തിരുവനന്തപുരം: വർഷങ്ങളായുള്ള നാട്ടുകാരുടെ കാത്തിരിപ്പിന് വിരാമമാകുന്നു. വള്ളക്കടവിൽ 59.20 കോടി രൂപ മുടക്കി നിർമ്മിക്കുന്ന പുതിയ പാലത്തിന്റെ ടെണ്ടർ നടപടികൾ ആരംഭിച്ചു. മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം മുഖ്യമന്ത്രിക്ക് നൽകിയ പരാതിക്ക് ലഭിച്ച മറുപടിയിലാണ് പൊതുമരാമത്ത് പാലങ്ങൾ വിഭാഗം എക്സി. എഞ്ചിനീയർ ഇതുസംബന്ധിച്ച് വിശദീകരണം നൽകിയത്. കഴിഞ്ഞ ജനുവരി എട്ടിന് പാലത്തിന് ഭരണാനുമതി ലഭിച്ചതായി കത്തിൽ പറയുന്നു. സ്ഥലം ഏറ്റെടുപ്പ് പൂർത്തിയായി. ഡി.പി.ആറിന്റെ സാങ്കേതികാനുമതി ലഭ്യമാക്കാൻ നടപടിക്രമങ്ങൾ നടന്നുവരുന്നു. സാങ്കേതികാനുമതി ലഭിച്ചാലുടൻ ടെണ്ടർ ചെയ്ത് നിർമ്മാണം ആരംഭിക്കുമെന്നും കത്തിൽ പറയുന്നു.
വള്ളക്കടവിലെ 137 വർഷം പഴക്കമുള്ള പാലത്തിന് പകരമാണ് പുതിയ പാലം നിർമ്മിക്കുന്നത്. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെയാണ് പുതിയ പാലം പണിയാൻ തീരുമാനമായത്. എന്നാൽ പല കാരണങ്ങളാൽ പദ്ധതി വൈകി. നഗരത്തെ തീരപ്രദേശവും വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയിലാണ് വള്ളക്കടവ് പാലം. പുതിയ പാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് 2018ൽ മനുഷ്യാവകാശ പ്രവർത്തകൻ രാഗം റഹീം ഹൈകോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചിരുന്നു. സർക്കാർ തുടർനടപടി സ്വീകരിച്ചെങ്കിലും ഭൂമിയേറ്റെടുക്കലിലെ പ്രതിഷേധങ്ങൾ പാലംപണി അനിശ്ചിതമായി നീളാനിടയാക്കി.
പാലത്തിന്റെ സ്റ്റീൽ ഗർഡറുകൾ ദ്രവിച്ച് തകർന്ന നിലയിലാണ്. ദിവസേന ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പാലമാണിത്. 500 മീറ്റർ നീളത്തിലുള്ള പുതിയ പാലം പണിയുന്നതുവരെ 79 ലക്ഷം രൂപ ചെലവിട്ട് താത്കാലികമായി നിർമിച്ച മറ്റൊരു പാലത്തിലൂടെയാണ് വാഹനങ്ങൾ കടത്തിവിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.