​പ്രതീകാത്മക ചിത്രം

മ്യൂസിയം വളപ്പിൽ തെരുവുനായ് ആക്രമണം; പ്രഭാത സവാരിക്കാരടക്കം നിരവധി പേർക്ക് കടിയേറ്റു

തിരുവനന്തപുരം: മ്യൂസിയം-മൃഗശാല വളപ്പിൽ പ്രഭാതസവാരിക്ക് എത്തിയവരെ അടക്കം നിരവധിപേരെ തെരുവുനായ് കടിച്ചു. പിന്നീട് ചത്തനിലയിൽ കണ്ട നായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഡിസീസസിൽ നടത്തിയ പരിശോധനയിലാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്.

ചൊവ്വാഴ്ച രാവിലെയാണ് മ്യൂസിയം വളപ്പിൽ പ്രഭാത സവാരിക്ക് വന്നവർക്ക് നേരെ തെരുവുനായ് ആക്രമണം ഉണ്ടായത്. അഞ്ച് പേർക്ക് കൈയിലും കാലിലും കടിയേറ്റു. ഇവർ ആശുപത്രികളിൽ ചികിത്സ തേടി. സംഭവം വിവാദമായതോടെ മൃഗശാല അധികൃതർ അറിയിച്ചതനുസരിച്ച് കോർപറേഷൻ ജീവനക്കാർ എത്തി മൂന്നോ നാലോ തെരുവുനായ്കളെ വളപ്പിൽനിന്ന് പിടികൂടി.

സുരക്ഷിതമെന്ന് കരുതുന്ന മ്യൂസിയം - മൃഗശാല വളപ്പിൽ ആളുകൾക്ക് തെരുവുനായ് ആക്രമണം ഉണ്ടായത് വലിയ പ്രതിഷേധത്തിനാണ് ഇടയാക്കി. ഭക്ഷണാവശിഷ്ടങ്ങളും മറ്റും കൊണ്ടിടുന്നതാണ് തെരുവുനായ് ശല്യം വർധിക്കാൻ കാരണമെന്നാണ് അധികൃതർ പറയുന്നത്. മൃഗശാലക്കുള്ളിൽ നായ്, പൂച്ച, എലി, മരപ്പട്ടി തുടങ്ങിയ ജീവികളുടെ സാന്നിധ്യം ഇല്ലായ്മ ചെയ്യണം എന്നാണ് നിർദേശം. എന്നാൽ നായ്കൾ ഇവിടെ സ്വൈര്യവിഹാരം നടത്തുകയാണ്. ജീവനക്കാരിൽ ചിലർ തന്നെ ഭക്ഷണം നൽകി വളർത്തുകയാണെന്ന ആരോപണവും നിലനിൽക്കുന്നു. വിദേശ രാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നു മടക്കം ആയിരക്കണക്കിന് വിനോദ സഞ്ചാരികൾ എത്തുന്ന സ്ഥലത്താണ് ഈ അനാസ്ഥ.

കഴിഞ്ഞദിവസം വടക്കേന്ത്യയിൽ നിന്നുവന്ന വിനോദ സഞ്ചാരികളുടെ കൂട്ടത്തിലെ കുട്ടിയെ തെരുവുനായ് ആക്രമിക്കാൻ ശ്രമിച്ചു. കുട്ടിയെ രക്ഷിക്കുന്നതിനിടെ നിലത്തുവീണ കുട്ടിയുടെ മാതാവിന്‍റെ കൈക്ക് പരിക്കേറ്റു. വിനോദ സഞ്ചാരികൾക്ക് സുരക്ഷ ഒരുക്കിയില്ലെന്ന പരാതി ശക്തമാണ്. അടുത്ത സമയത്താണ് മാൻ വർഗത്തിൽപെട്ട മൃഗങ്ങൾക്ക് മൃഗശാലയിൽ പേ വിഷബാധയുണ്ടായത്. മൂന്ന് മ്ലാവുകൾ പേപിടിച്ച് ചത്തു. അടുത്ത സമയത്തും പേ വിഷബാധയേറ്റ് മ്ലാവ് ചത്തതായ വിവരവും ഉണ്ട്. പേ വിഷബാധയുടെ പശ്ചാത്തലത്തിൽ മൃഗങ്ങൾക്ക് പ്രതിരോധ കുത്തിവെപ്പ് എടുത്തിരുന്നു.

Tags:    
News Summary - Stray dog ​​attacks museum premises; several people, including morning joggers, bitten

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.