തിരുവനന്തപുരം:ജലഅതോറിറ്റിക്ക് പൊതുടാപ്പ് വഴി പഞ്ചായത്ത് മേഖലകളിൽ ശുദ്ധജലം വിതരണം ചെയ്തതിന്റെ ഇതുവരെയുള്ള കുടിശ്ശിക തുകയായ 529 കോടി രൂപ അനുവദിച്ചു. കഴിഞ്ഞ മാർച്ച് 31ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി അർബൻ മേഖലയിൽ പൊതുടാപ്പ് വഴി ശുദ്ധജലവിതരണം ചെയ്തതിന്റെ തുകയായ 719 കോടി രൂപ ഇതുപോലെ അനുവദിക്കുകയും തിരികെ സർക്കാർ കൊണ്ടുപോയതും വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പഞ്ചായത്തുകൾ നൽകേണ്ട തുക അനുവദിച്ചത്.
ട്രഷറി അക്കൗണ്ടിൽ നിന്ന് ഈ തുകയും ധനവകുപ്പ് തടഞ്ഞുവെക്കുമോയെന്ന ആശങ്കയിലാണ് ജലഅതോറിറ്റി. കെ.എസ്.ഇ.ബിക്ക് വൈദ്യുത ചാർജിനത്തിൽ ജല അതോറിറ്റി കുടിശ്ശികയുള്ളതിനാൽ നേരത്തേ അനുവദിച്ച 719.166 കോടി ചെലവഴിക്കാൻ നൽകാനാവില്ലെന്ന നിലപാടിലായിരുന്നു ധനവകുപ്പ്. 719.166 കോടി വിനിയോഗിച്ച് പെൻഷൻകാരുടെ കുടിശ്ശിക ആനുകൂല്യവിതരണമടക്കം വിവിധ പദ്ധതികൾ ജല അതോറിറ്റി ലക്ഷ്യമിട്ടെങ്കിലും ധനവകുപ്പ് പണം തടഞ്ഞുവെച്ചത് തിരിച്ചടിയായി.
ഇതിനിടെയാണ് 529 കോടി ജല അതോറിറ്റിയുടെ ട്രഷറി അക്കൗണ്ടിലേക്ക് അനുവദിച്ച് കഴിഞ്ഞദിവസം ഉത്തരവായത്. കെ.എസ്.ഇ.ബി കുടിശ്ശികയുടെ പേരിൽ ഇതും പിൻവലിക്കാൻ കഴിയാത്ത അവസ്ഥയുണ്ടാവുമോ എന്ന ആശങ്ക ജല അതോറിറ്റിയിലെ ജീവനക്കാരുടെ സംഘടനകളും പങ്കുവെക്കുന്നു. വൈദ്യുതി ചാർജിനത്തിൽ ജല അതോറിറ്റിയുടെ പ്രതിമാസ വരുമാനത്തിൽനിന്ന് പത്ത് കോടി രൂപ എസ്ക്രോ അക്കൗണ്ട് വഴി കെ.എസ്.ഇ.ബിക്ക് കൈമാറാൻ കരാർ ഒപ്പിട്ടത് കഴിഞ്ഞ മാസമാണ്.
വരവും ചെലവും തമ്മിൽ കൂട്ടിമുട്ടിക്കാനാകാതെ പ്രതിസന്ധി നേരിടുന്ന അതോറിറ്റിക്ക് അക്കൗണ്ടിൽനിന്ന് എല്ലാ മാസവും പത്ത് കോടി കെ.എസ്.ഇ.ബിക്ക് നൽകുന്നത് പണഞെരുക്കം രൂക്ഷമാക്കുമെന്ന ആശങ്ക ജീവനക്കാരുടെ സംഘടനകളടക്കം ഉന്നയിച്ചിരുന്നു.പത്ത് കോടിയുടെ കരാറിന് പിന്നാലെയാണ് 719.166 കോടി തിരികെ കിട്ടുമെന്ന പ്രതീക്ഷയും ജല അതോറിറ്റിക്ക് ഇല്ലാതായത്. മാത്രമല്ല അതോറിറ്റിക്ക് അനുവദിക്കുന്ന പ്ലാൻ ഇതര ഗ്രാൻറിൽനിന്ന് കെ.എസ്.ഇ.ബിക്ക് നൽകാനുള്ള കുടിശ്ശികയായ 1348.834 കോടി രൂപ ഗഡുക്കളായി ഈടാക്കുമെന്നും ധന വകുപ്പ് വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.