ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹാത്സവത്തോടനുബന്ധിച്ച് ചൊവ്വാഴ്ച വൈകുന്നേരം നാരങ്ങാ വിളക്ക് കത്തിച്ച് പ്രാർത്ഥിക്കുന്ന ഭക്ത പി.ബി. ബിജു
തിരുവനന്തപുരം: ആറ്റുകാൽ ദേവിക്ക് മനം നിറഞ്ഞ് പൊങ്കാല അർപ്പിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ നാടും നഗരവും പൊങ്കാലത്തിരക്കിലമർന്നു. ദൂരദേശങ്ങളിൽ നിന്നുപോലും പൊങ്കാലക്കായി ഭക്തർ എത്തിക്കൊണ്ടിരിക്കുന്നു. റോഡിനിരുവശവും പൊങ്കാല അടുപ്പുകൾ നിരന്നുകഴിഞ്ഞു. ആറ്റുകാൽക്ഷേത്രത്തിന് ചുറ്റും പൊങ്കാല അർപ്പിക്കാൻ വിപുലമായ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും പൊങ്കാലക്കലങ്ങൾ നഗരത്തിലേക്കും വ്യാപിച്ചുകഴിഞ്ഞു. ശാസ്തമംഗലം മുതൽ പട്ടം, കവടിയാർ, മണക്കാട് ഭാഗങ്ങളിലൊക്കെ അടുപ്പുകൾ നിരന്നു.
പൊങ്കാലക്ക് ഒരു ദിനം മാത്രം ശേഷിക്കെ ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെ തിരക്കും വർധിച്ചു. ആറ്റുകാൽ ഭക്തസഹസ്രങ്ങളെത്തുന്ന തലസ്ഥാനത്ത് പൊങ്കാല അര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നടത്തുന്ന മുന്നൊരുക്കങ്ങള്ക്കുപുറമെ വിവിധ സംഘടനകളും പൊങ്കാലയുടെ സുഗമമായ നടത്തിപ്പിനുള്ള തയാറെടുപ്പിലാണ്. വ്യാഴാഴ്ച രാവിലെ രാവിലെ 10.15ന് ക്ഷേത്രത്തിനുമുന്നിലെ പണ്ടാര അടുപ്പില്‍ തീ പകരും. ഉച്ചക്ക് 1.15 നാണ് പൊങ്കാല നിവേദ്യം. വൈകീട്ട് 7.45ന് കുത്തിയോട്ട നേര്‍ച്ചക്കാര്‍ക്കുള്ള ചൂരല്‍കുത്ത് നടക്കും. 582 ബാലന്മാരാണ് ഇക്കുറി കുത്തിയോട്ടത്തിനുള്ളത്. രാത്രി 11.15ന് മണക്കാട് ശാസ്താക്ഷേത്രത്തിലേക്ക് ദേവിയെ എഴുന്നള്ളിക്കും.
വെള്ളിയാഴ്ച രാവിലെ എഴുന്നള്ളത്ത് തിരിച്ച് ക്ഷേത്രത്തിലെത്തും. രാത്രി 10ന് കാപ്പഴിച്ച് കുടിയിളക്കിയ ശേഷം രാത്രി ഒന്നിനുനടക്കുന്ന കുരുതി സമര്‍പ്പണത്തോടെ പൊങ്കാല ഉത്സവം സമാപിക്കും. പൊങ്കാലയോടനുബന്ധിച്ച് ബുധനാഴ്ച ഉച്ചമുതൽ വ്യാഴാഴ്ച രാത്രി എട്ടുവരെ നഗരത്തിൽ ഗതാഗതനിയന്ത്രണമുണ്ട്. നഗരത്തിൽ എവിടെയൊക്കെ പാർക്കിങ്ങുണ്ട് എന്നറിയാൻ ക്യുആർ കോഡ് ഉൾപ്പെടെ വിപുലമായ സൗകര്യങ്ങളാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.
ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യവകുപ്പ് വിപുലമായ ആരോഗ്യസേവനങ്ങള്‍ സജ്ജമാക്കി വരുന്നതായി മന്ത്രി വീണാ ജോര്‍ജ്. സുസജ്ജമായ മെഡിക്കല്‍ ടീമുകള്‍ക്ക് പുറമേ ഉയര്‍ന്ന ചൂട് കാരണം ബുദ്ധിമുട്ടുന്നവര്‍ക്ക് മതിയായ പരിചരണവും ചികിത്സയും നല്‍കാനായി തെരഞ്ഞെടുത്ത നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും പ്രധാന ആശുപത്രികളിലും ഹീറ്റ് ക്ലിനിക്കുകള്‍ ആരംഭിച്ചുവരുന്നു. സൂര്യാതപം പോലുള്ള പ്രശ്നങ്ങള്‍ ബാധിക്കുന്നവരെ പരിചരിക്കുന്നതിന് കൂളര്‍, ഫാന്‍, കമ്പിളി, ഐസ് പാക്ക്, ഐ.വി ഫ്ലൂയിഡ്, ഒ.ആര്.എസ്, ക്രീമുകള്‍ എന്നിവ ഈ ക്ലിനിക്കുകളിലുണ്ടാകും.
പൊങ്കാലദിവസം ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാരടങ്ങിയ 10 മെഡിക്കല്‍ ടീമുകളെ ആംബുലന്‍സ് ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ നിയോഗിക്കും. ഡോക്ടർമാരും സ്റ്റാഫ് നഴ്സുമാരുമടങ്ങിയ ടീമില്‍ ജൂനിയല്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ സേവനവുമുണ്ട്. ഉത്സവത്തോടനുബന്ധിച്ച് മാര്‍ച്ച് അഞ്ച് മുതല്‍ 14 വരെ മെഡിക്കല്‍ ടീമിനെ ആംബുലന്‍സ് ഉള്‍പ്പെടെ സജ്ജമാക്കിയിരുന്നു. ഇതുകൂടാതെയാണ് കഴിഞ്ഞദിവസം മുതല്‍ മാര്‍ച്ച് 14 വരെ മറ്റൊരു മെഡിക്കല്‍ ടീമിനെ കൂടി സജ്ജമാക്കിയത്. കുത്തിയോട്ട ബാലന്മാർക്ക് വൈദ്യസഹായത്തിന് ശിശുരോഗവിദഗ്ധര്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ടീം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. ഐ.എം.എയുടെയും മറ്റ് വിഭാഗങ്ങളുടെയും മെഡിക്കല്‍ ടീമുകളും വിവിധ സ്ഥലങ്ങളില്‍ വൈദ്യസഹായം നല്‍കും. ജില്ല മെഡിക്കല്‍ ഓഫിസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.
നഗരപരിധിയിലുള്ള അര്‍ബന്‍ ഹെല്‍ത്ത് സെന്ററുകള്‍ പ്രാഥമിക ശുശ്രൂഷകള്‍ നല്കുന്ന ഫീല്‍ഡ് ഹോസ്പിറ്റലുകളായി പ്രവര്‍ത്തിക്കും. പൊള്ളലേല്ക്കുന്നവര്ക്ക് ഉള്‍പ്പെടെ വിദഗ്ധ ചികിത്സ ഉറപ്പാക്കാനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ്, ജനറല്‍ ആശുപത്രി, തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ഫോര്‍ട്ട് താലൂക്ക് ആശുപത്രി, ഐരാണിമുട്ടം സാമൂഹികാരോഗ്യകേന്ദ്രം എന്നിവിടങ്ങളില്‍ ഏറ്റവും കുറഞ്ഞത് 10 കിടക്കകള്‍ പ്രത്യേകമായി മാറ്റിവെക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഏത് അടിയന്തരസാഹചര്യവും നേരിടുന്ന സെന്ററായി ഗവ. മെഡിക്കല്‍ കോളജ് പ്രവര്‍ത്തിക്കും. ഇതുകൂടാതെ നഗരത്തിലെ പ്രധാന സ്വകാര്യ ആശുപത്രികളിലും പ്രത്യേക കിടക്കകളും അത്യാഹിത ചികിത്സ നല്കാന് ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങളും ക്രമീകരിക്കും. കനിവ് 108 ന്റെ 11 ആംബുലന്‍സുകള്‍, ബൈക്ക് ഫസ്റ്റ് റസ്പോണ്ടര്‍, ഐ.സി.യു ആംബുലന്‍സ്, മറ്റ് വകുപ്പുകളുടെ 10 ആംബുലന്‍സുകള്‍, സ്വകാര്യ ആശുപത്രികളുടെ ആംബുലന്‍സുകള്‍ എന്നിവ സജ്ജമാക്കി.
