തിരുവനന്തപുരം: ഡോക്ടർമാർക്കായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നടപ്പാക്കിവരുന്ന സാമൂഹ്യ സുരക്ഷാപദ്ധതിയിൽ 1.21 കോടിയുടെ ക്രമക്കേടെന്ന് ആക്ഷേപം. സമൂഹ്യസുരക്ഷാപദ്ധതി മൂന്നിന്റെ (എസ്.എസ്.എസ് 3) അക്കൗണ്ടിലുണ്ടായിരുന്ന തുക തിരിമറി നടത്തിയതായാണ് ആക്ഷേപം. സംഭവത്തിൽ എസ്.എസ്.എസ് 3യുടെ ചുമതയുണ്ടായിരുന്ന സെക്രട്ടറിയെ ഐ.എം.എയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഇദ്ദേഹം സ്വന്തം അക്കൗണ്ടിലേക്ക് പണം മാറ്റിയെന്നാണ് ആരോപണം ഉയർന്നത്. ഇതോടെ പദ്ധതിയുടെ സെക്രട്ടറിയും ട്രഷററും ഒപ്പിട്ട ചെക്കുകൾ പാസാക്കരുതെന്ന് ഐ.എം.എ സംസ്ഥാന നേതൃത്വം ബാങ്കുകൾക്ക് നിർദ്ദേശം നൽകി.
സെക്രട്ടറിയുടെയും ട്രഷററുടെയും പേരിലുള്ള അക്കൗണ്ടാണ് പദ്ധതിക്കുള്ളത്. ഇരുവരും ഒപ്പിട്ടാൽ മാത്രമേ പണമിടപാട് നടക്കൂ. തിരിമറി കണ്ടെത്തിയിട്ടും സെക്രട്ടറിക്കെതിരെ മാത്രം നടപടിയെടുത്തതിനെതിരെ സംഘടനക്കുള്ളിൽ അതൃപ്തിയുണ്ട്. എന്നാൽ നിയമനടപടികളിലേക്ക് പ്രശ്നത്തെ വലിച്ചിഴച്ചാൽ നഷ്ടപ്പെട്ട തുക തിരികെ ലഭിക്കുന്നത് എളുപ്പമാകില്ലെന്ന വിലയിരുത്തലാണ് നേതൃത്വത്തിനുള്ളത്.
ക്രമക്കേട് പിടിക്കപ്പെട്ടതിന് പിന്നാലെ പണം മടക്കി നൽകാമെന്ന് സെക്രട്ടറി സംഘനക്ക് ഉറപ്പ് നൽകി. അതിന്റെ അടിസ്ഥാനത്തിൽ കുറച്ച് തുക നൽകിയെന്നാണ് വിവരം. കഴിഞ്ഞ ഒന്നരമാസത്തിനിടെ പദ്ധതിയുടെ അക്കൗണ്ടിൽ ക്രമക്കേട് നടക്കുന്നതായി ഐ.എം.എ ഭാരവാഹികൾക്ക് ലഭിച്ച പരാതിയെ തുടർന്നായിരുന്നു അന്വേഷണം. ഐ.എം.എ ഭാരവാഹികൾ പദ്ധതിയുടെ ഓഫിസിൽ പരിശോധന നടത്തി.
രേഖകൾ പരിശോധിച്ചു. ഐ.എം.എ ഭാരവാഹികൾ ബാങ്ക് അധികൃതരുമായും വിവരങ്ങൾ ശേഖരിച്ചു. വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഐ.എം.എയുടെ ഫിനാൻസ് കമ്മിറ്റിക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്. ക്രമക്കേട് നടത്തിയ ഡോക്ടറെ ഐ.എം.എയിൽ നിന്ന് പുറത്താക്കാനാണ് സാധ്യത. പണം പൂർണമായി തിരികെ ലഭിച്ച ശേഷമാകും നടപടി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.