മാലിന്യങ്ങള്‍ നിറഞ്ഞുകിടക്കുന്ന പാർവതീ പുത്തനാറും ചേര്‍ന്നുള്ള കെട്ടിടങ്ങളും
അമ്പലത്തറ: ദേശീയജലപാതയുടെ ഭാഗമായി പാർവതീ പുത്തനാര്‍ വീതികൂട്ടുന്നതിനുള്ള 4(1) വിജ്ഞാപനം ഉടന്‍ പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ് റവന്യൂ വകുപ്പ്.
കോസ്റ്റല്‍ ഷിപ്പിങ് ആൻഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ ഡിപ്പാർട്മെന്‍റും കൊച്ചിന്‍ ഇന്‍റർനാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്‍റെ (സിയാല്‍) സ്പെഷല്‍ പർപ്പസ് വെഹിക്കിളായ കേരള വാട്ടര്‍ വേയ്സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡും (കെ.ഡബ്ല്യു.ഐ.എല്‍) സംസ്ഥാന സര്‍ക്കാറും സംയുക്തമായാണ് പദ്ധതി നടപ്പാക്കുക.
ഭൂമി ഏറ്റെടുക്കുന്നതിന് സ്വകാര്യകക്ഷികളുമായി നടത്തേണ്ട ചര്‍ച്ചക്ക് മുന്നോടിയായി സാമൂഹിക പ്രത്യാഘാത പഠനം ഉടന്‍ തന്നെ ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥര്‍ 'മാധ്യമ'ത്തോട് പറഞ്ഞു. കോവളം മുതല്‍ വര്‍ക്കല വരെയുളള ആറ്റിന്‍റെ ഇരുകരകളില്‍ നിന്ന് 1275 കുടുംബങ്ങളെയാണ് കുടിയൊഴിപ്പിക്കേണ്ടിവരുക.
ജലപാതയൊരുക്കണമെങ്കില്‍ പുത്തനാറില്‍ കൈയേറിയ ഭാഗങ്ങള്‍ തിരിച്ചുപിടിച്ച് നല്‍കണമെന്ന് ഉള്‍നാടന്‍ ജലഗതാഗത വകുപ്പ് റവന്യൂ അധികൃതര്‍ക്ക് മുന്നില്‍ നിര്‍ദേശം വെച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ കലക്ടറുടെ നിര്‍ദേശപ്രകാരം മാസങ്ങളോളം നടത്തിയ സര്‍വേയിലാണ് കുടിയൊഴിപ്പിക്കല്‍ ആവശ്യമാണെന്ന് കണ്ടത്തിയത്.
തുടര്‍ന്ന് റവന്യൂ അധികൃതര്‍ പലഭാഗങ്ങളിലും സർവേ നടത്തി കല്ലുകള്‍ നേരത്തേ തന്നെ സ്ഥാപിച്ചു. കഴിഞ്ഞ വര്‍ഷം പശ്ചിമതീര ജലപാതയുടെ ഉദ്ഘാടനം വേളിയില്‍ മുഖ്യമന്ത്രി നടത്തിയിരുന്നു. കോവളം മുതല്‍ കാസര്‍കോട് നീലേശ്വരം വരെയുള്ള 590 കിലോമീറ്റര്‍ ദൂരം വരെയാണ് പശ്ചിമതീര ജലപാത.
വിജ്ഞാപനം പുറത്തിറങ്ങി നടപടി ക്രമങ്ങള്‍ ആരംഭിച്ചാല്‍ ഇന്‍ലാന്‍ഡ് വാട്ടർ വേയ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദേശങ്ങള്‍ പാലിച്ച് 2025 മാര്‍ച്ചോടെ പദ്ധതി പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. ഒരേ സമയം രണ്ട് ദിശകളില്‍ നിന്നുള്ള ബോട്ടുകള്‍ക്ക് കടന്നുപോകാൻ കഴിയുന്ന രീതിയില്‍ കനാല്‍ 25 മീറ്ററായി വികസിപ്പിക്കാനാണ് പദ്ധതി. ഇരുവശവും അഞ്ച് മീറ്റര്‍ വീതിയില്‍ സർവിസ് റോഡ് സ്ഥാപിക്കും.
