കാർഷിക വിപണി ശക്തിപ്പെടുത്തുന്ന പദ്ധതിയുടെ ഭാഗമായി കൃഷിവകുപ്പ് പുറത്തിറക്കിയ
റീഫർ വാനുകളുടെ ഫ്ലാഗ്ഓഫ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു
തിരുവനന്തപുരം: കൃഷി വകുപ്പിന്‍റെ കാർഷിക വിപണി ശാക്തീകരിക്കൽ പദ്ധതിപ്രകാരം പഴം-പച്ചക്കറി വിപണനത്തിനായി ശീതീകരണ സംവിധാനമുള്ള 10 വാഹനങ്ങൾ നിരത്തിലേക്ക്. സെക്രട്ടേറിയറ്റ് അങ്കണത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്തു. കൃഷി മന്ത്രി പി. പ്രസാദ്, മന്ത്രി ആന്‍റണി രാജു എന്നിവർ സംബന്ധിച്ചു.
ജില്ലകളിലെ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ, ഹോർട്ടികോർപ്, കാർഷികോൽപാദക സംഘങ്ങൾ എന്നിവയാണ് വാഹനങ്ങളുടെ ഗുണഭോക്താക്കൾ. പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്ക് 50 ശതമാനം സബ്സിഡി നിരക്കിലും മറ്റ് ഏജൻസികൾക്ക് 100 ശതമാനം സബ്സിഡി നിരക്കിലുമാണ് വാഹനങ്ങൾ ഏർപ്പെടുത്തിയത്. 19 വാഹനങ്ങളിൽ ആദ്യഘട്ടത്തിലെ 10 എണ്ണമാണ് നിരത്തിലിറങ്ങിയത്. കേരള ലാൻഡ് ഡെവലപ്മെന്‍റ് കോർപറേഷനാണ് പദ്ധതി നിർവഹണ ഏജൻസി.
800 കിലോ വരെ ഭാരം കയറ്റാവുന്ന 1200 സി.സി റീഫർ വാനുകളിൽ ആറ് മുതൽ എട്ട് ഡിഗ്രി വരെ താപനിലയിൽ പഴം-പച്ചക്കറികൾ ആറ് മണിക്കൂർ വരെ ഫ്രഷ് ആയി സൂക്ഷിക്കാം.
തിരുവനന്തപുരം നന്ദിയോട് സർവിസ് കോഓപറേറ്റിവ് ബാങ്ക്, കൊല്ലം ജില്ല കന്നുകാലി ആൻഡ് ഹോർട്ടികൾചർ പ്രൊഡ്യൂസേഴ്സ് മാർക്കറ്റിങ് സൊസൈറ്റി ഇട്ടിവ, പത്തനംതിട്ട എലത്തൂർ സർവിസ് സഹകരണ ബാങ്ക്, കോയിപ്ര ഫാർമർ എക്സ്റ്റൻഷൻ ഓർഗനൈസേഷൻ, ആലപ്പുഴ ഭരണിക്കാവ് സർവിസ് സഹകരണ ബാങ്ക്, കഞ്ഞിക്കുഴി പി.ഡി.എസ്, ഹോർട്ടി കോർപ്, കോട്ടയം നീലോർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ്, ഇടുക്കി മംഗളം സർവിസ് സഹകരണ ബാങ്ക്, നെയ്ശേരി അഗ്രോ ഫുഡ് പ്രൊഡ്യൂസർ കമ്പനി എന്നിവക്കാണ് വാഹനം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.