മാഫിയയുടെ പിടിയിലമർന്ന് ഒരു ഗ്രാമം; എതിർത്താൽ അടിയും വെട്ടും ഉറപ്പ്

വർക്കല: ലഹരി മാഫിയകൾ പിടിമുറുക്കിയ ചെമ്മരുതിയിൽ സ്വൈര ജീവിതം നഷ്ടപ്പെട്ട് നാട്ടുകാർ. കഞ്ചാവും എം.ഡി.എമ്മും മറ്റു ലഹരി വസ്തുക്കളും പിടിമുറുക്കിയ ഗ്രാമത്തിലെ വിവിധ മേഖലകളിൽ ജനജീവിത ദുസ്സഹമായി തുടരുകയാണ്. ഇവിടെ പിഞ്ചുമക്കളെ സ്കൂളിലയക്കുന്നതുപോലും പേടിയോടെയാണെന്ന് രക്ഷിതാക്കൾ പറയുന്നു. കഞ്ചാവ് വിൽപ്പനയും അതിന്റെ ഉപഭോഗവും ഈ ഗ്രമത്തിൽ രൂക്ഷമായി തുടരുകയാണ്. ചെമ്മരുതി മേഖലയിൽ വിവിധ തരം ലഹരി വസ്തക്കൾ ഏതുസമയത്തും യഥേഷ്ടം ലഭിക്കുമെന്ന സാഹചര്യമാണ്. ലഹരി സംഘങ്ങളുടെ ഭീഷണി മൂലം ഈ വിപത്തിനെ എതിർക്കാനോ ചെറുക്കാനോ സാധിക്കുന്നില്ലെന്ന് ഗ്രാമവാസികൾ പറഞ്ഞു. എതിർത്താൽ സംഘത്തിന്‍റെ ആക്രമിക്കുമെന്ന ഭയമുണ്ടെന്നും ഗ്രാമവാസികൾ പറയുന്നു. ഇതോടെ സവൈര്യജീവിതം നയിച്ചുപോന്ന നാട്ടുകാർ ആശങ്കയുടെയും ആധിയുടെയും മുൾമുനയിലാണ്. ഇവർ തമ്മിൽത്തമ്മിൽ ചോദിക്കുന്നത് ''ഇതൊന്നും ചോദിക്കാനും പറയാനും നിയന്ത്രിക്കാനും ആരുമില്ലേ''? എന്നാണ്.

കഴിഞ്ഞ ആഴ്ചയിലും ചെമ്മരുതിയിലെ ചാവടിമുക്കിൽ ലഹരി മാഫിയയുടെ ആക്രമണം നടന്നിരുന്നു.ചാവടിമുക്ക് മേഖലയിൽ കഞ്ചാവും മയക്കുമരുന്നുകളും വ്യാപകമായി വിൽപ്പന നടക്കുന്നുവെന്നും വിദ്യാർഥികളിൽ ലഹരി ഉപഭോഗം ആശങ്കാജനകമായി വർധിക്കുന്നുവെന്നും പരാതികൾ ഉയർന്നിട്ടുണ്ട്. ഇതിനേ തുടർന്നാണ് പ്രദേശവാസിയായ അനു എന്ന യുവാവ് സ്കൂൾ അധികൃതർക്കും പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥർക്കും പരാതി നൽകിയത്. ഇതിലുള്ള വൈരാഗ്യത്തിൽ യുവാവിനെ വിദ്യാർഥികളടങ്ങുന്ന സംഘം ആക്രമിച്ചിരുന്നു. ആക്രമണത്തിൽ മുഖത്ത് ഗുരുതരമായി പരിക്കേറ്റ അനു ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ എക്സൈസ് സംഘം മേഖലയിൽ മിന്നൽ റെയ്ഡ് നടത്തിയിരുന്നു. പരിശോധനയിൽ ചാവടിമുക്കിലെ വീട്ടിൽ സൂക്ഷിച്ചിരുന്ന ഒന്നേകാൽ കിലോ മയക്കുമരുന്നും എക്സൈസ് സംഘം പിടികൂടിയിരുന്നു. എന്നാൽ പ്രതി എക്സൈസ് സംഘത്തെ കണ്ടതോടെ ഓടി രക്ഷപ്പെടുകയായിരുന്നു.

പ്രദേശത്ത് ലഹരി മാഫിയാ സംഘം ആയുധം കൈയിലെടുത്ത് വിളയാടുന്നതും തുടരെത്തുടരെയുള്ള ആക്രമണം വർധിച്ചുവരികയും ചെയ്യുന്നത് നാട്ടുകാരിൽ ഭീതിയും കനത്ത ആശങ്കയും ഉണ്ടാക്കിയിട്ടുണ്ട്. ലഹരി മാഫിയയെ മുന്നിട്ട് നിന്ന് എതിർക്കാൻ സാധിക്കാതെ നാട്ടുകാരുടെ സ്വൈരജീവിതവും വഴിമുട്ടി നിൽക്കുകയാണ്. ചെമ്മരുതി മേഖലയിലെ വിവിധ പ്രദേശങ്ങളിൽ മയക്കുമരുന്ന് വിൽപ്പനയും ഉപയോഗവും വ്യാപകമായിട്ട് കാലങ്ങളായി. പ്രായ ഭേദമില്ലാതെ മയക്കുമരുന്നിന്റെ പിടിയിലകപ്പെട്ടവരും മേഖലയിൽ ഏറെയുണ്ട്. ഇതിനൊപ്പമാണ് എതിർക്കുന്നവർക്ക് നേരെ മാഫിയയുടെയും സംഘത്തിന്റെയും അക്രമങ്ങളും വർധിച്ചുവരുന്നത്. സ്കൂൾ വിദ്യാർത്ഥികളെ പുറത്തയക്കാൻ പോലും രക്ഷിതാക്കൾ ഭയപ്പെടുന്ന നിലയിലേക്ക് മേഖലയിലെ നാട്ടുകാരുടെ സ്വൈരജീവിതവും അസ്വസ്ഥമായിട്ടുണ്ട്. അവരുടെ ആശങ്കയകറ്റാൻ അധികൃതർ അടിയന്തിരമായി കർശന നടപടികൾ സ്വീകരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.

പ്രദേശത്ത് ലഹരി മാഫിയാ സംഘം ആയുധം കൈയിലെടുത്ത് വിളയാടുന്നതും തുടരെത്തുടരെയുള്ള ആക്രമണം വർധിച്ചുവരികയും ചെയ്യുന്നത് നാട്ടുകാരിൽ ഭീതിയും കനത്ത ആശങ്കയും ഉണ്ടാക്കിയിട്ടുണ്ട്.ലഹരി മാഫിയയെ മുന്നിട്ട് നിന്ന് എതിർക്കാൻ സാധിക്കാതെ നാട്ടുകാരുടെ സ്വൈരജീവിതവും വഴിമുട്ടി നിൽക്കുകയാണ്. 

Tags:    
News Summary - life under pressure in chemmaruthi due to drug mafia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.