തിരുവനന്തപുരം: അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയാക്കി ബുധനാഴ്ച നാടെങ്ങുമുള്ള മലയാളികൾ തിരുവോണമാഘോഷിക്കും. ഉത്രാടനാളായ ചൊവ്വാഴ്ച നാടും നാട്ടുകാരും ഓണത്തിരക്കിൽ അമര്‍ന്നു. ഇടയ്ക്കുപെയ്ത മഴയുടെയും ഓണവെയിലിന്റെ ചൂടിനെയും മറന്ന് സദ്യ ഉൾപ്പെടെ ഒരുക്കുന്നതിനുള്ള ഓണവിഭവങ്ങള്‍ വാങ്ങുന്നതിനും കാഴ്ചവിരുന്ന് ആസ്വദിക്കാനും വിപണിയിലും മാർക്കറ്റുകളിലും ജനം നിറഞ്ഞു. എങ്ങും ആഘോഷരാവിന്റെ തിമിര്‍പ്പായിരുന്നു. പുലരുമ്പോള്‍ പൊന്നോണം കണികാണാനും വരവേല്‍ക്കാനുമുള്ള ആനന്ദം എല്ലായിടത്തും ദൃശ്യമായിരുന്നു.
എന്തൊക്കെ ഒരുക്കങ്ങൾ നടത്തിയാലും ഉത്രാടപ്പാച്ചിൽ മലയാളിയെ സംബന്ധിച്ച് ഒഴിവാക്കാനാകാത്ത ഒന്നാണ്. കാലവും തലമുറകളും മാറിയാലും പുതിയ രീതിയിലും ഭാവത്തിലും അത് തുടരുന്നതാണ് ചൊവ്വാഴ്ചയും കാണാനായത്. സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും മറ്റൊരു ഓണക്കാലം പടിവാതിൽക്കലെത്തി നിൽക്കവെ വരവേൽക്കാൻ തയാറെടുക്കുകയാണ് നാടും നഗരവും.
ശ്രാവണ പൗര്‍ണമിയും തിരുവോണം നക്ഷത്രവും ഒരുമിക്കുന്ന നാളിലാണ് ഓണം ആഘോഷിക്കുന്നത്. ചൈത്രത്തില്‍ ഭാരതീയ വര്‍ഷവും ചിത്തിരയില്‍ (മേടം) തമിഴ് വര്‍ഷവും തുടങ്ങുമ്പോള്‍ കൊല്ലവര്‍ഷം തുടങ്ങുന്നത് ചിങ്ങത്തിലാണ്. കാര്‍ഷിക വൃത്തിയെ അനുകരിച്ചാണ് മലയാളിയുടെ വര്‍ഷാരംഭവും അനുബന്ധമായ ഓണാഘോഷവും ഒരുമിപ്പിച്ചത്. അവ ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും കാലമായി മലയാളി മനസിലുറപ്പിച്ചു.
ആഘോഷനാളുകളില്‍ ഒന്നിച്ച് ആനന്ദം പങ്കിടുന്ന ദൃശ്യമാണ് എല്ലായിടത്തും കണ്ടത്. കച്ചവടകേന്ദ്രങ്ങളില്‍ വില്‍പ്പന തകൃതിയായി നടന്നു. വസ്ത്രവിപണിയിലും പൂമാര്ക്കറ്റുകളിലും വലിയ തിരക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായത്. കന്യാകുമാരിയിലെ തോവാള പൂവിന്റെ ചന്തയില്‍ ആയിരം ടണ്‍ പൂക്കളാണ് ഉത്രാടപുലരിയില് വിറ്റത്. തമിഴ്നാട്ടില്‍ നിന്നും വാഴയില മുതല്‍ പച്ചക്കറികളും വാഴക്കുലകളും പൂക്കളും വന്‍തോതില്‍ കേരളത്തിലേക്ക് എത്തി.
റസിഡന്റ്സ് അസോസിയേഷനുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, ക്ലബുകള്‍ എന്നിവ ഓണാഘോഷം നേരത്തെ നടത്തി. ഓണക്കിറ്റ് വിതരണം, സദ്യ, ഊഞ്ഞാലാട്ടം, പൂക്കള മത്സരങ്ങള്‍ എന്നിവ എല്ലായി ടത്തും ഉണ്ടായിരുന്നു. സമൂഹത്തിലെ എല്ലാ വിഭാഗവും സാധിക്കുന്ന തരത്തില്‍ ഓണാഘോഷത്തില്‍ പങ്കുചേര്‍ന്നു. കേരളത്തിനൊപ്പം തമിഴ്നാട്ടിലെ സമീപജില്ലകളും തിരുവോണനാളില്‍ ഓണക്കോടി ചാര്‍ത്തി.
മലയാളി ബാഹുല്യമുള്ള കന്യാകുമാരി, ഊട്ടി, കോയമ്പത്തൂര്‍, ചെന്നൈ എന്നീ ജില്ലകളില്‍ തിരുവോണത്തിന് തമിഴ്നാട് സര്‍ക്കാര്‍ രണ്ടുദിവസം പ്രാദേശിക അവധി അറിയിച്ചിട്ടുണ്ട്. തമിഴ്നാട്ടിലും കര്‍ണാടകത്തിലും പഠിക്കുന്ന വിദ്യാര്‍ഥികളും ജോലിചെയ്യുന്നവരും ഓണത്തിന് നാട്ടിലേക്ക് പുറപ്പെട്ടതിന്റെ തിരക്ക് സ്വകാര്യബസുകളിലും ട്രയിനുകളിലും അനുഭവപ്പെട്ടു.
മടക്കയാത്രക്കും സമാനമായ തിരക്കാണ് പ്രതീക്ഷിക്കുന്നത്. സർക്കാറിന്റെ ഓണം വാരാഘോഷങ്ങൾക്കും ഔദ്യോഗിക തുടക്കമായിട്ടുണ്ട്.
തിരുവനന്തപുരം നഗരം മുഴുവൻ ദീപാലങ്കാര പ്രഭയിലുമാണ്. ഉത്രാടപ്പാച്ചിലും തിരുവോണവും കഴിഞ്ഞ് ഓണം വാരാഘോഷങ്ങളിൽ പങ്കെടുക്കാനും ജനം ഒഴുകിയെത്തും. കന്യാകുമാരി ഉൾപ്പെടെ, സമീപ സംസ്ഥാനങ്ങളിലെ ടൂറിസം കേന്ദ്രങ്ങളിലേക്കും ഓണാഘോഷത്തിന്റെ ഭാഗമായി പലരും വിനോദയാത്ര നടത്താറുണ്ട്.
കാര്‍ഷികവൃത്തി കുറഞ്ഞെങ്കിലും ഗ്രാമനഗരങ്ങളില്‍ ഓണം ഇന്നും തെളിനിലാവു പോലെ മനോഹരമാണ്. മാവേലി സങ്കല്പത്തിന് മലയാളിയുടെ മനസും കാലവും കൂടുതല്‍ ഊന്നല്‍ നല്‍കുന്നതാണ് ഓരോ കാഴ്ചയും നൽകുന്ന യാഥാർഥ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.