കരിക്കകത്ത് നിർമാണം പൂര്‍ത്തിയായി വരുന്ന ഹൈഡ്രോളിക് പാലം
കോവളം മുതല്‍ വര്‍ക്കല വരെയുള്ള ഭാഗം വീതി കൂട്ടുമ്പോള്‍ പേട്ട, മുട്ടത്തറ വില്ലേജുകളിലുള്ള 803 അടക്കം 1275 കുടുംബങ്ങളെയാണ് പുനരധിവസിപ്പിക്കേണ്ടത്. ഇതിനായി 247.2 കോടി രൂപ കിഫ്ബി (കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് ബോര്‍ഡ്) ഇതിനകം തന്നെ അനുവദിച്ചിട്ടുണ്ട്.
120 കോടി പുനരധിവാസത്തിനും 75 കോടി ഫ്ലാറ്റ് നിർമിക്കാനുള്ള സ്ഥലം ഏറ്റെടുക്കുന്നതിനുമാണ്. വര്‍ക്കലയിലെ 372 കുടുംബങ്ങളെ പുരനധിവസിപ്പിക്കുന്നതിന് 37.2 കോടിയാണ് ചെലവിടുക.
കഠിനംകുളം ഭാഗത്തെ 100 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് ഒമ്പത് കോടിയാണ് നീക്കിെവച്ചിരിക്കുന്നത്. കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് വള്ളക്കടവ്, മേനംകുളം പോലുള്ള പ്രദേശങ്ങളില്‍ പുനരധിവാസത്തിന് സൗകര്യമൊരുക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്.
ജലപാതയില്‍ മൂന്നിടങ്ങളിലായി സ്ഥാപിക്കുന്ന ഹൈഡ്രോളിക് സ്റ്റീല്‍ പാലങ്ങളില്‍ കരിക്കത്തെ പാലത്തിന്‍റെ നിർമാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗത്തില്‍ പുരോഗമിച്ചുവരുകയാണ്. മൂന്നരകോടി രൂപ ചെലവില്‍ സ്ഥാപിക്കുന്ന പാലത്തിന്‍റെ നിർമാണ പ്രവര്‍ത്തനങ്ങള്‍ രണ്ടുമാസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.
രണ്ടാമത്തെ പാലം പനത്തുറയിലാണ്. ഇതിന്‍റെ ഒരുക്കങ്ങളും ആരംഭിച്ചു. മൂന്നാമത്തെ പാലത്തിനായി സ്ഥലം കണ്ടുവെച്ചിരിക്കുന്നത് പുത്തന്‍പാലത്താണ്. ബോട്ടുകള്‍ കടന്നു പോകാന്‍ തരത്തില്‍ ഇരുവശത്തേക്കും വഴിമാറുന്ന പാലങ്ങളാണ് നിർമിച്ച് കൊണ്ടിരിക്കുന്നത്.
വിജ്ഞാപനം ഇറങ്ങുന്നതോടെ പാര്‍പ്പിടങ്ങളില്‍ നിന്ന് കൈക്കുഞ്ഞുകളുമായി തെരുവിലേക്ക് ഇറങ്ങേണ്ടിവരുമോയെന്ന ഭീതിയിലാണ് ആറ്റിന്‍റെ ഇരുകരയിലുമുള്ളവർ. പുനരധിവാസത്തിന് സര്‍ക്കാര്‍ സൗകര്യമൊരുക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും അത് എത്രത്തോളം യാഥാർഥ്യമാകുമെന്ന ആശങ്കയും അവർക്കുണ്ട്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് വള്ളക്കടവില്‍ നിന്നും വിമാനത്താവള വികസനത്തിനായി കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങള്‍ ഇപ്പോഴും അന്തിയുറങ്ങുന്നത് വാടകവീടുകളിലാണ്. സര്‍ക്കാര്‍ പുനരധിവാസ പ്രഖ്യാപനം നടത്തിയെങ്കിലും അത് കാറ്റില്‍ പറന്നു.
