'ബുർവി' ചുഴലിക്കാറ്റിനെ നേരിടാൻ മുന്നൊരുക്കം​, ക്യാമ്പുകൾ തുറന്നു

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ബുർവി ചുഴലിക്കാറ്റി​െൻറ പശ്ചാത്തലത്തിൽ ജില്ലയിൽ അതിതീവ്ര മഴയും കാറ്റുമുണ്ടാകുമെന്ന്​ കാലാവസ്ഥ മുന്നറിയിപ്പ്. ജില്ലയിൽ അതിജാഗ്രതാ നിർദേശം പ്രഖ്യാപിച്ചതായി കലക്ടർ ഡോ. നവ്‌ജ്യോത് ഖോസ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

വ്യാഴാഴ്ച വൈകീട്ട്​ മുതൽ ജില്ലയിൽ ചുഴലിക്കാറ്റി​െൻറ ശക്തമായ സ്വാധീനമുണ്ടാകുമെന്നാണ്​ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തി​െൻറ മുന്നറിയിപ്പ്. ഇതേത്തുടർന്ന് അപകട സാധ്യതയുള്ള മേഖലയിൽനിന്ന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിത്തുടങ്ങി. ദേശീയ ദുരന്തനിവാരണ സേനയുടെ (എൻ.ഡി.ആർ.എഫ്) ഒരു യൂനിറ്റ് ജില്ലയിലെത്തി. അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാൻ കര-നാവിക-വ്യോമ സേനകളുടെ സഹായം തേടിയിട്ടുണ്ടെന്നും കലക്ടർ പറഞ്ഞു.

ഏറ്റവും ഒടുവിൽ ലഭിക്കുന്ന കാലാവസ്ഥാ മുന്നറിയിപ്പ് പ്രകാരം വ്യാഴാഴ്​ച ഗൾഫ് ഓഫ് മാന്നാറിലെത്തുന്ന ബുർവി ചുഴലിക്കാറ്റ് രാത്രിയും നാളെ പുലർച്ചയുമായി കന്യാകുമാരിയു​െടയും പാമ്പ​െൻറയും ഇടയിലൂടെ തെക്കൻ തമിഴ്‌നാട് തീരത്തേക്ക്​ പ്രവേശിക്കുകയും ചെയ്യും. ഇത് ജില്ലയിലൂടെ കടന്നുപോകാൻ സാധ്യതയുണ്ട്. ചുഴലിക്കാറ്റി​െൻറ സ്വാധീനത്താൽ ജില്ലയിലാകെ അതിതീവ്ര മഴയും കാറ്റുമുണ്ടാകും. ഇത്​ മുൻനിർത്തി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജില്ലയിൽ വ്യാഴാഴ്​ച റെഡ് അലർട്ടും വെള്ളിയാഴ്​ച ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.

ജില്ലയിൽനിന്ന്​ മത്സ്യബന്ധനത്തിനുപോയ മുഴുവൻപേരും ഇന്നലെ രാത്രിയോടെ തിരിച്ചെത്തി. ജില്ലയുടെ തീരപ്രദേശത്തുനിന്ന് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ആരും കടലിൽ പോകരുത്. ബീച്ചുകൾ, ജലാശയങ്ങൾ, നദികൾ തുടങ്ങിയിടങ്ങളിലേക്ക് ആർക്കും പ്രവേശമില്ല. മലയോര മേഖലയിൽ മണ്ണിടിച്ചിലിന്​ സാധ്യതയുള്ളതിനാൽ അത്യാവശ്യ കാര്യങ്ങൾക്കൊഴികെ ആരും ഈ പ്രദേശങ്ങളിലേക്ക് അടുത്ത കുറച്ചുദിവസങ്ങളിൽ പോകരുത്. വൈകീട്ട് അഞ്ചിനു ശേഷമുള്ള യാത്ര പൂർണമായി ഒഴിവാക്കണം. ഇന്നു മുതലുള്ള 48 മണിക്കൂർ സമയം ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണം.

കാറ്റിനുള്ള സാധ്യത മുൻനിർത്തി വൈദ്യുതി വിതരണ ശൃംഖലയിൽ പ്രത്യേക ശ്രദ്ധ നൽകാൻ കെ.എസ്.ഇ.ബിക്ക്​ നിർദേശം നൽകി. കെ.എസ്.ഇ.ബിയുടെ എല്ലാ സർക്കിളുകളിലും ദ്രുതകർമ സേന രൂപവത്​കരിച്ചു. വാർത്താവിനിമയ സംവിധാനങ്ങൾ തടസ്സമില്ലാതെ പ്രവർത്തിപ്പിക്കുന്നതിനുള്ള അടിയന്തര നടപടികൾ പൂർത്തിയാക്കാൻ ബി.എസ്.എൻ.എല്ലിനും നിർദേശം നൽകിയിട്ടുണ്ടെന്നും കലക്ടർ പറഞ്ഞു. എ.ഡി.എം വി.ആർ. വിനോദ്, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടർ ജോൺ വി. സാമുവേൽ, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ ഇ. മുഹമ്മദ് സഫീർ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.