പകർച്ചപനിക്ക് പിന്നാലെ തലസ്ഥാനത്ത് അതിസാരവും പെരുകുന്നു

തിരുവനന്തപുരം: പകർച്ചപനിക്കും പകർച്ചവ്യാധികൾക്കും പിന്നാലെ ഭീഷണിയായി തലസ്ഥാനത്ത് വയറിളക്ക അനുബന്ധരോഗങ്ങളും വർധിക്കുന്നു. ഒരാഴ്ചക്കിടെ 753 പേർക്കാണ് വയറിളക്ക അനുബന്ധരോഗങ്ങൾ ബാധിച്ചത്. സ്വകാര്യ ആശുപത്രികളിൽ ചകിത്സതേടിയവുടെ കണക്കുൾ കൂടിനോക്കുമ്പോൾ ഇരട്ടിയിലധികരം വരും കണക്ക്. വ്യത്തിഹീനമായ സാഹചര്യങ്ങളും കുടിവെള്ളം മലിനമാകുന്നതുമാണ് വയറിളക്കത്തിനും അനുബന്ധ രോഗങ്ങൾക്കും കാരണമാകുന്നത്.

പകർച്ചപനിക്കൊപ്പം വയറിളക്ക അനുബന്ധരോഗങ്ങളും വർധിക്കുന്നത് വലിയ ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്. ഇതിൽ രണ്ടുദിവസത്തെ മാത്രം കണക്കിൽ രോഗബാധിതരുടെ എണ്ണം 150ന് മുകളിലാണ്. ഡെങ്കിപനി, എലിപ്പനി, ചിക്കൻഗുനിയ, വൈറൽ പനി, ചിക്കൻപോക്സ് തുടങ്ങിയവയുടെ എണ്ണവും ദിനംപ്രതി വർധിക്കുന്നു. കൂടാതെ ചിലയിടങ്ങളിൽ കൊതുക് പരത്തുന്ന സിക രോഗവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പകർച്ചവ്യാധി നിയന്ത്രണകാര്യത്തിൽ ആരോഗ്യവകുപ്പിന്‍റെയും കോർപറേഷന്‍റെയും ഇടപെടൽ ഉണ്ടാകുന്നില്ലെന്ന പരാതികളും ഉയർന്നിട്ടുണ്ട്. വയറിളക്കവും അനുബന്ധരോഗങ്ങളും കൂടുതലും കുട്ടികളിലും പ്രായമേറിയവരിലുമാണ് റിപ്പോർട്ട് ചെയ്യുന്നത്. പനിക്ക് പിന്നാലെ കോവിഡ് ലക്ഷണങ്ങൾക്ക് സമാനരീതിയിൽ വൈറൽ പനിയും തലസ്‌ഥാനത്ത് വർധിച്ചിട്ടുണ്ട്. കടുത്ത തൊണ്ടവേദനയും രുചിയില്ലായ്മയും ഒപ്പം കടുത്തപനിയും ശാരീരിക ബുദ്ധിമുട്ടുകളുമാണ് ലക്ഷണങ്ങൾ.

തലസ്‌ഥാനത്തെ പല സ്‌ഥലങ്ങളും ഡെങ്കിയുടെയും വൈറൽ പനിയുടെയും വ്യാപന കേന്ദ്രമായി മാറിയിട്ടുണ്ട്. കഴിഞ്ഞമാസങ്ങളിൽ രോഗവ്യാപനം കുറക്കാനുള്ള നടപടികൾ ആരോഗ്യവകുപ്പ് പലേടത്തും സ്വീകരിച്ചുവെങ്കിലും തുടർപ്രവർത്തനങ്ങൾ നിലച്ചതോടെ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞ അവസ്ഥയാണ്.

ഇടവിട്ട് പെയ്യുന്ന ശക്തമായ മഴ കൊതുക് പെരുകാൻ കാരണമായിട്ടുണ്ട്. ഇത് ഡെങ്കി ഉൾപ്പെടെ കൊതുകു ജന്യരോഗങ്ങൾ വർധിക്കാനും സാഹചര്യമൊരുക്കുകയാണ്. നഗരത്തിൽ മാലിന്യനീക്കം കാര്യക്ഷമമായി മുന്നോട്ടുപോകാത്തതും വെള്ളംകെട്ടി നിൽക്കുന്ന സാഹചര്യങ്ങളും പകർച്ചപനിക്കും പകർച്ചവ്യാധികളും പെരുകാൻ കാരണമാകുന്നുവെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. 

Tags:    
News Summary - Post-Pandemic Diarrhea Cases Rise in Capital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.