കാരക്കോണം മെഡിക്കല്‍ കോളജിലെ സീറ്റ് തട്ടിപ്പ്: ഒരു കേസ് കൂടി

വെള്ളറട: കാരക്കോണം മെഡിക്കല്‍ കോളജിലെ സീറ്റ് തട്ടിപ്പ് കേസില്‍ വെള്ളറട പൊലീസ് ഒരുകേസ് കൂടി രജിസ്റ്റര്‍ ചെയ്തു. മെഡിക്കല്‍ കോളജ് ഡയറക്ടര്‍ ബെന്നറ്റ് എബ്രഹാം, തങ്കരാജ്, ഷിജി എന്നിവര്‍ക്കെതിരെയാണ് കോടതി നിർദേശ പ്രകാരം കേസ് എടുത്തത്.

2018ൽ എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷം രൂപ വാങ്ങിയ ശേഷം സീറ്റ് നിഷേധിച്ചുവെന്നും പണം നല്‍കിയില്ലെന്നുമാണ് പരാതി.

കാരക്കോണം മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് കേസില്‍ ക്രൈംബ്രാഞ്ചിന്റെ അന്തിമ റിപ്പോര്‍ട്ട് ഹൈകോടതി ഫെബ്രുവരിയില്‍ റദ്ദാക്കിയിരുന്നു. സാമ്പത്തിക ക്രമക്കേടില്‍ തെളിവില്ല എന്ന ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി വിശദമായ അന്വേഷണം നടത്തി ആറുമാസത്തിനകം അന്തിമ റിപ്പോര്‍ട്ട് നല്‍കാന്‍ നിർദേശിക്കുകയായിരുന്നു.

ആവശ്യമെങ്കില്‍ സമയം നീട്ടി നല്‍കാന്‍ ക്രൈംബ്രാഞ്ചിന് കോടതിയെ സമീപിക്കാമെന്നും ഉത്തരവിലുണ്ട്.ഉന്നതര്‍ ഉള്‍പ്പെട്ട കേസില്‍ തെളിവില്ലെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് അപൂര്‍ണമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി തള്ളിയത്. ഇതിെൻറ അടിസ്ഥാനത്തിലാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തത്.

കാരക്കോണം മെഡിക്കല്‍ കോളജ് ഡയറക്ടര്‍ ഡോ. ബെന്നറ്റ് എബ്രഹാം, സി.എസ്‌.ഐ സഭ മോഡറേറ്റര്‍ ബിഷപ് ധര്‍മരാജ് റസാലം തുടങ്ങി കേസില്‍ ഉള്‍പ്പെട്ട വമ്പന്‍മാര്‍ക്ക് ക്ലീന്‍ചീറ്റ് നല്‍കിയ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടാണ് ഹൈകോടതി തള്ളിയത്. പണം കൈപ്പറ്റി വഞ്ചിക്കല്‍ തുടങ്ങി അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍ ഉൾപ്പെടെ ചുമത്തിയായിരുന്നു കേസ്.

എന്നാല്‍, കേസ് അന്വേഷണം തിരക്കിട്ട് അവസാനിപ്പിച്ച് റിപ്പോര്‍ട്ട് നല്‍കിയപ്പോള്‍ പലതും അവ്യക്തമായി തുടരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.

കോളജില്‍ എം.ഡി, എം.ബി.ബി.എസ് സീറ്റുകള്‍ വാഗ്ദാനം ചെയ്ത് 92.5 ലക്ഷം രൂപ വാങ്ങി പ്രവേശനം നല്‍കിയില്ലെന്ന പരാതിയില്‍ കോടതി നിര്‍ദേശപ്രകാരം വെള്ളറട, നെയ്യാറ്റിന്‍കര, മ്യൂസിയം പൊലീസ് സ്‌റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. 14 മലയാളികള്‍ ഉള്‍പ്പടെ 24 പേരായിരുന്നു പരാതിക്കാര്‍. പിന്നീട് വിദ്യാര്‍ഥികള്‍ നല്‍കിയ ഹരജിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്.

Tags:    
News Summary - Seat fraud at Karakonam Medical College: One more case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.