കുടിവെള്ളം നൽകിയ വീട്ടമ്മയെ കൊന്നുതള്ളി; ഞെട്ടലിൽ നാട്

തിരുവനന്തപുരം: മകനെപ്പോലെ പോലെ സ്നേഹിച്ചവൻതന്നെ ആ അമ്മയുടെ ജീവനെടുക്കുമ്പോൾ രക്ഷക്കെത്താൻ രക്ഷാപുരി റോഡിലെ ആർക്കും കഴിഞ്ഞില്ല. ഒടുവിൽ ഞായറാഴ്ച രാത്രി വീടിന് സമീപത്തെ കിണറ്റിൽ നിന്നും കൈയും കാലും ബന്ധിച്ച നിലയിൽ മനോരമയുടെ (68) മൃതദേഹം അഗ്നി രക്ഷാസേന മുങ്ങിയെടുക്കുമ്പോൾ തകർന്നുപോയത് ഭർത്താവ് ദിനരാജ് മാത്രമായിരുന്നില്ല, നാടൊന്നാകെയായിരുന്നു.

രണ്ടാഴ്ച മുമ്പാണ് മനോരമയുടെ വീടിന് തൊട്ടടുത്തായി പണിനടക്കുന്ന ഇരുനില വീടിന്‍റെ നിർമാണത്തിനായി ആദം അലി ഉൾപ്പെടുന്ന ആറംഗ സംഘം എത്തിയത്. മുമ്പും ഇവിടെ പണിക്ക് ഉണ്ടായിരുന്ന ഇതരസംസ്ഥാനക്കാർ മാറിപ്പോയപ്പോഴാണ് പകരം കരാറുകാരന്‍ ഇവരെ പണിക്കായി നിയോഗിച്ചത്.

നേരത്തേയുണ്ടായിരുന്ന പണിക്കാരുമായി നല്ല ബന്ധം കാത്തുസൂക്ഷിച്ച ദിനരാജും മനോരമയും 21 വയസ്സ് മാത്രമുള്ള ആദം ആലിയടക്കമുള്ളവരോട് അതിനെക്കാൾ അടുപ്പം സൂക്ഷിച്ചു. ഇതരസംസ്ഥാനത്തുനിന്ന് എത്തിയവരായതിനാൽ അവർക്ക് കുടിക്കാനും കുളിക്കാനും വെള്ളം കുടുംബം നൽകി. ഏതു സമയത്തും വീട്ടിലെ കിണറ്റിൽനിന്ന് വെള്ളമെടുക്കാനുള്ള സ്വാതന്ത്ര്യം ഇവർക്ക് ഇരുവരും നൽകി.

ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നോടെ മനോരമയുടെ വീട്ടിൽനിന്നു നിലവിളി ശബ്ദവും ഞരക്കവും കേട്ടതായുള്ള അയൽവാസി സെയ്ബയുടെ സംശയമാണ് കൊലപാതകം പുറത്തറിയാൻ കാരണമായത്. ഒരാൾ ഉച്ചത്തിൽ നിലവിളിക്കുന്നത് കേട്ട് അയൽവാസികൾ സമീപത്തുള്ള വീടുകളിൽ കയറി പരിശോധിച്ചിരുന്നു. മനോരമയുടെ വീട്ടിൽനിന്നു മാത്രം ആരും ഇറങ്ങിവന്നില്ല. ഇതിനു പിന്നാലെയാണ് അയൽവാസികൾ ദിനരാജിനെ ഫോണിൽ ബന്ധപ്പെട്ടത്.

മനോരമ വീട്ടിലുണ്ടാകുമെന്ന് ദിനരാജ് പറഞ്ഞതനുസരിച്ച് നാട്ടുകാർ വീട് പരിശോധിച്ചെങ്കിലും കണ്ടെത്തിയില്ല. തുടർന്ന് വൈകീട്ട് അഞ്ചരയോടെ ദിനരാജ് മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലിലാണ് വീടിന് സമീപത്തെ കിണറിൽനിന്ന് മനോരമയുടെ മൃതദേഹം കണ്ടെത്തിയത്.

മനോരമയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം വീടിന് പിറകിലെ മതിലിന് മുകളിലൂടെ തൊട്ടടുത്ത ആൾപ്പാർപ്പില്ലാത്ത വീടിന്‍റെ മുറ്റത്തേക്ക് മൃതദേഹം കൊണ്ടുപോകാൻ ശ്രമിച്ചതിന്‍റെ അടയാളങ്ങൾ തിങ്കളാഴ്ച ഫോറൻസിക് സംഘം ശേഖരിച്ചു. 21 വയസ്സുകാരനായ ആദം ഒറ്റക്കാണ് മൃതദേഹം ചുമന്ന് കിണറ്റിലേക്ക് എറിഞ്ഞത്.

ഇതിന്‍റെ സി.സി ടി.വി ദൃശ്യങ്ങളും സമീപത്തെ വീട്ടിൽനിന്ന് പൊലീസിന് ലഭിച്ചു. മനോരമയും ഭർത്താവ് ദിനരാജും കൊളീജിയറ്റ് എജുക്കേഷൻ ഡിപ്പാർട്മെന്റിൽ സീനിയർ സൂപ്രണ്ടുമാരായി വിരമിച്ചവരാണ്. ഇവർ രണ്ടുപേരും മാത്രമാണ് രക്ഷാപുരി റോഡിലെ വീട്ടിൽ താമസിച്ചിരുന്നത്. ഏകമകൾ നീലാഞ്ജന പരവൂരിലെ ഭർതൃവീട്ടിലാണ് താമസം.

Tags:    
News Summary - The housewife who provided drinking water was killed; The village is in shock

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.