ദി​നു ച​ന്ദ്രൻ

മുണ്ടേല സൊസൈറ്റിയിലെ 25 കോടിയുടെ സാമ്പത്തിക തട്ടിപ്പ്; മുഖ്യപ്രതി അറസ്റ്റിൽ

നെടുമങ്ങാട്: മുണ്ടേല രാജീവ് ഗാന്ധി റസിഡന്‍റ്സ് വെൽഫെയർ സൊസൈറ്റിയിൽ കൃത്രിമ രേഖകൾ ചമച്ച് 25 കോടിയോളം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. സംഭവത്തിന് ശേഷം വിദേശത്തേക്ക് കടന്ന് ഒളിവിലായിരുന്ന മുഖ്യപ്രതി ദിനു ചന്ദ്രനാണ് (39) പിടിയിലായത്. നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. തുടർന്ന് കേസന്വേഷണം നടത്തുന്ന തിരുവനന്തപുരം സിറ്റി ക്രൈം ബ്രാഞ്ച് സെൻട്രൽ യൂനിറ്റ് നാലിന്‍റെ കസ്റ്റഡിയിൽ വിട്ടു.

പ്രതിയിൽനിന്ന് തെളിവെടുപ്പ് തുടരുകയാണ്. സൊസൈറ്റിയിലെ ജീവനക്കാരിയായ ചിഞ്ചുവും ദിനു ചന്ദ്രനും ചേർന്ന് സംഘാംഗങ്ങൾ പണയംവച്ചിരുന്ന സ്വർണാഭരണങ്ങൾ രഹസ്യമായി ലോക്കർ റൂമിൽനിന്ന് കടത്തിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. ഇവ സ്വകാര്യ സ്ഥാപനങ്ങളിൽ പണയംവച്ച് ലഭിച്ച തുക പ്രതികളുടെ ബിനാമി അക്കൗണ്ടുകളിലേക്ക് മാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്.

പ്രതികളുടെ ബന്ധുക്കളുടെയും ബിനാമികളുടെയും പേരിൽ വ്യാജരേഖകൾ തയ്യാറാക്കി സൊസൈറ്റിയിൽനിന്ന് കോടിക്കണക്കിന് രൂപ വ്യാജവായ്പയായി കൈക്കലാക്കിയതായും കണ്ടെത്തി. നിക്ഷേപകരുടെ പരാതിയെ തുടർന്ന് അരുവിക്കര പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതോടെയാണ് ദിനുചന്ദ്രനും ചിഞ്ചുവും വിദേശത്തേക്ക് കടന്ന് ഒളിവിൽ പോയത്.

കേസിലെ ഒന്നാം പ്രതിയും സൊസൈറ്റി പ്രസിഡന്റുമായിരുന്ന മോഹനകുമാർ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ തൂങ്ങി മരിച്ചിരുന്നു. തിരുവനന്തപുരം സിറ്റി ക്രൈംബ്രാഞ്ച് സെൻട്രൽ യൂനിറ്റ് നാലിലെ എസ്.പി. അശ്വതി ജിജിയുടെ മേൽനോട്ടത്തിൽ ഡിറ്റക്ടീവ് ഇൻസ്പെക്ടർ എ.കെ. ഷെറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്.

Tags:    
News Summary - Mundela Society Rs 25 Crore Fraud Case: Main Accused Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.