തിരുവനന്തപുരം: വ്യാജ ഒപ്പിട്ട് ബാങ്കിൽനിന്ന് 21 ലക്ഷം രൂപ തട്ടിയെടുത്തെന്ന യുവതിയുടെ പരാതിയിൽ ഭർത്താവിനെയും ബാങ്ക് ജീവനക്കാരെയും പ്രതിയാക്കി പൊലീസ് കേസെടുത്തു. കോട്ടുക്കൽ പുളിൻകുടി ലാൽഹൗസിൽ ശിവചിഞ്ചുവിന്റെ (37) പരാതിയിലാണ് ഭർത്താവ് ജ്യോതിരാജ്, യെസ് ബാങ്കിലെ ജീവനക്കാർ എന്നിവർക്കെതിരെ മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ശിവചിഞ്ചുവിന്റെയും ഭർത്താവ് ജ്യോതിരാജിന്റെയും പേരിലുള്ള ഒന്നരസെന്റ് വസ്തു സർക്കാർ ഏറ്റെടുത്തിരുന്നു. ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് 21.34 ലക്ഷം രൂപ സർക്കാർ ഇവർക്ക് കൈമാറിയിരുന്നു. ഈ തുക യെസ് ബാങ്കിൽ ഇരുവരുടെയും ജോയന്റ് അക്കൗണ്ടിൽ നിക്ഷേപിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇരുവരും അകന്നുകഴിയുകയാണ്. ഇരുവരും അകന്നതോടെ 2024 ഫെബ്രുവരി 25ന് ജ്യോതിരാജ് ശിവചിഞ്ചുവിന്റെ വ്യാജ ഒപ്പും മറ്റ് വ്യാജ രേഖകളും ബാങ്കിൽ ഹാജരാക്കി അക്കൗണ്ടിലുണ്ടായിരുന്ന 21.34 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി പണം തട്ടിയെന്നാണ് പരാതി. വ്യാജ രേഖകൾ തയാറാക്കുന്നതിലും പണം അക്കൗണ്ടിൽനിന്ന് മാറ്റുന്നതിലും ബാങ്ക് ജീവനക്കാർക്കടക്കം പങ്കുണ്ടെന്നാണ് ആരോപണം. ഈ സാഹചര്യത്തിലാണ് ബാങ്ക് ജീവനക്കാരെയടക്കം പ്രതിയാക്കി കേസെടുത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.