റാപ്പിഡ് െറസ്പോൺസ് ടീം ബീറ്റ് ഫോറസ്റ്റ് ഓഫിസർ രോഷ്നി ജി.എസ് കഴിഞ്ഞദിവസം മുണ്ടേല ഭാഗത്ത് വീട്ടുവളപ്പിൽ കണ്ട മൂർഖൻ പാമ്പിനെ പിടികൂടുന്നു

നാട്ടിൻപുറങ്ങളിൽ പാമ്പ് വർധിക്കുന്നു; മൂന്നുമാസത്തിനിടെ തലസ്ഥാനത്ത് പിടിയിലായത് 200 ലധികം പാമ്പുകൾ

തിരുവനന്തപുരം: കടുത്ത വേനലും ആവാസവ്യവസ്ഥയിൽ വരുന്ന മാറ്റങ്ങളും കാരണം നാട്ടിൻപുറങ്ങളിലേക്ക് എത്തുന്ന പാമ്പുകളുടെ എണ്ണത്തിലും വലിയ വർധന. വന്യമൃഗങ്ങളുടെ ശല്യങ്ങൾ ക്കൊപ്പം ഭീഷണിയായി പാമ്പുകളും കൂട്ടത്തോടെ നാട്ടിലേക്കിറങ്ങിയതോടെ ഉറക്കംകെട്ട് ജനം ഭീതിയിലാണ്.

തലസ്ഥാനജില്ലയിൽ നിന്നുമാത്രം ഈവർഷം ഇതുവരെ വനംവകുപ്പിന്‍റെ പാമ്പ് പിടിത്തക്കാർ പിടികൂടിയത് 201 പാമ്പുകളെയാണ്.

ഇതിനുപുറമെ വനംവകുപ്പ് പരിശീലനം നൽകിയവരും ജില്ലയുടെ വിവിധഭാഗങ്ങളിൽ നിന്ന് നൂറോളം പാമ്പുകളെ പിടികൂടിയിട്ടുണ്ടെന്നാണ് ഔദ്യോഗിക വിവരം. പരുത്തിപ്പള്ളി, പാലോട്, കുളത്തൂപ്പുഴ ഫോറസ്റ്റ് റേഞ്ച്ഓഫിസിന് കീഴിലെ പ്രദേശങ്ങളിൽ നിന്നാണ് മൂന്നുമാസത്തിനിടെ ഇത്രയും പാമ്പുകളെ പിടികൂടിയത്. ഏറ്റവും കൂടുതലും മൂർഖനായിരുന്നു. ഉഗ്രവിഷമുള്ള 179 മൂർഖനെയാണ് വനംവകുപ്പ് ജീവനക്കാർ ശാസ്ത്രീയമായി പിടികൂടിയത്.

കൂടാതെ അഞ്ച് പെരുമ്പാമ്പ്, ആറ് അണലി, രണ്ട് കാട്ടുപാമ്പ്, ആറ് ചേര, നാഗത്താൻ, ഇരുതല മൂരി, ചുരുട്ട എന്നിവ ഓരോന്നുവീതവുമാണ് പിടികൂടി കാട്ടിലേക്ക് തുറന്നുവിട്ടത്.

പരുത്തിപ്പള്ളി റേഞ്ച് ഓഫിസിലെ റാപ്പിഡ് െറസ്പോൺസ് ടീം ബീറ്റ് ഫോറസ്റ്റ് ഓഫിസർ രോഷ്നി ജി.എസ് ആണ് പാമ്പ് പിടിത്തത്തിൽ ഇപ്പോൾ താരമായി മാറിയിരിക്കുന്നത്.

മൂർഖൻ ഉൾപ്പെടെ അമ്പതോളം പാമ്പുകളെ ഈ സീസണിൽ രോഷ്നി പിടികൂടി. കഴിഞ്ഞദിവസം നെടുമങ്ങാട്, മുണ്ടേലയിൽ വീട്ടുവളപ്പിലെ പറമ്പിൽ കണ്ട മൂർഖനെ പിടികൂടിയത് ഏറ്റവും ഒടുവിലത്തേതാണ്. ആറടിയോളം നീളവും 2.5 കിേലായോളം ഭാരവും വരുന്ന മൂർഖനെ വളരെ സാഹസികമായാണ് പിടികൂടി സ്നേക്ക് ബാഗിനുള്ളിലാക്കിയത്. പിന്നീട് അതിനെ വനമേഖലയിൽ തുറന്നുവിട്ടു. മനുഷ്യനും പാമ്പിനും അപകടം സംഭവിക്കാതിരിക്കാൻ ശാസ്ത്രീയമായരീതിയിൽ മാത്രമേ പാമ്പുകളെ പിടികൂടാവൂ എന്നാണ് വനംവകുപ്പ് നിഷ്കർഷിച്ചിരിക്കുന്നത്.

പിടികൂടുന്ന പാമ്പുകളെ വൈകാതെതന്നെ വനത്തിനുള്ളിലേക്ക് തുറന്നുവിടുകയും വേണം. നാട്ടിൻപ്രദേശങ്ങളിലും ജനവാസമേഖലകളിലും ഇപ്പോൾ ധാരാളം പാമ്പുകളെ കാണുന്നുണ്ട്. ഇക്കാര്യം വനംവകുപ്പിൽ അറിയിച്ചാൽ അപ്പോൾ തന്നെ ലൈസൻസുള്ള റെസ്ക്യൂവർമാർ സ്ഥലത്തെത്തി പാമ്പിനെ പിടികൂടുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ഏതെങ്കിലും രീതിയിൽ പാമ്പുകളെ മുറിവേൽപ്പിക്കുകയോ കൊല്ലുകയോ ചെയ്താൽ അത് കുറ്റകരമെന്നും അവർ അറിയിച്ചു.

Tags:    
News Summary - Snake increasing in rural areas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.