അങ്ങനെ എഴുതി തള്ളേണ്ട, തോൽവിയിൽ തകരുന്ന പ്രസ്ഥാനമല്ല സി.പി.എം -പിണറായി വിജയൻ

തിരുവനന്തപുരം: ഒരു തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു എന്നതുകൊണ്ട് തകർന്നുപോകുന്ന പ്രസ്ഥാനമല്ല കമ്യൂണിസ്റ്റ് പാർട്ടിയെന്ന് പിണറായി വിജയൻ. ഉപതെരഞ്ഞെടുപ്പ് ഫലത്തോടെ അങ്ങനെ എഴുതിത്തള്ളാവുന്ന അവസ്ഥയിലല്ല സി.പി.എമ്മും എൽ.ഡി.എഫുമെന്ന് പാർട്ടിയെ എതിർത്തിരുന്ന വലതുവശക്തികൾക്ക് തന്നെ സമ്മതിക്കേണ്ടി വന്നിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തെറ്റുതിരുത്തൽ ലക്ഷ്യമിട്ടുള്ള വിശാല ജില്ല സമിതി യോഗം കോവളത്ത് ഉദ്ഘാടനം ചെയ്യകയായിരുന്നു അദ്ദേഹം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് കനത്ത പരാജമേറ്റുവാങ്ങേണ്ടി വന്നു.

ഇതോടെ സി.പി.എമ്മിന് ഇനി ഇനി പഴയനിലയിലേക്ക് വാഴാനാകില്ലെന്ന നിലയിൽ വലിയ പ്രചാരണം തന്നെയുണ്ടായി. ഇക്കാര്യം വലിയ ആഹ്ലാദത്തോടെ പ്രവചിച്ചവർ കേരളത്തിലുണ്ട്. എന്നാൽ വലതുപക്ഷ ശക്തികളുടെ പ്രതീക്ഷക്ക് വിരുദ്ധമായ കാര്യങ്ങളാണ് സംഭവിച്ചത്. പാർട്ടിയുടെ തകർച്ച പ്രവചിച്ച വലതുപക്ഷ മാധ്യമങ്ങൾക്ക് തന്നെ സി.പി.എം തിരിച്ചുവരുന്നു എന്നത് അംഗീകരിക്കാൻ തയാറായിരിക്കുന്നു.

പാർട്ടി എല്ലാകാലത്തും ജനങ്ങൾക്കൊപ്പമാണ് നിന്നിട്ടുള്ളത്. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഭാഗമായി ആകെ തകർന്നു പോവുകയോ നിരാശയിലാണ്ടു പോവുകയോ ചെയ്യുന്ന രീതി പാർട്ടിക്കില്ല. അതുപോലെ ഒരു തെരഞ്ഞെടുപ്പ് വിജയവും മതിമറന്ന് ആഹ്ലാദിക്കുന്ന രീതിയിലേക്കും പാർട്ടിയെ എത്തിക്കാറില്ല. കൂടുതൽ ഉത്തരവാദിത്തത്തോടെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുക എന്നതാണ് പാർട്ടി എല്ലാ കാലത്തും സ്വീകരിച്ചിട്ടുള്ള സമീപനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി ജയരാജൻ, പി.കെ. ശ്രീമതി, കെ.കെ ശൈലജ, സി.എസ്. സുജാത, ആനാവൂർ നാഗപ്പൻ, കോലിയക്കോട് കൃഷ്ണൻ നായർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഒ.എസ് അംബിക, ടി.എൻ സീമ, ഡി.കെ മുരളി, എം. വിജയകുമാർ, ജില്ല സെക്രട്ടറി വി.ജോയി എന്നിവർ സംബന്ധിച്ചു. സമിതി വ്യാഴാഴ്ച സമാപിക്കും.

News Summary - CPM Doesn't Collapse in Defeat, Cannot Be Written Off: Pinarayi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.