ഭക്ഷ്യസുരക്ഷ വകുപ്പിന്റെ കണ്ട്രോള് റൂം, പ്രത്യേക സ്ക്വാഡുകള്‍ എന്നിവയുമുണ്ട്. അന്നദാനം നടത്തുന്നവര്‍ക്കുള്‍പ്പെടെ ഭക്ഷ്യസുരക്ഷവകുപ്പിന്റെ രജിസ്ട്രേഷന് വേണം. ആറ്റുകാല്‍ ദേവീ ഓഡിറ്റോറിയത്തിന് സമീപത്തുള്ള ഭക്ഷ്യസുരക്ഷവകുപ്പിന്റെ കണ്ട്രോള് റൂമില്‍ അന്നദാനം നടത്തുന്നവര്‍ക്കുള്ള രജിസ്ട്രേഷന് സൗകര്യം ഏർപ്പെടുത്തി. ക്ഷേത്രപരിസരത്ത് സഞ്ചരിക്കുന്ന ഭക്ഷ്യസുരക്ഷ ലാബുണ്ടാകും. നഗരത്തില്‍ ഇതുവരെ 1005 ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ നടത്തിയിട്ടുണ്ട്. ഫെബ്രുവരി മുതല്‍ സ്പെഷല്‍ സ്ക്വാഡിനെ നിയോഗിച്ചിരുന്നു. ഉത്സവത്തോടനുബന്ധിച്ച് സമീപ ജില്ലകളിലെ ഭക്ഷ്യസുരക്ഷ ഓഫിസര്‍മാരെക്കൂടി ഉള്‍പ്പെടുത്തി സ്ക്വാഡ് വിപുലീകരിച്ചു.
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് 3811 പൊലീസ് ഉദ്യോഗസ്ഥരെ വിവിധ ജില്ലകളിൽനിന്ന് ഡ്യൂട്ടിക്കായി നിയോഗിച്ചു. ക്ഷേത്രവും പരിസരവും നിരീക്ഷിക്കുന്നതിനായി നൂറോളം സി.സി.ടി.വി കാമറകൾ സജ്ജമാക്കി. ഇവ 24 മണിക്കൂറും നിരീക്ഷിക്കുന്നതിനായി പ്രത്യേകം സംഘത്തെയും നിയോഗിച്ചതായി സിറ്റി പൊലീസ് കമീഷണർ തോംസൺ ജോസ് അറിയിച്ചു. സ്മാർട്ട് സിറ്റി കൺട്രോൾ റൂമിൽ സ്ഥാപിച്ചിട്ടുള്ള 847 കാമറകളിലൂടെ നഗരത്തിന്റെ വിവിധ മേഖലകളിൽ 24 മണിക്കൂറും പോലീസ് നിരീക്ഷണം ശക്തമാക്കി. ആറ് പ്രത്യേക മേഖലകളായി തിരിച്ച് ആറ് ഡ്രോണുകൾ ഉപയോഗിച്ച് പ്രത്യേകം നിരീക്ഷണം ഏർപ്പെടുത്തും.
ട്രാഫിക് തടസ്സങ്ങൾ ഉണ്ടായാൽ ഉടൻതന്നെ കൺട്രോൾ റൂമുമായി ബന്ധപ്പെട്ട് നീക്കാനായി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കൂടുതൽ ഷാഡോ മഫ്തി പൊലീസുകാരെയും വനിതപൊലീസിന്റെയും സേവനം ഉപയോഗിച്ചിട്ടുണ്ട്. ലോഡ്ജുകൾ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ ഗ്രൗണ്ടുകൾ എന്നിവിടങ്ങളിൽ മോഷണം, ലഹരിഉപയോഗം എന്നിവ തടയുന്നതിന് പ്രത്യേക പരിശോധനയുണ്ടാകും. സംശയമുള്ളവർക്കെതിരെ കരുതൽ തടങ്കൽ നടപടി സ്വീകരിക്കാനും എസ്.എച്ച്.ഒമാർക്ക് നിർദേശം നൽകി. പൊങ്കാലദിവസം പ്രത്യേകം പാസ് ഉള്ള പുരുഷന്മാരെ മാത്രമേ ക്ഷേത്രകോമ്പൗണ്ടിലേക്ക് കടത്തിവിടൂവെന്നും കമീഷണർ അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.