തിരുവനന്തപുരം മെഡിക്കൽ കോളജ്: ഓണ്‍ലൈന്‍ ഒ.പിക്ക് സ്വീകാര്യതയേറുന്നു

തിരുവനന്തപുരം: ഓണ്‍ലൈനായി ഒ.പി രജിസ്ട്രേഷൻ നടത്തിയശേഷം ആശുപത്രിയില്‍ ചികിത്സക്കെത്തുന്ന സംവിധാനത്തിന് സ്വീകാര്യതയേറി. തിരുവനന്തപുരം മെഡിക്കൽ കോളജിൽ കൂടുതൽ പേർ ഓൺലൈൻ സംവിധാനത്തെ ആശ്രയിച്ചു തുടങ്ങിയിട്ടുണ്ട്. ഒ.പി ടിക്കറ്റെടുക്കാൻ അതിരാവിലെ ആശുപത്രിയിലേക്ക് പുറപ്പെടേണ്ട അവസ്ഥക്ക് പുതിയ സംവിധാനം മാറ്റമുണ്ടാക്കി. ആശുപത്രിയിൽ കഴിഞ്ഞ സര്‍ക്കാറിന്‍റെ കാലത്ത് ആരംഭിച്ച ഇ- ഹെല്‍ത്ത് പദ്ധതിയുടെ ഭാഗമായാണ് ഓണ്‍ലൈന്‍ വഴി ഒ.പി ടിക്കറ്റെടുക്കുന്നതിന് ക്രമീകരണമൊരുക്കിയത്.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഓണ്‍ലൈന്‍ വഴിയുള്ള ചികിത്സാ സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട നടപടികൾ ആരോഗ്യമന്ത്രി വീണ ജോര്‍ജിന്‍റെ നേതൃത്വത്തിലും ഊർജിതമാക്കി. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സാറാവര്‍ഗീസ്, ആശുപത്രി സൂപ്രണ്ട് ഡോ. എ. നിസാറുദീന്‍, ഇ- ഹെല്‍ത്തിന്‍റെ ചുമതലയുള്ള ഡോ. വിശ്വനാഥന്‍ എന്നിവര്‍ മെഡിക്കൽ കോളജിലെ ഓൺലൈൻ വഴിയുള്ള ഒ.പി ടിക്കറ്റ് പദ്ധതി യാഥാർഥ്യമാക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തി.ഒ.പി ടിക്കറ്റിന്‍റെ പ്രിന്‍റൗട്ടുമായി വരുന്നവര്‍ക്ക് നേരിട്ട് ഡോക്ടറെ കാണാനാകും. ഓണ്‍ലൈന്‍ ഒ.പി രജിസ്ട്രേഷനിലൂടെ ഒ.പി ടിക്കറ്റെടുക്കാതെ ടോക്കണ്‍ മാത്രമെടുത്ത് വരുന്നവര്‍ക്ക് ഒ.പി ബ്ലോക്കില്‍ പ്രത്യേകം കൗണ്ടര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവിടെയെത്തി റഫറല്‍ ലെറ്ററോ പഴയ ഒ.പി ടിക്കറ്റോ ഡിസ്ചാര്‍ജ് കാര്‍ഡോ കൈമാറി ഒ.പി ടിക്കറ്റെടുത്ത് ഡോക്ടറെ കാണാന്‍ കഴിയും. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പ്രാബല്യത്തില്‍ വന്നതോടെ സെക്യൂരിറ്റി കൗണ്ടറിലെ ടോക്കണിനായി ഇനി കാത്തുനില്‍ക്കേണ്ടതില്ല. https://ehealth.kerala.gov.in വഴി രജിസ്റ്റർ ചെയ്താണ് ടോക്കൺ എടുക്കേണ്ടതെന്ന് ഡോ. എ. നിസാറുദീൻ അറിയിച്ചു.

Tags:    
News Summary - Trivandrum Medical College: Online OP is gaining acceptance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.