സർക്കാർ പദ്ധതിയിൽ പൂർത്തിയാക്കിയ സിനിമയുടെ റിലീസ് കെ.എസ്.എഫ്.ഡി.സി തടഞ്ഞതായി സംവിധായിക

തിരുവനന്തപുരം: വനിത സംവിധായകരെ ശാക്തീകരിക്കാൻ സർക്കാർ ആവിഷ്കരിച്ച പദ്ധതിയിൽ നിർമാണം പൂർത്തിയാക്കി സെൻസർ ചെയ്ത സിനിമ റിലീസ് ചെയ്യാതെ കെ.എസ്.എഫ്.ഡി.സി തടഞ്ഞുവെച്ചെന്ന പരാതിയുമായി നവാഗത സംവിധായിക രംഗത്ത്. മിനി ഐ.ജിയാണ് കെ.എസ്.എഫ്.ഡി.സിക്കെതിരെ രംഗത്തുവന്നത്.

62 തിരക്കഥകളിൽനിന്ന് തെരഞ്ഞെടുത്ത രണ്ടെണ്ണത്തിൽ ഒന്ന് താൻ എഴുതി സംവിധാനം ചെയ്ത 'ഡൈവോഴ്സി' ആണെന്നും 2020ൽ സെൻസർ ചെയ്ത സിനിമ റിലീസ് ചെയ്യാൻ തയാറാകുന്നില്ലെന്നും മിനി വാർത്തസമ്മേളനത്തിൽ ആരോപിച്ചു. സ്വകാര്യ ജോലി ഉപേക്ഷിച്ചാണ് സിനിമ മേഖലയിൽ ഇറങ്ങിയത്. 2020ൽ ഷൂട്ടിങ് പൂർത്തിയാക്കി അതേവർഷം സെൻസർ ചെയ്യുകയും 2021ൽ പ്രിവ്യൂ നടത്തുകയും ചെയ്തു.

പ്രിവ്യൂ വേദിയിൽ ഇരിക്കാനുള്ള അവസരംപോലും ലഭിക്കാതിരുന്ന തന്നോട്, സിനിമ ചെയ്യാൻ നൽകിയ സൗകര്യം ഔദാര്യമാണെന്ന് പലതവണ ചെയർമാൻ ഷാജി എൻ. കരുൺ പറഞ്ഞെന്നും സംവിധായിക ആരോപിച്ചു. റിലീസ് വൈകുന്നത് പരാതിപ്പെട്ടതിനെ തുടർന്ന് സാംസ്കാരിക മന്ത്രിയായിരുന്ന സജി ചെറിയാൻ എം.ഡിക്ക് നടപടിക്ക് നിർദേശം നൽകിയിരുന്നു.

മന്ത്രിയുടെ നിർദേശവും കെ.എസ്.എഫ്.ഡി.സി നടപ്പാക്കിയില്ല. കഴിഞ്ഞ ദിവസം ചെയർമാനെ കണ്ട് പരാതി പറഞ്ഞപ്പോൾ, സർക്കാർ സിനിമ ചിത്രീകരിക്കാൻ മാത്രമാണ് പറഞ്ഞതെന്നും റിലീസ് ചെയ്യാൻ പറഞ്ഞിട്ടില്ലെന്നുമുള്ള മറുപടിയാണ് ലഭിച്ചത്. സർക്കാർ പദ്ധതിയെ കെ.എസ്.എഫ്.ഡി.സി തുരങ്കംവെക്കുകയാണെന്നും മിനി ആരോപിച്ചു.

Tags:    
News Summary - The director said that KSFDC has blocked the release of the film completed under the government project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.