തിരുവനന്തപുരം: സർക്കാറിനെതിരെ പ്രതിഷേധവും രാഷ്ട്രീയ പ്രതിരോധവും തീർത്ത് യു.ഡി.എഫ് സെക്രേട്ടറിയറ്റ് ഉപരോധം. രാവിലെ ആറുമുതൽ സെക്രേട്ടറിയറ്റിലെ പ്രധാന ഗേറ്റുകള്‍ ഉപരോധിച്ച പ്രവര്‍ത്തകര്‍ സര്‍ക്കാറിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കി നിലയുറപ്പിച്ചു. ആറ് മുതൽ മൂന്ന് കവാടങ്ങളും ഉപരോധിച്ചു.
ഒറ്റക്കും കൂട്ടമായും പ്രവർത്തകർ സമര കേന്ദ്രത്തിലേക്കെത്തി. തലസ്ഥാന ജില്ലയില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് ആദ്യം സെക്രേട്ടറിയറ്റ് വളഞ്ഞത്.
മറ്റ് ജില്ലകളില്‍ നിന്നുള്ള തെരഞ്ഞെടുത്ത വളന്റിയർമാർ എട്ടോടെ സെക്രട്ടേറിയറ്റിന് മുന്നിലെത്തി പ്രതിഷേധത്തില്‍ അണിചേര്‍ന്നു. ഒരേ സമയം മൂന്ന് വേദികളാണ് ഒരുക്കിയിരുന്നത്. സമരഗേറ്റിന് മുന്നിലായിരുന്നു പ്രധാന വേദി. ആസാദ് ഗേറ്റിന് മുന്നിലായിരുന്നു രണ്ടാമത്തേത്. വെ.എം.സി.എ ഗേറ്റിന് മുന്നിൽ മൂന്നാം വേദിയും. പ്രതിഷേധം നേരിടാന്‍ ബാരിക്കേഡുകളും നൂറുകണക്കിന് പൊലീസുകാരെയും വിന്യസിച്ചിരുന്നു.
അഴിമതിയിലും സ്വജനപക്ഷപാതത്തിലും മുങ്ങിക്കുളിച്ച മുഖ്യമന്ത്രി രാജിവെക്കുക, വിലക്കയറ്റം നിയന്ത്രിക്കുക, കര്‍ഷകരോടുള്ള അവഗണന അവസാനിപ്പിക്കുക, എ.ഐ കാമറ, കെ-ഫോണ്‍ അഴിമതികള്‍ക്ക് മറുപടി പറയുക, മാസപ്പടി ഉള്‍പ്പെടെയുള്ള അഴിമതി ആരോപണങ്ങളില്‍ അന്വേഷണം നടത്തുക, സഹകരണ ബാങ്ക് കൊള്ള അവസാനിപ്പിക്കുക, ക്രമസമാധാന തകര്‍ച്ചക്ക് പരിഹാരം കാണുക എന്നിങ്ങനെ എഴുതിയ ബാനറുകളും പ്ലക്കാർഡുകളും പിടിച്ചായിരുന്നു പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് വളഞ്ഞത്.
സെക്രട്ടേറിയറ്റില്‍ എത്തുന്ന ജീവനക്കാരെ തടയരുതെന്ന് നേതാക്കൾ പ്രവർത്തകർക്ക് നിർദേശം നൽകിയിരുന്നു. പത്തോടെ തന്നെ യു.ഡി.എഫ് നേതാക്കള്‍ സെക്രട്ടേറിയറ്റിന് മുന്നിലെ വിവിധ വേദികളിലെത്തി. ആയിരങ്ങൾ എത്തിയതോടെ സെക്രട്ടേറിയറ്റ് പരിസരം സ്തംഭിച്ചു.
സര്‍ക്കാറിനെതിരെ രൂക്ഷമായ ഭാഷയിലാണ് ഉപരോധം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷനേതാവ് വി.ഡി. സതീശന് സംസാരിച്ചത്. കുട്ടികൾക്ക് ഉച്ച ഭക്ഷണം കൊടുക്കാൻ കാശില്ലാത്തപ്പോഴാണ് ആയിരം വാഹനങ്ങളുടെ അകമ്പടിയിൽ മുഖ്യമന്ത്രി യാത്ര നടത്തുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഘടകകക്ഷി നേതാക്കള്‍ ഉള്‍പ്പെടെ മുന്നണിയുടെ പ്രധാനപ്പെട്ട നേതാക്കളെല്ലാം ഉപരോധ സമരത്തിനെത്തിയത് പ്രവർത്തകർക്കും ആവേശമായി. 1500ഓളം പൊലീസുകാരെയാണ് തലസ്ഥാന നഗരത്തില്‍ സുരക്ഷക്കായി വിന്യസിച്ചത്.
തിരുവനന്തപുരം: യു.ഡി.എഫ് ഉപരോധത്തെതുടർന്ന് നഗരത്തിൽ ഗതാഗതം സ്തംഭിച്ചു. പ്രധാന റോഡുകളിലും ഇടറോഡുകളിലുമെല്ലാം വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. എം.ജി റോഡ്, പാളയം, ബേക്കറി ജങ്ഷൻ, തമ്പാനൂർ, തൈക്കാട്, വഴുതക്കാട്, മ്യൂസിയം, കവടിയാർ, ജഗതി, ശാസ്തമംഗലം എന്നീ ഭാഗങ്ങളിൽ വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. സ്കൂൾ, കോളജ് ബസുകൾ കുരുക്കിൽപെട്ട് ഏറെനേരം കിടന്നു.
ആംബുലൻസുകൾ പൊലീസ് ഏറെ പണിപ്പെട്ടാണ് വഴിതിരിച്ചുവിട്ടത്. തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങിയവരും പ്രയാസത്തിലായി. സെക്രട്ടേറിയറ്റിൽ ജീവനക്കാരും ഉന്നത ഉദ്യോഗസ്ഥരും കന്റോൺമെന്റ് ഗേറ്റുവഴി സെക്രട്ടേറിയറ്റിലെത്തി. മുഖ്യമന്ത്രിയും മന്ത്രിമാരും ഓഫിസിലെത്തി.
വാഹനങ്ങൾ വഴിതിരിച്ചുവിട്ടതോടെ ജനം വലഞ്ഞു. കിഴക്കേകോട്ടയിലേക്കുള്ള വാഹനങ്ങളെല്ലാം പാളയത്തുനിന്ന് ബേക്കറി വഴി തിരിച്ചുവിട്ടതോടെ സ്റ്റാച്യു, പുളിമൂട്, ആയുർവേദ കോളജ്, ഓവർബ്രിഡ്ജ് എന്നിവിടങ്ങളിലേക്ക് പോകേണ്ടവർക്ക് കാൽനട യാത്രയേ നിവൃത്തിയുണ്ടായിരുന്നു. പ്രധാന റോഡുകളിലെ വാഹനങ്ങളിൽ ഇടറോഡുകളിലേക്ക് തിരിച്ചുവിട്ടതോടെ ഇവിടെയും വാഹനങ്ങൾ ഏറെനേരം നീങ്ങാനാകാതെ കിടന്നു. സമരത്തെക്കുറിച്ച് അറിയാതെ വിവിധ ആവശ്യങ്ങൾക്കായെത്തിയവരും വലഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.