കേരള ഗസറ്റഡ് ഓഫിസേഴ്സ് ഫെഡറേഷൻ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ കരിദിനാചരണം പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം: ശമ്പളപരിഷ്കരണം നടപ്പാക്കാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് സർക്കാർ ജീവനക്കാരുടെയും പെൻഷനേഴ്സിന്റെയും വിവിധ സംഘടനകളുടെ സമരങ്ങളാൽ നിറഞ്ഞ് സെക്രട്ടേറിയറ്റും പരിസരങ്ങളും. വിവിധ സർക്കാർ ജീവനക്കാരുടെ സംഘടനകളായ കെ.ജി.ഒ.എഫ്, ജോയന്റ് കൗൺസിൽ, കെ.ജി.ഒ.യു, എൻ.ജി.ഒ.എ, എൻ.ജി.ഒ സംഘ് എന്നീ സംഘടനകളാണ് കരിദിനാചരണവും പ്രതിഷേധ പ്രകടനങ്ങളും മാർച്ചും സംഘടിപ്പിച്ചത്. ശമ്പളപരിഷ്കരണം മുടങ്ങി ഒരുവർഷം തികഞ്ഞ ചൊവ്വാഴ്ചയായിരുന്നു പ്രതിഷേധം. പ്രകടനങ്ങൾ ദീർഘനേരം ഗതാഗത തടസ്സത്തിനും കാരണമായി.
പന്ത്രണ്ടാം ശമ്പളപരിഷ്കരണം അനന്തമായി നീളുന്നതിനാൽ ജീവനക്കാർക്ക് ഇടക്കാലാശ്വാസം അനുവദിക്കണമെന്ന് ജോയന്റ് കൗൺസിൽ ജനറൽ സെക്രട്ടറി കെ.പി. ഗോപകുമാർ ആവശ്യപ്പെട്ടു. സെക്രട്ടേറിയറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സെക്രട്ടേറിയറ്റംഗം വി.കെ. മധു അധ്യക്ഷത വഹിച്ചു. കെ.ജി.ഒ.എഫ് ജനറൽ സെക്രട്ടറി വി.എം. ഹാരിസ്, കെ.എസ്.എസ്.എ ജനറൽ സെക്രട്ടറി സുധികുമാർ, ജോയന്റ് കൗൺസിൽ സെക്രട്ടേറിയറ്റംഗം ആർ. സിന്ധു, സൗത്ത് ജില്ല സെക്രട്ടറി വിനോദ് വി. നമ്പൂതിരി, നോർത്ത് ജില്ല സെക്രട്ടറി സതീഷ് കണ്ടല എന്നിവർ പങ്കെടുത്തു.
ജോയന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ പ്രതിഷേധ മാർച്ച്
12-ാം ശമ്പള പരിഷ്കരണം ഉടൻ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഗസറ്റഡ് ഓഫിസേഴ്സ് ഫെഡറേഷൻ (കെ.ജി.ഒ.എഫ്) സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുകയും സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്തുകയും ചെയ്തു. സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ ധർണ ഉദ്ഘാടനം ചെയ്തു. സംതൃപ്തമായ ജീവനക്കാർക്ക് മാത്രമേ സർക്കാറിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കാനാവൂവെന്ന് അദ്ദേഹം പറഞ്ഞു. ജീവനക്കാരുടെ ആവശ്യങ്ങൾക്ക് പ്രത്യേക പരിഗണന നൽകണമെന്നും അദ്ദേഹം വ്യക്തമാക്കി. സി.പി.ഐ ജില്ല സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, കെ.ജി.ഒ.എഫ് സംസ്ഥാന ട്രഷറർ വിമൽകുമാർ എന്നിവർ പങ്കെടുത്തു.
കേരള എൻ.ജി.ഒ അസോസിയേഷന്റെ സെക്രട്ടേറിയറ്റ് ധർണ മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. സർക്കാർ ഒരുലക്ഷം കോടിയുടെ ആനുകൂല്യങ്ങളാണ് ജീവനക്കാരിൽനിന്നും കൊള്ളയടിച്ചിരിക്കുന്നതെന്നും ജനവിരുദ്ധഭരണകൂടത്തിന് തിരിച്ചടി നൽകാൻ ജീവനക്കാർക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ മുഖ്യപ്രഭാഷണം നടത്തി.
