വർക്കല: യാത്രമധ്യേ വാഹനം നിർത്തി വഴിയിലിറങ്ങി സ്കൂൾ കുട്ടികളുടെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി രാഷ്ട്രപതി ദ്രൗപദി മുർമു. മഹാസമാധി ശതാബ്ദി ആചരണത്തിന്റെ ഉദ്ഘാടനം ചെയ്യാൻ ശിവഗിരിയിലേക്ക് കാറിൽ പോകുമ്പോഴാണ് വഴിയരികിൽ നിന്ന കുട്ടികൾക്കടുത്തേക്ക് രാഷ്ട്രപതി ചെന്നത്.
രാഷ്ട്രപതിയുടെ വാഹനവ്യൂഹം കാണാനും കഴിയുമെങ്കിൽ സ്വീകരിക്കാനുമാണ് വർക്കല ഗവ.മോഡൽ എച്ച്.എസ്.എസിലെ വിദ്യാർഥികളും അധ്യാപകരും സ്കൂളിന് മുന്നിലെ റോഡരികിൽ കാത്തുനിന്നത്. പ്രോട്ടോക്കോൾ പ്രകാരം രാഷ്ട്രപതിയുടെ വാഹനവ്യൂഹം എത്തി. രാഷ്ട്രപതി സഞ്ചരിച്ച വാഹനമടക്കം കുട്ടികളുടെ മുന്നിലൂടെ പോയി. സ്കൂൾ കവാടം കടന്ന് 20 മീറ്ററോളം നീങ്ങി വാഹനവ്യൂഹം പെട്ടെന്ന് നിന്നു. അപ്രതീക്ഷിതമായി രാഷ്ട്രപതി കാറിൽ നിന്നിറങ്ങി. സുരക്ഷാ ഉദ്യോഗസ്ഥർ വലയം തീർത്തു.
തന്നെ കാണാനായി കാത്തുനിന്ന കുട്ടികൾക്കരികിലേക്ക് കൈകൾ ഉയർത്തി വീശി പുഞ്ചിരിച്ച് രാഷ്ട്രപതി കടന്നുചെന്നു. അപ്രതീക്ഷിത സൗഭാഗ്യത്തിൽ ആനന്ദവും ആഹ്ലാദവും അണപൊട്ടിയ ആവേശത്തിൽ കുട്ടികൾ ആർത്തുവിളിച്ചു. അവർ ആദരപൂർവം നീട്ടിയ പൂക്കൾ രാഷ്ട്രപതി ഏറ്റുവാങ്ങി. തുടർന്ന് ശിവഗിരിയിലേക്ക്. അൽപ സമയത്തിനകം രാഷ്ട്രപതിയുടെ ഔദ്യോഗിക സമൂഹ മാധ്യമ പേജിൽ കുട്ടികളുടെ സ്വീകരണം ചിത്രങ്ങൾ സഹിതം വന്നു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.