയവട്ടം തോടിനു സമീപമാണ് പുഴകളിലെ മാലിന്യങ്ങളെക്കുറിച്ച് പഠനം നടത്തി ജലനടത്തം സംഘടിപ്പിച്ചത്. ആദ്യഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി മുഴുവൻ തോടുകളിലേയും പുഴകളിലേയും വെള്ളത്തിന്റെ സാമ്പിൾ എടുത്ത് ജല ലബോറട്ടറിയിൽ പരിശോധനക്കയച്ചു. പരിശോധന ഫലം അടിസ്ഥാനമാക്കി ശുചീകരണ പ്രവൃത്തികൾ നടത്തും. പഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റ്റിജി ചെറുതോട്ടിൽ അധ്യക്ഷത വഹിച്ചു. THUWDL7 നെന്മേനി പഞ്ചായത്തിന്റെ ജലനടത്തം പഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയൽ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.