തിരുവനന്തപുരം: സോളാർ വൈദ്യുതോൽപാദന രംഗത്ത് നിർണായകമായ പുനരുപയോഗ ഊർജ ചട്ടഭേദഗതിയുമായി ബന്ധപ്പെട്ട് നേരിട്ടുള്ള തെളിവെടുപ്പ് റെഗുലേറ്ററി കമീഷൻ ബുധനാഴ്ച ആരംഭിക്കും. ഓൺലൈനിൽ തെളിവെടുപ്പ് നടത്തി അന്തിമ ചട്ടം പ്രസിദ്ധീകരിക്കുന്ന നടപടികളിലേക്ക് കമീഷൻ നീങ്ങവെയാണ് നേരിട്ടുള്ള തെളിവെടുപ്പ് വേണമെന്ന കോടതി ഉത്തരവുണ്ടായത്. സംസ്ഥാനത്തെ നാലിടങ്ങളിൽ നേരിട്ട് തെളിവെടുപ്പ് നടത്തണമെന്ന ഹൈകോടതി വിധി സുപ്രീംകോടതിയും ശരിവെക്കുകയായിരുന്നു.
ഓൺലൈൻ തെളിവെടുപ്പ് മാത്രം നടത്തി ചട്ടഭേദഗതി നടപ്പാക്കുന്നതിനെതിരെ ഡൊമസ്റ്റിക് ഓൺഗ്രിഡ് സോളാർ പ്രൊസ്യൂമേഴ്സ് ഫോറമാണ് കോടതിയെ സമീപിച്ചത്. 22ന് തിരുവനന്തപുരത്തും 28ന് കൊച്ചിയിലും 29ന് പാലക്കാടും 30ന് കോഴിക്കോടുമാണ് തെളിവെടുപ്പ്. ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നവർക്ക് തെളിവെടുപ്പിനെത്തി പരമാവധി അഞ്ച് മിനിറ്റ് സംസാരിക്കാനുള്ള അവസരമാണ് നൽകുക.
എന്നാൽ, നേരിട്ടുള്ള തെളിവെടുപ്പ് ഓൺലൈനിൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമായി പരിമിതപ്പെടുത്തിയത് അംഗീകരിക്കാനാവില്ലെന്ന് ഡൊമസ്റ്റിക് ഓൺഗ്രിഡ് സോളാർ പ്രൊസ്യൂമേഴ്സ് ഫോറം ഭാരവാഹികൾ പറഞ്ഞു. ഓൺലൈൻ തെളിവെടുപ്പ് പോരെന്ന കോടതി ഉത്തരവ് നിലനിൽക്കെ, എല്ലാവർക്കും പങ്കെടുക്കാനാവാത്ത വിധം ഓൺലൈൻ രജിസ്ട്രേഷൻ തീരുമാനിച്ചത് കോടതിയിൽ ചോദ്യംചെയ്യുമെന്ന് ഫോറം പ്രസിഡന്റ് എം.എ. സത്താർ അറിയിച്ചു.
അതേസമയം, തെളിവെടുപ്പ് പൂർത്തിയാക്കി ഇക്കൊല്ലം തന്നെ അന്തിമ ചട്ടം പ്രസിദ്ധീകരിക്കാനുള്ള തയാറെടുപ്പിലാണ് കമീഷൻ. എന്നാൽ, നേരിട്ടുള്ള തെളിവെടുപ്പിലും കർശന നിയന്ത്രണം ഏർപ്പെടുത്തിയത് കരട് ചട്ടത്തെച്ചൊല്ലി വീണ്ടും നിയമപോരാട്ടത്തിന് വഴിതുറന്നേക്കും. വിവിധ സംസ്ഥാനങ്ങളിലെ റെഗുലേറ്ററി കമീഷനുകൾ തെളിവെടുപ്പുമായി ബന്ധപ്പെട്ട് പിന്തുടരുന്നത് വ്യത്യസ്ത രീതികളായതിനാൽ പൊതുമാനദണ്ഡം വേണമെന്നാണ് ഇക്കാര്യത്തിൽ സുപ്രീംകോടതി നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.