വർക്കല തീപിടിത്തം: മരിച്ച അഞ്ചുപേരുടെയും സംസ്കാരം ഇന്ന്

വർക്കല: വീടിന് തീപിടിച്ച് മരിച്ച ഒരു കുടുംബത്തിലെ അഞ്ചുപേരുടെ സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ. ദുരന്തമുണ്ടായ ചെറുന്നിയൂർ പന്തുവിള രാഹുൽ നിവാസിന്റെ മുറ്റത്താണ് സംസ്കാരം. പുത്തൻചന്ത ആർ.പി.എൻ ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾസ് ഉടമ പ്രതാപൻ, ഭാര്യ ഷെർളി, രണ്ടാമത്തെ മകൻ അഹുൽ, മൂന്നാമത്തെ മകൻ നിഹുലിന്റെ ഭാര്യ അഭിരാമി, നിഹുൽ-അഭിരാമി ദമ്പതികളുടെ എട്ടുമാസം പ്രായമുള്ള റയാൻ എന്നിവരാണ് മരിച്ചത്.

നിഹുൽ ഗുരുതര പൊള്ളലേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യാവസ്ഥയിൽ നേരിയ പുരോഗതിയുണ്ടെന്നും ശനിയാഴ്ച വെന്റിലേറ്ററിൽനിന്ന് മാറ്റിയേക്കുമെന്നും ബന്ധുക്കൾ അറിയിച്ചു. അഭിരാമിയുടെ അച്ഛൻ ലണ്ടനിലായിരുന്ന സെയ്ൻ നടേശൻ ശനിയാഴ്ച വൈകുന്നേരത്തോടെ മടങ്ങിയിരുന്നു. ഇദ്ദേഹത്തിന് നാട്ടിലെത്താനുള്ള നടപടി ക്രമങ്ങളിൽ താമസം നേരിട്ടതിനാലാണ് സംസ്കാരം നീണ്ടത്.

പാരിപ്പള്ളി ഇ.എസ്.ഐ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലാണ് മൃതദേഹങ്ങൾ. ശനിയാഴ്ച രാവിലെ എട്ടോടെ ബന്ധുക്കൾ ഏറ്റുവാങ്ങും. അഭിരാമിയുടെയും മകൻ റയാന്റെയും മൃതദേഹം വക്കം മുണ്ടൻവിള സിദ്ധി ഭവനിൽ രാവിലെ ഒമ്പതരയോടെ എത്തിക്കും. പത്തരയോടെ വർക്കലയിലേക്ക് കൊണ്ടുപോകും.

അഞ്ച് മൃതദേഹങ്ങളും വഹിച്ചുള്ള ആംബുലൻസുകൾ പുത്തൻചന്തയിൽ പ്രതാപന്റെ സ്ഥാപനത്തിന് മുന്നിൽ 11ന് സംഗമിക്കും. വ്യാപാരി വ്യസായി ഏകോപന സമിതി ഭാരവാഹികളുടെ നേതൃത്വത്തിൽ വിലാപയാത്രയായി ചെറുന്നിയൂരിലേക്ക് പുറപ്പെടും. പ്രതാപന്റെ മൂത്തമകനായ രാഹുലിന്റെ വസതിയിൽ പതിനൊന്നരയോടെ എത്തിക്കും. 1.30 വരെ പൊതുദർശനത്തിന് സൗകര്യമൊരുക്കും.

Tags:    
News Summary - Varkala fire: Burial of five dead today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.