തിരുവനന്തപുരം: കേരളത്തിന്റെ പ്രിയപ്പെട്ട മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് സ്മാരകമായി അർബൻ പാർക്ക് തിരുവനന്തപുരത്ത് ഉയരും. പാളയം കണ്ണിമേറ മാർക്കറ്റിന് മുന്നിലായി രക്തസാക്ഷി മണ്ഡപത്തിന് അഭിമുഖമായാണ് അർബൻ പാർക്ക് തിരുവനന്തപുരം വികസന അതോറിറ്റി സ്ഥാപിക്കുന്നത്. 1.2 ഏക്കർ സ്ഥലത്ത് 1.64 കോടി രൂപ ചെലവിൽ ഒരുങ്ങുന്ന അർബൻ പാർക്കിന്റെ നിർവഹണ ഏജൻസി കോസ്റ്റ് ഫോർഡാണ്.
വയോജന സൗഹൃദ നടപ്പാതകൾ, കുട്ടികളുടെ കളിയിടം, ജിംനേഷ്യം, പുൽത്തകിടിയിൽ പരിസ്ഥിതി സൗഹൃദ പശ്ചാത്തലം, ലഘുഭക്ഷണ കിയോസ്ക്കുകൾ, വി.ഐ.പി പാർക്കിംഗ് സൗകര്യം, പൊതുശൗചാലയങ്ങൾ, ഓപ്പൺ എയർ ഓഡിറ്റോറിയം, 24 മണിക്കൂർ സുരക്ഷ സംവിധാനം എന്നിവയാണ് പാർക്കിന്റെ പ്രത്യേകതകൾ. പാർക്കിന്റെ നിർമാണോദ്ഘാടനം ഒക്ടോബർ 22ന് ഉച്ചക്ക് 11.30ന് മന്ത്രി എം.ബി രാജേഷ് നിർവഹിക്കുമെന്ന് ട്രിഡ ചെയർമാൻ കെ.സി വിക്രമൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
2022ലാണ് പാർക്ക് നിർമിക്കാനായി ട്രിഡ തീരുമാനിച്ചത്. പാളയം അണ്ടർ പാസേജിന്റെ നിർമാണവുമായി ബന്ധപ്പെട്ട് കച്ചവടക്കാർക്ക് പകരം കട ലഭിക്കാൻ കാലതാമസം വന്നതോടെ പാർക്കിന്റെ പണിയും വൈകി. ഓക്സിജൻ, സമന്വയ എന്നീ പേരുകളായിരുന്നു പാർക്കിനായി ആദ്യം പരിഗണിച്ചത്. എന്നാൽ, വി.എസ് അച്യുതാനന്ദന്റെ നിര്യാണത്തെ തുടർന്ന് പാർക്കിന് വി.എസിന്റെ പേര് നൽകാൻ തീരുമാനിക്കുകയായിരുന്നു. ഭാവിയിൽ വി.എസിന്റെ പൂർണകായ പ്രതിമ നിർമിക്കാനും ട്രിഡ പദ്ധതിയിടുന്നുണ്ട്.
വട്ടിയൂർക്കാവ് പുനരധിവാസ കെട്ടിട നിർമാണത്തിന്റെ ഒന്നാം ഘട്ടമായി 9.26 കോടിയുടെ എസ്റ്റിമേറ്റ് അനുസരിച്ചുള്ള പണി സാങ്കേതിക അനുമതി ലഭിച്ചാലുടൻ ആരംഭിക്കും. മൂന്ന് നിലകളിലായയുള്ള പ്രധാന കെട്ടിടത്തിൽ ആംഫി തിയേറ്ററും പാർക്കും പൊതുയോഗത്തിനുള്ള സ്ഥലവും കളിയിടങ്ങളുമുണ്ട്.
ജവഹർ ബാലഭവനിൽ കാര്യക്ഷമമായി ഉപയോഗിക്കപ്പെടാത്ത തുറസ്സായ സ്ഥലത്തിനെ കുട്ടികൾക്കുള്ള സമഗ്ര പഠന വിനോ ദ പ്ലേ സ്കേപ്പാക്കി മാറ്റുന്ന അറിവിടം, ജവഹർ ബാലഭവനിലെ പ്ലേ സ്കേപ്പ്, ചാക്ക, ഈഞ്ചക്കൽ ഫ്ലൈഓവറിന്റെ താഴ്വശത്തെ സൗന്ദര്യവത്ക്കരണം നടത്തുന്ന ആമുഖം, ചാക്ക -ശംഖുമുഖം ബീച്ച്-എയർപോർട്ട് ആഭ്യന്തര ടെർമിനൽ- കോറിഡോർ സൗന്ദര്യവത്ക്കരണം നടത്തുന്ന ഇവിടം, ജവഹർ ബാലഭവനിൽ ലൈബ്രറിയും സ്കൂൾ കെട്ടിടവും കുട്ടികളുടെ തിയേറ്ററും ഉൾപ്പെടെയുള്ള അറിവിടത്തിന്റെ രണ്ടാംഘട്ട പദ്ധതി, എൽ.എം.എസ് - വെള്ളയമ്പലം - കവടിയാർ - പൈപ്പ് ലൈൻ റോഡ് സൗന്ദര്യവത്ക്കരണം എന്നിവയാണ് നടപ്പാക്കുന്ന മറ്റ് പദ്ധതികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.