പ്രഖ്യാപിച്ച നഷ്ടപരിഹാരം പോലും കിട്ടാതെ നരകിച്ച് ലോകത്തോട് വിടപറഞ്ഞവരുമുണ്ട്. ജലപാതക്കായി കുടിയിറക്കപ്പെട്ടാല്‍ തങ്ങള്‍ക്കും ആ ഗതി വരുമോയെന്ന ആധിയിലാണ് പലരും. സ്വന്തമായി ഒരു സെന്‍റ് സ്ഥലംപോലും മറ്റിടങ്ങളില്‍ ഇവർക്കില്ല.
പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ജലപാതയിലൂടെ സോളാര്‍ ബോട്ട് സർവിസും ടൂറിസം വികസനവുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അഞ്ച് മീറ്റര്‍ വീതിയുള്ളതും 25 മുതല്‍ 30 പേര്‍ക്ക് യാത്ര ചെയ്യാവുന്നതുമായ സോളാര്‍ യാത്രാ ബോട്ടുകളാണ് ആദ്യഘട്ടത്തില്‍ ജലപാതയില്‍ എത്തിക്കുകയെന്ന് ജലഗതാഗത വകുപ്പ് അധികൃതര്‍ പറയുന്നു.
ഇതിനു പുറമെ ചരക്കുനീക്കം എളുപ്പത്തിലാക്കാനും ജലപാത വിനിയോഗിക്കും. ഓരോ 20 കിലോമീറ്ററിലും ഒരു ടൂറിസ്റ്റ് കേന്ദ്രവുമുണ്ടാക്കും. 1000 ടണ്‍ വരെ ചരക്ക് കയറ്റാവുന്ന ബാര്‍ജുകള്‍ ഇതിലൂടെ കടന്നുപോകും.
തെക്കേ ഇന്ത്യയിലെ എൻജിനീയറിങ് വിസ്മയമെന്ന് പശ്ചാത്യര്‍ പാടിപ്പുകഴ്ത്തിയ മനുഷ്യനിർമിതിയാണ് പാർവതീപുത്തനാര്‍. ഒരു കാലത്ത് 150ലധികം മീറ്റര്‍ വീതിയുണ്ടായിരുന്ന ആറ്റിന്‍റെ പലയിടത്തും ഇന്ന് 20 മീറ്റര്‍പോലും വീതിയില്ല.
1824ല്‍ തിരുവിതാംകൂറിലെ റീജന്‍റായിരുന്ന റാണി ഗൗരീ പാർവതീ ഭായിയാണ് തിരുവനന്തപുരത്തെ കല്‍പ്പാലക്കടവ് (ഇപ്പോഴത്തെ വള്ളക്കടവ്) മുതല്‍ വര്‍ക്കല ശിവഗിരിക്കുന്ന് വരെയുള്ള കായലുകളെ കോര്‍ത്തിണക്കി പാർവതീപുത്തനാര്‍ എന്ന ജലപാത നിർമിച്ചത്.
അക്കാലത്ത് ആറ്റിന്‍റെ വീതീ 150 മീറ്ററിന് മുകളിലായിരുന്നെന്നാണ് സർവേ വകുപ്പിന്‍റെ രേഖകളിലുള്ളത്. വേളി, കഠിനംകുളം കായലുകളെ തമ്മില്‍ ഈ ജലപാത ബന്ധിച്ചിരുന്നു.
തിരുവനന്തപുരം മുതല്‍ ഷൊര്‍ണൂര്‍ വരെ വിഹരിച്ചിരുന്ന ടി.എസ് കനാലിന്‍റെ ഭാഗമാണ് പാർവതീ പുത്തനാര്‍. അതിനാല്‍ തന്നെ കോവളത്ത് തുടങ്ങി ഭാരതപ്പുഴ വരെ വിവിധ നദികളെയും കായലുകളെയും ബന്ധിപ്പിക്കുന്ന ടി.എസ് കാനലിന്‍റെ വീണ്ടെടുപ്പിനും പാർവതീ പുത്തനാര്‍ നവീകരണം പ്രധാനപങ്ക് വഹിക്കുമെന്നാണ് കണക്കുകൂട്ടല്‍.
