മൽസ്യം കയറ്റിവന്ന വാഹനത്തെ ക്വട്ടേഷൻസംഘം കടത്തിക്കൊണ്ടുപോയി

വർക്കല:മൽസ്യം കയറ്റിവന്ന പിക്അപ് വാൻ ക്വട്ടേഷൻസംഘം തട്ടിക്കൊണ്ടുപോയി.ഡ്രൈവറെ മാരകായുധങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി കടത്തിക്കൊണ്ടുപോയ വാഹനം വർക്കല ചെമ്മരുതിക്ക് സമീപത്തുവച്ച്  പൊലീസ്​ പിന്തുടർന്ന്​ പിടികൂടി. പൊലീസ് ജീപ്പിലിടിച്ച പിക്അപ് നിയന്ത്രണം വിട്ട് തോട്ടിലേക്ക് ഇടിച്ചിറങ്ങിയതോടെ ക്വട്ടേഷൻ സംഘം ഇറങ്ങിയോടി രക്ഷപ്പെട്ടു. ചടയമംഗലം കലയം ഭാഗത്ത് വച്ച് തിങ്കളാഴ്ച പുലർച്ചെ നാലോടെയാണ്  മത്സ്യം കയറ്റി വന്ന മിനി പിക്കപ്പ് വാൻ  രണ്ടംഗസംഘം കൈകാണിച്ചു നിർത്തിയത്. ഡ്രൈവറെ മാരകായുധങ്ങൾ കാണിച്ചു ഭീഷണിപ്പെടുത്തി  റോഡിൽ ഇറക്കി വിട്ടതിനു ശേഷം വാഹനം തട്ടി കൊണ്ടുപോവുകയായിരുന്നു.

ഡ്രൈവർ മുബാറക് ചടയമംഗലം പൊലീസിൽ  വിവരമറിയിക്കുകയും വാഹനം  പാരിപ്പള്ളി ഭാഗത്തേക്ക് പോയതായി വിവരം നൽകുകയും ചെയ്തതിനെ  തുടർന്ന് ചടയമംഗലം പൊലീസ്  പള്ളിക്കൽ, പാരിപ്പള്ളി പോലീസ് സ്റ്റേഷനുകളിൽ  വിവരമറിയിക്കുകയായിരുന്നു.വർക്കല അയിരൂർ ഭാഗത്തേക്ക്   വാഹനം കടന്നതായി വിവരം കിട്ടിയതിനെ തുടർന്ന് അയിരൂർ സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തുന്നതിനിറങ്ങി.തട്ടിക്കൊണ്ടു പോയ വാഹനം  ചെമ്മരുതി പഞ്ചായത്തിൽ  ചാവടിമുക്കിന് സമീപത്തുവച്ച് അഞ്ചരയോടെ  കാണുകയും  പൊലീസ് വാഹനത്തെ പിന്തുടരുകയും ചെയ്തു.

പൊലീസ് ജീപ്പിലിടിച്ച പിക്അപ് വാൻ    തോട്ടിലേക്ക് ഇടിച്ചിറക്കിയശേഷം ക്വട്ടേഷൻസംഘം ഓടി രക്ഷപ്പെടുകയായിരുന്നു.രണ്ടു പേർ പൾസർ ബൈക്കിൽ പിക്അപിനൊപ്പം  സഞ്ചരിച്ചിരുന്നു.പൊലീസ് പിക്അപിനെ പിന്തുടരുന്നത് മനസ്സിലാക്കി ഇവർ ഇടയ്ക്ക്വച്ച് വഴി മാറി പോവുകയായിരുന്നെന്നും പൊലീസ്  പറഞ്ഞു. നാലംഗ സംഘമാണ് വാഹനം കടത്തിക്കൊണ്ടുപോയെന്നാണ് പ്രാഥമിക നിഗമനം. ചടയമംഗലം പൊലീസ് സ്ഥലത്തെത്തി  അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    
News Summary - The fish was loaded and the vehicle was taken away by the Quotations team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.