വെള്ളറട: വെള്ളറടയില്‍ മൂന്ന് ഇടങ്ങളില്‍ മോഷണം നടന്നു. വെള്ളറട ജങ്ഷനു സമീപം കൂവക്കര സ്വദേശി ലാലിന്റെ കപ്പയും കാന്താരിയും എന്ന പേരിലുള്ള ഹോട്ടലിലും കൊല്ലകുടികയറ്റത്ത് ഷംനാദിന്റെ വീട്ടിലും കലിങ്കുനടയില്‍ ആലീസ് കിച്ചണിലുമാണ് മോഷണം നടന്നത്.
ലാലിന്റെ ഹോട്ടലിന്റെ പുറകുവശത്തെ ജനല്‍ കുത്തിപ്പൊളിച്ച് കടക്കുള്ളില്‍ കയറിയ മോഷ്ടാക്കള്‍ മേശയില്‍ സൂക്ഷിച്ച പണവും പനച്ചമൂട് സർവിസ് സഹകരണ ബാങ്കിന്റെ ഡെയ്‌ലി കലക്ഷന്‍ ബോക്‌സില്‍ നിക്ഷേപിച്ച തുക ഉള്‍പ്പെടെ 12,000ഓളം രൂപ മോഷ്ടിച്ചു. കടയുടമയുടെ പരാതിയെ തുടര്‍ന്ന് വെള്ളറട പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
ഷംനാദിന്റെ വീടിന്റെ മുന്‍വശത്തെ വാതിലിന്‍റെ പൂട്ട് തകര്‍ത്ത് അകത്തുകയറിയ മോഷ്ടാക്കള്‍ അലമാരകൾ തുറന്ന് പരിശോധിച്ചെങ്കിലും വിലപിടിപ്പുള്ള സാധനങ്ങള്‍ ഒന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഷംനാദും കുടുംബവും വര്‍ഷങ്ങളായി വിദേശത്താണ്. പകല്‍ മാത്രമേ വീട്ടില്‍ ആള്‍ താമസമുള്ളൂ. വീട് മുഴുവന്‍ കാമറ നിരീക്ഷണത്തിലായിരുന്നു. എന്നാല്‍ വ്യാഴാഴ്ച പുലര്‍ച്ച രണ്ടിനുശേഷം കാമറയുടെ പ്രവര്‍ത്തനം നിലച്ചിരുന്നു.
ഇത് കാരണം മോഷ്ടാക്കളുടെ സി.സി.ടി.വി ദൃശ്യങ്ങളൊന്നും ലഭിച്ചില്ലെന്ന് പൊലീസ് പറഞ്ഞു. അടുത്തകാലത്തായി വെള്ളറടയിലും പരിസര പ്രദേശങ്ങളിലും മോഷണം വ്യാപകമായിട്ടുണ്ട്. പൊലീസിന്റെ നൈറ്റ് പട്രോളിങ് നിലച്ച അവസ്ഥയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.