കേരള എൻ.ജി.ഒ അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു
സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം വൈകുന്നതിനെതിരെ കേരള എൻ.ജി.ഒ സംഘിന്റെ ഉപവാസം സംസ്ഥാന ജനറൽ സെക്രട്ടറി എസ്. രാജേഷ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ജി. ഹരികുമാർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി വി. ദിലീപ് കുമാർ, സംസ്ഥാന സമിതി അംഗം രഞ്ജിത്ത് എന്നിവർ പങ്കെടുത്തു.
ശമ്പള പരിഷ്കരണ നിഷേധത്തിനെതിരെ കേരള ഗെസറ്റഡ് ഓഫിസേഴ്സ് യൂനിയൻ (കെ.ജി.ഒ.യു) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന വഞ്ചനാദിനാചരണം കെ.ജി.ഒ.യു സംസ്ഥാന പ്രസിഡന്റ് കെ.സി. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. ശമ്പള പരിഷ്കരണ നിഷേധത്തിനെതിരെ അനിശ്ചിതകാല സമരത്തിന് ജീവനക്കാർ സംഘടനാഭേദമന്യേ തയാറാകണമെന്ന് കെ.സി. സുബ്രഹ്മണ്യൻ ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് എ. നിസാമുദ്ദീൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ ഡോ. ആർ. രാജേഷ്, ഡോ. മനോജ് ജോൺസൻ, എ. നൗഫൽ എന്നിവർ പങ്കെടുത്തു.
2024 ജൂലൈ ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെ പെൻഷൻ പരിഷ്കരിക്കുക, കുടിശ്ശിക ക്ഷാമാശ്വാസം (21 ശതമാനം) പൂർണമായും അനുവദിക്കുക, സർക്കാർ വിഹിതം വർധിപ്പിച്ച് മെഡിസെപ്പ് കുറ്റമറ്റതാക്കുക, കഴിഞ്ഞ ശമ്പള, പെൻഷൻ പരിഷ്കരണ കുടിശിക മുഴുവനും ഉടൻ അനുവദിക്കുക, വിലക്കയറ്റം തടയുക മുതലായ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് കേരള റിട്ടയേർഡ് ടീച്ചേഴ്സ് കോൺഗ്രസ് (കെ.ആർ.ടി.സി) നടത്തിയ ധർണ മുൻ കെ.പി.സി.സി പ്രസിഡന്റ് കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എം. സലാഹുദ്ദീൻ അധ്യക്ഷത വഹിച്ചു. ടി. ശരത്ചന്ദ്രപ്രസാദ്, പി. ഹരി ഗോവിന്ദൻ, ജനറൽ സെക്രട്ടറി അടാട്ട് വാസുദേവൻ, ജി. രവീന്ദ്രൻ നായർ, വസുമതി ജി. നായർ, കെ. സുധാകരൻ, വിഴിഞ്ഞം ഹനീഫ, ബി. മോഹനൻ നായർ, ഡി.ആർ. ജോസ്, ടി.എ. ഷാഹിദാ റഹ്മാൻ, കെ.മനോഹരൻ, ആർ. മോഹനൻ, രാജേശ്വരി സബിത എന്നിവർ പങ്കെടുത്തു.
12-ാം പെൻഷൻ പരിഷ്കരണം ഉടൻ ആരംഭിക്കുക, ക്ഷാമാശ്വാസ കുടിശ്ശിക അനുവദിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് ജില്ല സമിതി സംഘടിപ്പിച്ച മാർച്ച് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജയഭാനു ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ജയകുമാർ കൈപ്പള്ളി അധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ. സുരേഷ്, ബി.എം.എസ് ജില്ല സെക്രട്ടറി ആനന്ദ്, എൻ.ജി.ഒ സംഘ് രാജേഷ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.