തിരുവനന്തപുരം: ബാലരാമപുരം ഐത്തിയൂരിൽ വിൽപനക്കായി കൊണ്ടുവന്നതെന്ന് കരുതുന്ന ഇരുതല മൂരിയെ വീടിന് സമീപം റോഡരിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വനംവകുപ്പ് ജീവനക്കാർ എത്തി ഇരുതലമൂരിയെ കൊണ്ടുപോയങ്കിലും കേസെുടക്കാത്തതിനെതിരെ ശക്തമായ ആക്ഷേപം ഉയർന്നു. ശനിയാഴ്ച രാത്രിയോടെയാണ് ഐത്തിയൂരിന് സമീപം വീടിന് മുന്നിൽ ചാക്കിൽ കെട്ടിയ നിലയിൽ ഇരുതലമൂരിയെ നാട്ടുകാർ കണ്ടത്.
വിവരം ഉടൻതന്നെ പൊലീസിനെ അറിയിക്കുകയും സ്പെഷ്യൽ ബ്രാഞ്ച് വിഭാഗം സ്ഥലത്തെത്തി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ വനംവകുപ്പിനെ അറിയിച്ചു. വനംവകുപ്പ് പരുത്തിപ്പള്ളി റെയിഞ്ചിന് കീഴിലെ ജീവനക്കാരെത്തി ഇരുതലമൂരിയെ കൊണ്ടുപോയി. വലിയ വിലവരുന്ന ഇരുതലമൂരിയെ വിൽപനക്കായി കൊണ്ടുവന്നശേഷം ഉപേക്ഷിച്ചതാണെന്നും ഇതേക്കുറിച്ച് വനംവകുപ്പ് കാര്യമായി അന്വേഷണം നടത്തിയില്ലെന്നുമാണ് നാട്ടുകാരുടെ ആരോപണം. സംഭവം അറിഞ്ഞ ഉടൻതന്നെ സ്ഥലത്തെത്തി ഇരുതലമൂരിയെ വനംവകുപ്പ് കൊണ്ടുവന്നുവെന്നും അന്വേഷണം നടന്നുവരുകയാണെന്നും പരുത്തിപ്പള്ളി റേഞ്ച് ഓഫിസർ അറിയിച്ചു.
ബാലരാമപുരം കേന്ദ്രീകരിച്ച് മുമ്പും ഇരുതലമൂരിയുമായുമായി ചില സംഘങ്ങളെ പിടികൂടിയിട്ടുണ്ട്. സാധാരണ പാമ്പുകളെ പോലെ നാട്ടിൻപുറങ്ങളിൽ കാണുന്ന ഒന്നല്ല ഇരുതലമൂരി. ഇത് വിൽപന നടത്തുന്ന സംഘങ്ങളാണ് ഇവിടെ എത്തിക്കുന്നതെന്നാണ് അനുമാനം. അപ്രകാരം ഏതോ സംഘം വിൽപനക്കായി എത്തിച്ച ഇരുതല മൂരിയാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്.
എവിടെ നിന്ന് ഇതിനെ കൊണ്ടുവന്നു, ആർക്കുവേണ്ടിയാണ് കൊണ്ടുവന്നത്, ആരാണ് ഇതിനെ ചാക്കിൽ കയറ്റിയത് തുടങ്ങിയ ചോദ്യങ്ങൾ ഇപ്പോഴും അവശേഷിക്കുകയാണ്. 50 ലക്ഷത്തിന് മുകളിൽവരെ വിലവരുന്നതാണ് ഇരുതല മൂരികൾക്ക്. ഇവയെ വിൽപന നടത്തുന്ന സംഘങ്ങളെ പല സ്ഥലങ്ങളിൽ നിന്ന് പൊലീസും വനംവകുപ്പും പിടികൂടിയിട്ടുണ്ട്. ഷെഡ്യൂൾ-നാല് ഇനത്തിൽ പെടുത്തി സംരക്ഷിക്കുന്നതാണ് ഇരുതലമൂരി എന്നയിനം പാമ്പുകളെ. ഇവയെ വിൽപന നടത്തുന്നത് നാലുവർഷവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.