വിനോദം, സഞ്ചാരം എന്നിവ ലക്ഷ്യമിട്ടുള്ളതാണ് ജലപാത. മാഹി മുതല്‍ കോവളം വരെ ജലപാതയിലൂടെ ബോട്ട് ഓടിക്കുന്ന പദ്ധതിയുടെ ഭാഗമായിപുത്തനാറിലൂടെ പരീക്ഷണാർഥം ബോട്ടോടിച്ചെങ്കിലും തുടക്കത്തില്‍ ലക്ഷ്യം പരാജയപ്പെട്ടു.
ചാക്കില്‍ നിറച്ച മാലിന്യങ്ങളും തുണികളും പുത്തനാറിന്‍റെ അടിയില്‍ അടിഞ്ഞുകൂടിയ നിലയിലായിരുന്നു. ഇത് ബോട്ടില്‍ കുടുങ്ങിയതാണ് കാരണം. പദ്ധതി വിജയിച്ചാല്‍ ജലഗതാഗത മാർഗംവഴി വിനോദസഞ്ചാരികള്‍ക്ക് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്‍റെ ടെര്‍മിനലിന് മുന്‍വശത്തെത്താനും കഴിയും.
ചിലര്‍ വീടുകൾക്കു മുന്നില്‍ തന്നെ പെട്ടിക്കടകള്‍ പോലുള്ളവ സ്ഥാപിച്ച് വര്‍ഷങ്ങളായി അന്നം കണ്ടെത്തുന്നവര്‍ കൂടിയാണ്. അതിനാൽ ജീവിതമാർഗവും നഷ്ടപ്പെടുമെന്ന ഭീതിയിലാണ് ഇവര്‍. പലയിടങ്ങളിലും കുടിയിറക്ക് ഭീഷണിയെ നേരിടാന്‍ പ്രദേശവാസികളുടെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മകള്‍ രൂപംകൊള്ളുകയും പ്രതിഷേധ പരിപാടികള്‍ക്ക് രൂപം കൊടുക്കുകയും ചെയ്തിട്ടുണ്ട്.
പുനരധിവാസ പാക്കേജുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടന്നും അതിനാല്‍ എതിര്‍പ്പുകൾ അംഗീകരിക്കില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്.ആറ്റിന്‍റെ തീരത്ത് താമസിക്കുന്ന കുടുംബങ്ങള്‍ക്ക് വാടക വീടുകളിലേക്ക് മാറുന്നതിനായി തുടക്കത്തില്‍ ഒരുലക്ഷം രൂപ അനുവദിക്കും. അവ വ്യക്തമായ കൈയേറ്റങ്ങളാണെന്നും ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാകുമ്പോള്‍ നഷ്ടപരിഹാരം നല്‍കുമെന്നുമുള്ള തരത്തിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്.
എന്നാല്‍, വര്‍ഷങ്ങളായി ആറ്റിന്‍റെ കരകളില്‍ താമസിച്ചു വരുന്നവരാണ് തങ്ങളെന്നും ഇത് ഞങ്ങളുടെ മണ്ണാണെന്നും ഇതിന് സര്‍ക്കാര്‍ കൈവശാവകാശ രേഖകള്‍ നൽകിയിട്ടുണ്ടന്നും കുടുംബങ്ങള്‍ പറയുന്നു. എന്നാല്‍, കുടിവെളളവും വൈദ്യുതിയും ലഭിക്കുന്നതിനുള്ള താല്‍ക്കാലിക രേഖകള്‍ മാത്രമാണിതെന്നും അതിനാല്‍ ഏത് സമയത്തും ഇത്തരം ഭൂമി സര്‍ക്കാറിന് തിരിച്ചുപിടിക്കാന്‍ അധികാരമുണ്ടെന്നുമാണ് റവന്യൂ അധികൃതര്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.