തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വാതില്‍ സ്വര്‍ണം പൊതിയാനുള്ള സ്വര്‍ണദണ്ഡ് കാണാതാവുകയും പിന്നീട് കണ്ടെത്തുകയും ചെയ്ത സംഭവത്തില്‍ ദുരൂഹത നീങ്ങിയില്ല. സ്വര്‍ണദണ്ഡ് കണ്ടെത്തിയ ഭാഗത്തെ സി.സി ടി.വി പ്രവർത്തിക്കാത്തതാണ് ദൂരുഹത വർധിപ്പിക്കുന്നത്. സംഭവത്തിൽ അഞ്ച് ക്ഷേത്ര ജീവനക്കാരെയും സ്വർണപ്പണിക്കാരായ മൂന്നുപേരെയും ചോദ്യം ചെയ്തെങ്കിലും കാര്യമായ വിവരം ലഭിച്ചില്ലെന്നാണ് സൂചന. അന്വേഷണം തുടരാനാണ് പൊലീസ് തീരുമാനം.
ദണ്ഡ് മോഷ്ടിക്കാനുള്ള ശ്രമമുണ്ടായതായി പൊലീസ് വിലയിരുത്തുന്നില്ല. അശ്രദ്ധ മൂലം മണ്ണില്‍ വീണതാണെന്ന് ഉറപ്പിച്ചിട്ടുമില്ല. എന്നാല്‍ കഴിഞ്ഞ ബുധനാഴ്ച നിര്‍ത്തിവെച്ച ശ്രീകോവിലിന്റെ വാതില്‍ സ്വര്‍ണം പൊതിയുന്ന ജോലി വ്യാഴാഴ്ച പുനരാരംഭിക്കും. ചൊവ്വാഴ്ച പൊലീസ് ക്ഷേത്രത്തിലെ സി.സി ടി.വി കാമറകള്‍ വീണ്ടും പരിശോധിച്ചിരുന്നു. ദണ്ഡ് കണ്ടെത്തിയ സ്ട്രോങ് റൂമിന്റെ പരിസരത്തെ കാമറകള്‍ പ്രവര്‍ത്തനരഹിതമാണ്. അതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനായില്ല. മറ്റിടങ്ങളിലെ കാമറകളിൽനിന്നും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടുമില്ല.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ക്ഷേത്രത്തിലെ സുരക്ഷസംവിധാനം ശക്തമാക്കി. പ്രവര്‍ത്തനരഹിതമായ കാമറകള്‍ മാറ്റിഘടിപ്പിക്കാനും പൂര്ണനിരീക്ഷണത്തില് സ്വര്‍ണം പൊതിയുന്ന ജോലി നടത്താനും തീരുമാനിച്ചിട്ടുണ്ട്. ശ്രീകോവിൽ സ്വർണം പതിപ്പിക്കുന്നതിനുള്ള സ്വർണക്കമ്പികളും തകിടുകളും തുണിസഞ്ചിയിലാക്കിയാണ് സ്ട്രോങ് റൂമിൽനിന്ന് നിർമാണം നടത്തുന്ന സ്ഥലത്ത് എത്തിച്ചത്. സാധാരണ പേനയുടെ വലുപ്പമുള്ള സ്വർണക്കമ്പി തുണിസഞ്ചിയിൽനിന്ന് താഴെ വീഴാനുള്ള സാധ്യത പൊലീസ് തള്ളുന്നില്ല.
എന്നാൽ തുണിസഞ്ചിയുടെ പരിശോധനയിൽ കമ്പി താഴെ വീഴാൻ തക്ക ദ്വാരം കണ്ടെത്തിയില്ലെന്ന് ഫോർട്ട് പൊലീസ് അറിയിച്ചു. സ്ട്രോങ് റൂമിനകത്ത് സി.സി ടി.വി സ്ഥാപിച്ചിട്ടില്ല. പുറത്തെ ദൃശ്യങ്ങൾ കാണാവുന്ന തരത്തിൽ സ്ഥാപിച്ചിട്ടുള്ള സി.സി ടി.വി കേടായ നിലയിലാണ്. അതേസമയം, മറ്റൊരു കാമറ ദൃശ്യത്തിൽ സഞ്ചിയുമായി പൊലീസും ജീവനക്കാരും നടന്നുപോകുന്നത് വ്യക്തമാണ്. ശനിയാഴ്ച രാവിലെ സ്വര്‍ണം പൊതിയുന്ന ജോലി തുടങ്ങാനിരിക്കെയാണ് ദണ്ഡ് കാണാതായ വിവരം പുറത്തറിയുന്നത്.
തുടര്‍ന്ന് നിര്‍മാണം നിര്‍ത്തിവെച്ചു. സുരക്ഷാ ചുമതലയുള്ള പൊലീസിന്റെയും സ്വര്‍ണം സൂക്ഷിക്കുന്നതിന് ചുമതലയുള്ള ദേവസ്വത്തിലെ മുതല്‍പ്പിടി, അസിസ്റ്റന്റ് മുതല്‍പ്പിടി എന്നിവരുടെ സംയുക്ത നേതൃത്വത്തിലാണ് സ്ട്രോങ് റൂമില്‍ നിന്ന് സ്വര്‍ണം പുറത്തെടുക്കുന്നത്. പ്രധാനവാതിലിന്റെ താക്കോല്‍ പൊലീസിന്റെ കൈവശമാണുള്ളത്. ഉള്ളില്‍ സ്വര്‍ണം സൂക്ഷിക്കുന്ന പെട്ടിയുടെ താക്കോല്‍ മുതല്‍പ്പിടിയും സൂക്ഷിക്കാറുണ്ട്. ഈ നിലയില്‍ ഒരുവിഭാഗം ജീവനക്കാരെ മാത്രം ചോദ്യം ചെയ്യുന്ന പൊലീസ് അന്വേഷണത്തില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.