നാ​വി​ക​സേ​നാ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ളു​ടെ പ​രീ​ശീ​ല​നം ശം​ഖുംമു​ഖം തീ​ര​ത്ത് ന​ട​ന്ന​പ്പോ​ൾ

അഭിമാനത്തിന്‍റെ ഓളപ്പരപ്പിൽ തലസ്ഥാനം; നാവികാഭ്യാസ പ്രകടനങ്ങൾ നാളെ

തിരുവനന്തപുരം: നാവികസേന ദിനാഘോഷത്തോടനുബന്ധിച്ച് ബുധനാഴ്ച നടക്കുന്ന നാവികാഭ്യാസ പ്രകടനങ്ങൾക്കുള്ള ഒരുക്കങ്ങൾ ശംഖുംമുഖത്ത് പൂർത്തിയായി. നാവികാഭ്യാസ പ്രകടനങ്ങളുടെ അവസാനഘട്ട പരിശീലനങ്ങൾ തിങ്കളാഴ്ച ഉന്നത നാവികസേന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വിലയിരുത്തി. ബുധനാഴ്ച രാവിലെയോടെ ചടങ്ങ് വീക്ഷിക്കാൻ രാഷ്ട്രപതി ദ്രൗപദി മുർമു തലസ്ഥാനത്ത് എത്തും. രാഷ്ട്രപതിയുടെ വരവ് പ്രമാണിച്ച് കരയിലും തീരത്തും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

ചെണ്ടമേളം, മോഹിനിയാട്ടം, കളരിപ്പയറ്റ്, ഭൂതത്തിറ, പടയണി, മയൂരനൃത്തം കഥകളി, തെയ്യം തുടങ്ങി കേരളത്തിന്‍റെ പാരമ്പര്യ കലകളിലൂടെയാണ് ആഘോഷത്തിന് തുടക്കമാകുന്നത്. പിന്നാലെ നാവിക സേനയുടെ ബാന്‍റ്ഗ്രൂപ്പിന്‍റെ സംഗീതവിരുന്നും രാഷ്ട്രപതിയടക്കം ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മുന്നിൽ അരങ്ങേറും. വൈകീട്ട് 4.30 ഓടെയാകും അഭ്യാസപ്രകടനങ്ങൾക്ക് തുടക്കമാകുക. ഇന്ത്യയുടെ പടക്കപ്പലുകളായ ഐ.എൻ.എസ് കൊൽക്കത്ത, ഐ.എൻ.എസ് ഇൻഫാൽ, ഐ.എൻ.എസ് തൃശൂൽ, ഐ.എൻ.എസ് തമാൽ, ഐ.എൻ.എസ് വിദ്യുത്, ഐ.എൻ.എസ് വിപുലുമാണ് അഭ്യാസപ്രകടനങ്ങളുമായി ആദ്യം കാണികൾക്ക് മുന്നിലെത്തുക.

തുടർന്ന് ഹെലികോപ്റ്ററുകളുടെയും കടൽ കമാൻഡോകളുടെ പോരാട്ടവീര്യം വെളിവാക്കുന്ന പ്രകടനങ്ങൾ അറങ്ങേറും. വൈകീട്ട് 6.30 ഓടെ അഭ്യാസപ്രകടനങ്ങൾക്ക് തിരശീല വീഴും. ഉച്ചക്ക് ഒരു മണിമുതൽ നഗരത്തിൽ അനുവദിച്ചിട്ടുള്ള പാർക്കിങ് കേന്ദ്രങ്ങളിൽ നിന്ന് കെ.എസ്.ആർ.ടി.സി നിശ്ചിത നിരക്ക് ഇടാക്കി പൊതുജനങ്ങൾക്കായി പ്രത്യേക സർവീസ് നടത്തും. പരിപാടി കഴിഞ്ഞതിന് ശേഷം പാർക്കിങ് ഗ്രൗണ്ടുകളിൽ തിരികെ കെ.എസ്.ആർ.ടി.സി ബസുകളിൽ എത്തിക്കും.

