തിരുവനന്തപുരം: മൃഗശാലയിൽ കടിപിടിയിൽ ഒരു സിംഹവാലൻ കുരങ്ങ് ചത്തു. 23 വയസ്സുള്ള രാമൻ എന്ന ആൺ സിംഹവാലൻ കുരങ്ങാണ് വെള്ളിയാഴ്ച രാവിലെ ചത്തത്. ബുധനാഴ്ച കൂട് വൃത്തിയാക്കുന്നതിനായി കുരങ്ങുകളെ കൂട് മാറ്റുന്നതിനിടയിൽ അപ്രതീക്ഷിതമായി രണ്ട് കുരങ്ങുകൾ പരസ്പരം ആക്രമിക്കുകയായിരുന്നു.
അപകടത്തിൽ രാമൻ എന്ന കുരങ്ങന് സാരമായ പരിക്ക് ഏറ്റിരുന്നു. പുറമെ ഉള്ള പരിക്കുകൾ ചികിത്സിച്ച ശേഷം ആന്തരിക രക്തസ്രാവവും വാരിയെല്ലുകളിൽ ഒടിവും കണ്ടതിനാൽ കുടപ്പനക്കുന്ന് മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ സർജ്ജറി നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ അതിനു മുൻപേ തന്നെ ചത്തു. എന്നാൽ തമ്മിലടിച്ച കുരങ്ങുകളിൽ ഒന്നിനെ മറ്റൊരു കൂട്ടിലേക്ക് മാറ്റി ഷട്ടർ ഇടുന്നതിനിടെ ദേഹത്ത് പതിച്ചാണ് അപകടം പിണഞ്ഞതെന്ന ആരോപണമുണ്ട്.
അങ്ങനെയാണ് വാരിയെല്ലിന് പൊട്ടൽ സംഭവിച്ചതെന്നും പറയപ്പെടുന്നു. ഇക്കാര്യം മൃഗശാല അധികൃതർ വിസമ്മതിച്ചു. കോടനാട് വനംവകുപ്പിൽ നിന്ന് 2008 ൽ ആണ് ഇതിനെ തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ചത്. ചെറു കൂട്ടങ്ങളായി ജീവിക്കുന്ന സിംഹവാലൻ കുരങ്ങുകളിൽ സംഘർഷം അപൂർവമല്ലെന്ന് വെറ്ററിനറി സർജ്ജൻ ഡോ. നികേഷ് കിരൺ അഭിപ്രായപ്പെട്ടു.
ഇനി മൂന്ന് ആൺ കുരങ്ങുകളും മൂന്ന് പെൺ കുരങ്ങുകളുമാണ് മൃഗശാലയിൽ ഉള്ളത്. അടുത്തിടെ ഒരു ഹിപ്പോയും ചത്തതായും പറയപ്പെടുന്നു. കേന്ദ്ര മൃഗശാല അതോറിട്ടിയുടെ സിംഹവാലൻ പ്രജനന പദ്ധതിയിൽ പങ്കാളിയാണ് തിരുവനന്തപുരം മൃഗശാല. പദ്ധതി യുടെ ഏകോപന ചുമതലയുള്ള ചെന്നൈ വണ്ടല്ലൂർ മൃഗശാലയിൽ നിന്ന് കുരങ്ങുകൾ എത്തിക്കാൻ ശ്രമിക്കുന്നതായി മൃഗശാല ഡയറക്ടർ മഞ്ജുളാദേവി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.