ഇവ പാർക്കിങ് കേന്ദ്രങ്ങൾ

പുത്തരികണ്ടം മൈതാനം, ഗ്രീൻഫീൽഡ് സ്റ്റേഡിയം, കാര്യവട്ടം യൂനിവേഴ്‌സിറ്റി കോളേജ്, എം.ജി കോളജ് ഗ്രൗണ്ട്, കവടിയാർ സാൽവേഷൻ ആർമി ഗ്രൗണ്ട്, സംസ്‌കൃത കോളജ് , യൂനിവേഴ്‌സിറ്റി കാമ്പസ്, എൽ.എം.എസ് പാർക്കിങ് ഗ്രൗണ്ട്, പൂജപ്പുര ഗ്രൗണ്ട്, വെള്ളയമ്പലം ജിമ്മി ജോർജ്, വാട്ടർ അതോറിറ്റി പാർക്കിങ് കോമ്പൗണ്ട്, കിള്ളിപ്പാലം ബോയ്സ് ഹൈസ്‌കൂൾ, ആറ്റുകാൽ പാർക്കിങ് ഗ്രൗണ്ട്, ഐരാണിമുട്ടം ഹോമിയോ കോളജ്, ലുലുമാൾ, ആനയറ വേൾഡ് മാർക്കറ്റ്, കരിക്കകം ക്ഷേത്രം പാർക്കിങ് ഗ്രൗണ്ട്, പുത്തൻതോപ്പ് പള്ളി ഗ്രൗണ്ടിലും, സെന്‍റ് സേവ്യയേഴ്‌സ് കോളജ് പാർക്കിങ് ഏരിയയിലും വാഹനങ്ങൾ പാർക്ക് ചെയ്യാം.

പാസില്ലാത്തവർക്ക് കെ.എസ്.ആർ.ടി.സി സർവീസ്

പാസില്ലാതെ പരിപാടി കാണാൻ വരുന്ന പൊതുജനങ്ങൾ, വാഹനങ്ങൾ തിരുവനന്തപുരം സിറ്റി പരിധിയിൽ വിവിധ ഭാഗങ്ങളിൽ ക്രമീകരിച്ചിട്ടുള്ള പാർക്കിങ് ഗ്രൗണ്ടുകളിൽ പാർക്ക് ചെയ്യണം. പാർക്കിങ് ഗ്രൗണ്ടുകളിൽ ഏർപ്പെടുത്തിയിരിക്കുന്ന കെ.എസ്.ആർ.ടി.സി ബസുകളിൽ കയറി വെട്ടുകാട് ഇറങ്ങി പരിപാടി കണ്ടതിനുശേഷം വെട്ടുകാട് ഭാഗത്ത് ക്രമീകരിച്ചിരിക്കുന്ന കെ.എസ്.ആർ.ടി.സി ബസുകളിൽ കയറി അതാത് പാർക്കിങ് ഗ്രൗണ്ടുകളിലേക്ക് തിരികെ പോകാം. ഉച്ചയ്ക്ക് ഒരു മണി മുതൽ പാർക്കിങ് ഗ്രൗണ്ടുകളിൽ നിന്നും കെ.എസ്.ആർ.ടി.സി ബസുകൾ നിശ്ചിത ടിക്കറ്റ് ചാർജ് ഈടാക്കി സർവീസ് നടത്തും.

പാസുള്ളവർക്ക് നേവിയുടെ വാഹനം

പാസ് അനുവദിക്കപ്പെട്ട കാണികളുടെ വാഹനങ്ങൾ ചാക്ക-ആൽ സെയിന്‍റ്സ്-ബാലനഗർ റോഡ് വഴിയും ചാക്ക-ആൽസെയിന്‍റ്സ്-മാധവപുരം-വേളി ടൂറിസ്റ്റ് വില്ലേജ്-വെട്ടുകാട് വഴിയും പാസിൽ അനുവദിക്കപ്പെട്ട പാർക്കിംഗ് സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതും നേവി ഏർപ്പെടുത്തിയിട്ടുളള വാഹനങ്ങളിൽ കണ്ണാന്തുറ എത്തി പരിപാടി കാണുകയും പരിപാടി കഴിഞ്ഞതിന് ശേഷം നേവി ഏർപ്പെടുത്തിയ വാഹനങ്ങളിൽ പാർക്കിംഗ് സ്ഥലങ്ങളിൽ എത്തി തിരികെ പോകേണ്ടതുമാണ്.

കുടയും വെള്ളം കരുതണം

സൈനികാഭ്യാസം കാണുവാനെത്തുന്ന പൊതുജനങ്ങൾ കുടയും ഹരിത ചട്ടം പാലിക്കുന്നതിന്‍റെ ഭാഗമായി സ്റ്റീൽ കുപ്പിയും കൈയിൽ കരുതേണ്ടതാണെന്ന് ജില്ല ഭരണകൂടം അറിയിച്ചു. ശംഖുമുഖത്തിന്റെ വിവിധ ഭാഗങ്ങളിലായി കുടിവെള്ളത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് ഫില്ലിംഗ് പോയിന്‍റുകളിൽ നിന്നും കുപ്പികളിൽ വെള്ളം നിറയ്ക്കാം. ഗ്രീൻ പ്രോട്ടോകോളിന്റെ ഭാഗമായിട്ടാണ് സ്റ്റീൽ കുപ്പികൾ കൈയിൽ കരുതാൻ ജില്ല ഭരണകൂടം നിർദേശിച്ചിരിക്കുന്നത്

Tags:    
News Summary - The capital is abuzz with pride; Naval exercises tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.